കർഷകന്റെ ആജന്മശത്രുവായ എലികളെ പിടികൂടാനും തിന്നാനും വെള്ളിമൂങ്ങയ്ക്ക് അപാരമായ വിരുതുണ്ട്. കർഷകൻറെ നിരുപദ്രവകാരിയായ ചങ്ങാതിയാണ് വെള്ളിമൂങ്ങ. പലയിടത്തും ഇത് അപൂർവമായെങ്കിലും പ്രത്യക്ഷപ്പെടുകയും വാർത്താപ്രാധാന്യം നേടുകയും ചെയ്യാറുണ്ട്.
വെള്ളിമൂങ്ങയ്ക്ക് ചില സവിശേഷതകളുണ്ട്. ഇതിന്റെ മുഖത്തിന് ഹൃദയാകൃതിയാണ്. തൂവെള്ള നിറവും. ചുറ്റും തവിട്ടുനിറത്തിലൊരു വളയമുണ്ട്. ബാക്കി ഭാഗത്തിന് തിളങ്ങുന്ന വെള്ളനിറവും. കൊക്കും കാലുകളും ബലിഷ്ഠമാണ്.
എലിയും പാറ്റയുമൊക്കെയാണ് ഇഷ്ടഭക്ഷണം. കെട്ടിടങ്ങളുടെ മോന്തായത്തിലും ഭിത്തിയിലെ സുഷിരങ്ങളിലും ഇവ കൂടുകൂട്ടുക പതിവാണ്. എലികളെ പിടികൂടാനും ശാപ്പിടാനും പൂച്ചകളേക്കാൾ വിരുതന്മാരാണ് വെള്ളിമുങ്ങകൾ. അതിനാലാണ് പണ്ടേക്കു പണ്ടേ കാരണവന്മാർ തങ്ങളുടെ കൃഷിയിടങ്ങളിൽ വെള്ളിമൂങ്ങകളെ വരുത്താനും ഇരുത്താനും പരിപാലിക്കാനും പല തന്ത്രങ്ങളും പ്രയോഗിച്ചിരുന്നത്.
വെള്ളിമൂങ്ങയെ വളർത്തിയാൽ പത്തായത്തിൽ സംഭരിച്ചിരിക്കുന്ന നെല്ല് സംരക്ഷിക്കാം എന്നയർഥത്തിൽ ഇതിന് 'പത്തായപ്പക്ഷി' എന്നും വിളിപ്പേരുണ്ട്. നെൽപ്പാടത്ത് "മടൽക്കുറ്റി' നാട്ടിക്കൊടുത്താൽ സന്ധ്യാസമയത്ത് മൂങ്ങ ഇതിൽ വന്ന് പറ്റിക്കൂടിയിരിക്കും.
പാടത്തെത്തുന്ന എലികളെ സുഗമമായി പിടിക്കുകയും ചെയ്യും. ഇത്തരത്തിൽ വെള്ളിമൂങ്ങകൾക്ക് വന്നിരിക്കാൻ പാടത്ത് നാട്ടുന്ന കുറ്റിക്ക് 'മൂങ്ങാകുറ്റി' (Owl perch) എന്നും പറയാറുണ്ട്.
കൃഷിസ്ഥലത്ത് വെള്ളിമൂങ്ങകളുടെ പ്രാധാന്യം കണ്ടറിഞ്ഞ് തമിഴ്നാട്ടിൽ മൈലാടുംതുറയിൽ എ.വി.സി കോളെജിലെ ഗവേഷകർ വെള്ളിമൂങ്ങകൾക്ക് ചെലവു കുറഞ്ഞ കൃത്രിമക്കൂട് നിർമിക്കുകയും ചെയ്‌തിട്ടുണ്ട്. എവിടുന്നെങ്കിലും പിടികൂടുന്ന വെള്ളിമൂങ്ങകളെ ഉപേക്ഷിക്കാതെ ഇത്തരം കൂടുകളിലാക്കിയാൽ ക്രമേണ അവ കൂടുമായി ഇണങ്ങുകയും കൃഷിക്കാരൻ്റെ ചങ്ങാതിയായി കൃഷിസ്ഥലത്ത് കഴിയുകയും ചെയ്യും.