ശുദ്ധജലത്തിൽ വളരുന്ന പന്നൽ വർഗത്തിലുള്ള ഒരു ചെറു സസ്യമാണ് അസോള. ഇതിനുള്ളിൽ സഹജീവിയായി വളരുന്ന നീലഹരിതപായൽ അന്തരീക്ഷത്തിലെ നൈട്രജനെ ശേഖരിച്ച് നൈട്രജൻ സംയുക്തങ്ങളും മാംസ്യ ഘടകങ്ങളുമാക്കി മാറ്റുന്നു. ഈ സഹജീവിതമാണ് അസോളയെ ഒരു അൽഭുത സസ്യമാക്കി മാറ്റുന്നത്.
ഇത് ഒരു ജൈവ-ജീവാണു വളം എന്ന ഉപയോഗത്തിലുപരി സംപുഷ്ടമായ കാലിത്തീറ്റ, കോഴിത്തീറ്റ എന്നിവയായും ഉപയോഗിക്കാം.
അസോള കൃഷിരീതി
നിരപ്പായ സ്ഥലത്ത് 2.8 മീറ്റർ നീളത്തിലും 1.5 മീറ്റർ വീതിയിലും ഇഷ്ടിക അടുക്കി വയ്ക്കുക. ഇതിനുള്ളിൽ പഴയ പ്ലാസ്റ്റിക് ചാക്ക് വിരിച്ച് അതിനു മുകളിൽ സിൽ പോളിൻ ഷീറ്റ് ഇടണം. അരിച്ച വളക്കൂറുള്ള മണ്ണ് ഒരു പോലെ നിരത്തേണ്ടതാണ്. ബെഡ്ഡിലെ ജലനിരപ്പ് 8 സെ. മീറ്റർ ആകത്തക്ക വിധത്തിൽ ആവശ്യാനുസരണം വെള്ളം ഒഴിക്കുക.
ഇപ്രകാരം നിർമിച്ച ബെഡ്ഡിൽ 1. കി.ഗ്രാം മുതൽ 2 കി ഗ്രാം വരെ രോഗവിമുക്തമായ അസോള ഇടാം. ആഴ്‌ചയിലൊരിക്കൽ 10 കി.ഗ്രാം ചാണകം ആവശ്യത്തിനുള്ള വെള്ളത്തിൽ കലക്കി ബെഡ്ഡിൽ ഒഴിക്കേണ്ടതാണ്. ഓരോ ദിവസവും വളർച്ചയ്ക്കനുസരിച്ച് ചതുരശ്രമീറ്ററിന് 300-400 ഗ്രാം അസോള മാറ്റിയും പരിപാലിക്കേണ്ടത് ആവശ്യമാണ്.
അസോള കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ആവശ്യാനുസരണം അസോള വിത്ത് ലഭിക്കുന്നതിനായി നഴ്സറി നിലനിർത്തേണ്ടതാണ്.
മണ്ണിന്റെ PH, ഉപ്പിന്റെ അളവ്, അന്തരീഷതാപം, തുടങ്ങിയവ ശരിയായ തോതിൽ നിലനിർത്തണം.
ഫോസ്‌ഫറസ് കുറവുള്ള അവസ്ഥയിൽ ആവശ്യത്തിന് ഫോസ്‌ഫറസ് വെള്ളത്തിൽ കലക്കി നൽകേണ്ടതാണ്.
അസോളയെ നശിപ്പിക്കുന്ന ഒച്ചിനെയും, ചീയൽ രോഗത്തിന് ഹേതുവായ റൈസക്റ്റോണിയ എന്ന കുമിളിനെയും നിയന്ത്രിക്കേണ്ടതാണ്. വെർമിവാഷ്, വേപ്പെണ്ണ, ഗോമൂത്രം 10:6:1 എന്ന അനുപാതത്തിൽ കലർത്തി ഉപയോഗിക്കാം. കാലിത്തീറ്റയ്ക്ക് വളർത്തുന്ന അസോളയിൽ കീട-കുമിൾനാശിനി ഒഴിവാക്കണം