ആരോഗ്യസംരക്ഷണത്തിനുതകുന്ന പോഷകസമ്പുഷ്ടമായ ചെറുസസ്യമാണ് അവിലുപായൽ എന്ന അസോള. ശുദ്ധജലത്തിൽ വളരുന്ന പന്നൽ വർഗത്തിലെ ചെറു സസ്യം ഇതിൽ വളരുന്ന നീല ഹരിതപായലുകൾക്ക് നൈട്രജനെ സ്വീകരിച്ച് മണ്ണിലേക്ക് നൽകാനുള്ള കഴിവുണ്ട്.
കേരളത്തിലെ ചെറുകൃഷിയിടങ്ങളിൽ കൃഷി ചെയ്യാൻ വളരെയധികം യോജിച്ച, ജൈവകൃഷിയ്ക്ക് യോജ്യമായ പോഷകസമൃദ്ധ സസ്യമാണ് അസോള.
തെങ്ങിൻ തോട്ടത്തിൽ ഇടവിളയായോ, ടെറസിനു മുകളിലോ ഇത് കൃഷി ചെയ്യാം, നിലമൊരുക്കുകയോ, നിലവിലെ വിളകൾക്ക് തടസ്സമാവുകയോ ചെയ്യില്ല. കാർബൺ ഡൈ ഓക്സൈഡ് വളരെയധികം വലിച്ചെടുത്ത് അതിന്റെ ഇരട്ടിയോളം ഓക്സിജൻ പുറത്തുവിടുന്ന ഈ സസ്യം അന്തരീക്ഷ മലിനീകരണവും കുറയ്ക്കുന്നു. ജലാശയങ്ങളിലെ ഘനലോഹങ്ങളുടെ സാന്നിധ്യവും ഫലപ്രദമായി ഒഴിവാക്കുന്നു.
അസോള വളരുന്ന വെള്ളത്തിൽ കൊതുകുകൾ വളരില്ല. അന്തരീക്ഷ നൈട്രജനെ വൻതോതിൽ ഉപയോഗപ്പെടുത്തി ഗുണമേന്മയുള്ള മാംസ്യമാക്കി മാറ്റാൻ കഴിവുള്ള ഈ സസ്യം കൃഷി ചെയ്താൽ ഒരാഴ്ചക്കുള്ളിൽ തന്നെ വിളവെടുപ്പ് സാധ്യമാകും.
പോഷകസമ്പുഷ്ടമായ കാലിത്തീറ്റ, കോഴിത്തീറ്റ എന്നി വയായി അസോള ഉപയോഗിക്കാം. മണ്ണിര കമ്പോസ്റ്റിങ്ങിനും, മത്സ്യകൃഷിക്കും അസോള അനുയോജ്യമാണ്
വിളവെടുത്ത അസോള നന്നായി കഴുകിയതിനുശേഷം തനിതീറ്റയായോ, തവിടിൽ കലർത്തിയോ പരമാവധി 5 കി.ഗ്രാം വരെ കറവമാടുകൾക്ക് നൽകാം. ഒരേസമയം 2 കി.ഗ്രാമിൽ കൂടുതൽ നൽകരുത്. ഇത്തരത്തിൽ കറവമാടുകൾക്ക് അസോള നൽകുന്നതുവഴി പാലുത്പാദനവും ഗുണമേന്മയും കൂടും. പശുവിന്റെ ആരോഗ്യവും മെച്ചപ്പെടും.
മണ്ണിരകമ്പോസ്റ്റിൽ അസോള ചേർത്താൽ നൈട്രജന്റെ അളവ് കൂടും. മണ്ണിരയുടെ എണ്ണവും കൂടും. നെൽകൃഷിയിൽ ഞാറ് നട്ട് 10 ദിവസത്തിനുശേഷം ഹെക്ടറിന് 500 കി.ഗ്രാം എന്ന തോതിൽ അസോള വിതറണം. 20-30 ദിവസം ഇടവേളയിൽ വെള്ളം വറ്റിച്ച് അസോള മണ്ണിൽ ചവിട്ടിത്താഴ്ത്തിയാൽ ഹെക്ടറിന് 40-60 കി.ഗ്രാം നൈട്രജൻ ലഭിക്കും. അസോളയിൽ 3-6% നൈട്രജൻ, 12% ഫോസ്ഫറസ്, 4.5% പൊട്ടാസ്യം എന്നിവയുണ്ട്.
