പ്രവാസിയായ അബ്‌ദുൾ അസീസും മകൻ സിയാദും ചേർന്ന് പത്ത് വർഷം മുമ്പ് എറണാകുളത്തെ പാടിവട്ടത്ത് ആരംഭിച്ച സംരംഭമാണ് അസീസിയ ഓർഗാനിക് വേൾഡ്. 65-ാം വയസ്സിൽ പല രോഗങ്ങൾക്കായി ദിവസവും 8 ഗുളികകൾ കഴിച്ചിരുന്ന അവസ്ഥയിൽ നിന്നും ജൈവ ഭക്ഷണം ശീലമാക്കിയതോടെ ഒരു ഗുളിക പോലും കഴിക്കാതെ ജീവിക്കാൻ കഴിയുന്നു എന്നതാണ് അബ്ദുൾ അസീസിന്റെ നേട്ടം. പാടിവട്ടത്ത് ജൈവോൽപ്പന്നങ്ങളുടെ വിപണനം ആരംഭിച്ചപ്പോൾ അസീസിയ ഓർഗാനിക് വേൾഡ് എന്ന പേരാണ് ഉണ്ടായിരുന്നത്.
ഓരോ ഭക്ഷ്യവസ്‌തുവിലും പോഷണങ്ങൾ നിറയണമെങ്കിൽ അവ ജൈവ രീതിയിൽ തന്നെ ഉൽപ്പാദിപ്പിക്കണം. മണ്ണിൽ നിന്നും ലഭിക്കേണ്ട സൂക്ഷ്മമൂലകങ്ങൾ ചെടികൾക്ക് ലഭ്യമാകണമെങ്കിൽ ജൈവ വളങ്ങൾ തന്നെ ഉപയോഗിക്കണം. പോഷണത്തിന് പ്രാധാന്യമേറിയതോടെ ഓർഗാനിക് ഫാമിംഗിൽ നിന്നും ന്യൂട്രീഷൻ ഫാമിംഗിലേക്കുള്ള ചുവടുമാറ്റമാണ് അസീസിയ 11-ാം വർഷത്തിൽ ലക്ഷ്യമിടുന്നത്.
തൃശ്ശൂർ ജില്ലയിലെ പഴുവിലെ അസീസിയ ഹൈടെക് ഓർഗാനിക് ഫാമിംഗ് റിസർച്ച് സെന്ററിൽ നിന്നുമാണ് ജൈവ പച്ചക്കറികൾ പാടിവട്ടത്തെത്തുന്നത്. കൺവെൻഷൻ സെൻ്റർ ഇപ്പോൾ 250 കാറുകൾ പാർക്ക് ചെയ്യാൻ പറ്റുന്ന രീതിയിൽ വിപുലീകരിച്ചിട്ടുണ്ട്. ജൈവകൃഷി രംഗത്ത് പ്രവർത്തിക്കുന്ന കർഷകരുടെയും ശാസ്ത്രജ്ഞൻമാരുടെയും കെ.വി. ദയാലിനെപ്പോലെയുള്ളവരുടെയുമൊക്കെ സംഗമഭൂമിയാണ് അസീസിയ കൺവെൻഷൻ സെന്റർ.