നിശ്ചിത ഇടയകലത്തിൽ കുറ്റിയടിച്ച് സ്ഥാനം നിർണ്ണയിച്ചശേഷം കുറ്റി നടുവിൽ വരത്തക്കവിധത്തിലാണ് കഴികൾ തയ്യാറാക്കേണ്ടത്. നമ്മുടെ മണ്ണിന്റെ ഘടന അനുസരിച്ച് കുഴികൾക്ക് 50 സെ.മീ നീളവും 50 സെ.മീ വീതിയും 50 സെ.മീ ആഴവും ഉണ്ടായിരിക്കണം. മണ്ണിളക്കം കുറവാണെങ്കിൽ അളവുകൾ അല്പം കൂടുന്നത് നന്നായിരിക്കും. കുറ്റിവിളകൾ എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടങ്കിൽ 70-80 സെ.മീ വീതിയും നീളവും ആഴവുമുള്ള കുഴികളാണ് തയ്യാറാക്കേണ്ടത്.
അല്ലാത്തപക്ഷം അടുത്ത തലമുറകളിൽ ഉണ്ടാകുന്ന കന്നുകൾ ഉപരിതല ഭാഗത്തുനിന്ന് ഉണ്ടാകാനും അവ മറിഞ്ഞു വീഴാനുമുള്ള സാധ്യതയുണ്ട്. കഴികളിൽ 10 കിലോഗ്രാം (ജൈവവളവും പഴകിപ്പൊടിഞ്ഞ കമ്പോസ്റ്റ്, പച്ചിലവളം, ചാണകപ്പൊടി) മേൽമണ്ണും ചേർത്ത മിശ്രിതം പകുതിയോ മുക്കാൽ ഭാഗം വരെയോ നിറയ്ക്കാം. മഴ സമയത്താണു നടുന്നതെങ്കിൽ ചുവട്ടിൽ വെള്ളം കെട്ടി നിൽക്കാതിരിക്കുന്നതിനായി കുഴി മുഴുവൻ നിറയ്ക്കേണ്ടതുണ്ട്. കുഴികളുടെ മദ്ധ്യഭാഗത്തായി കന്നിറക്കിവയ്ക്കാൻ പാകത്തിൽ ഒരു ചെറു കുഴിതോണ്ടി മാണം മുഴുവൻ മറയത്തക്കവിധം കന്നുകൾ നടാം, കന്നിന്റെ ചുറ്റിലും വായു നിൽക്കാത്തരീതിയിൽ മണ്ണ് ചവിട്ടിയുറപ്പിക്കാനും ശ്രദ്ധിക്കണം.
കന്നിന്റെ തട അഞ്ചു സെന്റിമീറ്ററെങ്കിലും ഉയർന്നു നിൽക്കേണ്ടതുണ്ട്. ടിഷ്യൂകൾച്ചർ വാഴത്തൈകൾ നടുമ്പോൾ കുഴികളിൽ 15 കിലോഗ്രാം ജൈവവളം ചേർക്കണം. മണ്ണിൽ അമ്ലരസമുണ്ടെങ്കിൽ വളം ചേർക്കുന്നതിനു രണ്ടാഴ്ചമുമ്പ് കുഴികളിൽ ഒരു കിലോഗ്രാം കുമ്മായം ചേർക്കേണ്ടതാണ്. കഴി മുഴുവനായി നിറച്ചശേഷം തൈനടാൻ പാകത്തിലുള്ള ഒരു ചെറുകുഴി മധ്യഭാഗത്തായി തയ്യാറക്കണം. തൈകൾ പോളിത്തീൻ കവർ കീറി മണ്ണിളകാതെയും വേരു പൊട്ടാതെയും പുറത്തെടുക്കാൻ ശ്രദ്ധിക്കണം.
പോളിത്തീൻ കവറിനു മുകളിലുണ്ടായിരുന്ന ഭാഗം മുഴുവനും മണ്ണിനു മുകളിലായിരിക്കത്തക്കവിധമാണ് തൈകൾ നടേണ്ടത്. ചുറ്റിനും മണ്ണുറപ്പിച്ചശേഷം കുറ്റിനാട്ടി തൈകൾ അതിനോട് ചേർത്തുകെട്ടിയാൽ അവ ഒടിഞ്ഞുപോകാതിരിക്കും. രണ്ടാഴ്ചക്കാലം തൈകൾക്ക് തണൽ നൽകണം.
ഈർപ്പം ലഭിക്കാനാവശ്യമായ ജലസേചനവും നൽകേണ്ടതാണ്. വെയിൽ കുറഞ്ഞ സമയം വൈകുന്നേരത്ത് തൈകൾ നടാൻ ശ്രമിക്കണം. വളർച്ചയുടെ ആദ്യഘട്ടത്തിൽ രണ്ടുമാസക്കാലത്തോളം ടിഷ്യകൾച്ചർ തൈകളുടെ വളർച്ച മന്ദഗതിയിലായിരിക്കും പിന്നീട് അവ സാധാരണ കന്നുകളെപ്പോലെ നല്ല വളർച്ച കൈവരിക്കും.