അസോള വളർത്തുന്നത് ഇങ്ങനെ
കൊല്ലം കല്ലുവാതുക്കൽ സ്വദേശിയായ ഡോ കമലാ സനൻ പിള്ളയുടെ നേതൃത്വത്തിൽ കന്യാകുമാരിയിലെ NARDEP റിസോഴ്സ് സെന്റർ അസോള കൃഷിക്കായി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ ഇപ്രകാരമാണ്. നിരപ്പായ സ്ഥലത്ത് 2.8 മീറ്റർ നീളത്തിലും 1.5 മീറ്റർ വീതിയിലും ഇഷ്ടിക ചരിച്ച് അടുക്കി അതിനുള്ളിൽ പഴയ പ്ലാസ്റ്റിക് ചാക്ക് വിരിച്ച് അതിനു മുകളിൽ സിൽപാളിൻ ഷീറ്റ് ഇടണം. ഈ ബെഡിൽ 25 ഗ്രാം അരിച്ച വളക്കൂറുള്ള മണ്ണ് വിരിക്കണം തടത്തിലെ ജലനിരപ്പ് 8 സെ.മീറ്റർ ആകത്തക്ക രീതിയിൽ ക്രമീകരിക്കണം. 12 കി.ഗ്രാം അസോള വിതയ്ക്കണം. ആഴ്ചയിലൊരിക്കൽ 10 കി.ഗ്രാം ചാണകം കമ്പോസ്റ്റ് വെള്ളത്തിൽ കലക്കി തടത്തിൽ ഒഴിക്കണം. ഇതോടൊപ്പം ച.മീറ്ററിന് 15 ഗാം ഫോസ്ഫറസ് വളം നൽകിയാൽ അസോള വിളയിക്കാം
നെൽവയലുകളിൽ അസോള കൃഷി കളനശീകരണവും സാധ്യമാക്കുന്നു.
അസോളകൃഷിയിൽ ജലലഭ്യത ഉറപ്പാക്കണം. ജലനിരപ്പ് കുറഞ്ഞത് 5 സെ.മീ എങ്കിലും ആയി നിലനിർത്തണം. ഇതിന് ദൗർലഭ്യമുണ്ടായാൽ ഏതാനും മണിക്കൂറുകൾക്കകം അസോള ഉണങ്ങിപ്പോകും. അസോളയുടെ വളർച്ചയ്ക്ക് അനുകൂലമായ താപനില 20-25 ഡിഗ്രി സെൽഷ്യസ് ആണ്. ഉയർന്ന താപനില ഇവയുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നു.
അസോളയുടെ വളർച്ച
മറ്റു ജീവജാലങ്ങളെപ്പോലെ അസോളയുടെ വളർച്ചയ്ക്കും സൂര്യപ്രകാശം അത്യന്താപേക്ഷിതമാണെങ്കിലും തീവ്രമായ തോതിൽ സൂര്യപ്രകാശം പാടില്ല.
മണ്ണിന്റെ പി.എച്ച്, ആപേക്ഷിക ആർദ്രത എന്നിവയും അസോളയുടെ വളർച്ചയെ ബാധിക്കും. ആപേക്ഷിക ആർദ്രത 60% ത്തിൽ കുറവെങ്കിൽ സസ്യം ഉണങ്ങിപ്പോകും 85-90% അഭികാമ്യം. മണ്ണിന്റെ പി.എച്ച് 5-7 ആണ് അഭികാമ്യം. കേരളത്തിൽ പ്രചാരത്തിലുള്ള 'കൈരളി' എന്ന ഇനം നേരിയ പുളിരസം ഉള്ള മണ്ണിലേക്കും യോജിച്ചതാണ്.
അസോളയ്ക്ക് ഭീഷണി
അസോളയ്ക്ക് ഭീഷണിയാകുന്ന ഒച്ച്, ചീയൽ രോഗം ഉണ്ടാകുന്ന റൈസക്ടോണിയ കുമിൾ എന്നിവയെ യഥാസമയം നിയന്ത്രിക്കണം. ഇതിന് വെർമിവാഷ്, വേപ്പെണ്ണ, ഗോമൂത്രം എന്നിവ 10:6:1 എന്ന അനുപാതത്തിൽ കലർത്തി പ്രയോഗിക്കണം. വെറും 3 ച.മീറ്റർ സ്ഥലത്തെ അസോള കൃഷിയിലൂടെ ഒരു കിലോഗ്രാം ഗുണമേന്മയുള്ള ജൈവവളം ലഭ്യമാകും. അസോള കൃഷി ചെയ്ത തടത്തിലെ 2 കിലോഗ്രാം മണ്ണ് 6 മാസം കൊണ്ട് 1 കി.ഗ്രാം എൻ.പി.കെ. മിശ്രിതത്തിന് തുല്യമായി മാറുന്ന കാഴ്ച അവിശ്വസനീയമാണ്. ഈ കുഞ്ഞുസസ്യത്തിന്റെ വമ്പൻ സാധ്യതകൾ ഇനിയും നാം പ്രയോജനപ്പെടുത്തിയേ മതിയാകൂ.