ചട്ടങ്ങൾ എടുത്ത് നിരീക്ഷിക്കുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ടത് ആ പട്ടത്തിൽ റാണി ഉണ്ടോ എന്നും രണ്ടാമതായി നൂൽമുട്ട ഉണ്ടോ എന്നുമാണ്. വളരെ ശ്രദ്ധിച്ച് നോക്കിയാൽ മാത്രമേ ഒരു തേനീച്ചക്കൂട്ടിലെ റാണിയെ കണ്ടുപിടിക്കാൻ കഴിയുകയുള്ളൂ. അടകളിൽ നിന്ന് അടകളിലേക്ക് മാറുന്നത് കൊണ്ടും വേലക്കാരിയിച്ചകളുടെ
സംരക്ഷണവലയത്തിലായത് കൊണ്ടും റാണിയെ കണ്ടെത്തുക അത്ര എളുപ്പമല്ല.
റാണിയുടെ തലയിൽ റാണിമാർക്കർ ഉപയോഗിച്ച് അടയാളപ്പെടുത്തിയാൽ റാണിയെ കണ്ടുപിടിക്കാൻ എളുപ്പമാവും. "വൈറ്റ്നർ ഉപയോഗിച്ചും റാണിയെ മാർക്ക് ചെയ്യാറുണ്ട് . റാണി പെണ്ണീച്ചകളുടെയും ആണീച്ചകളുടെയും മുട്ടകളിടുമെന്നും പെണ്ണീച്ചകൾ വിരിയേണ്ട മുട്ടയിടുന്ന അറകൾ ചെറുതും ആണീച്ചകൾ വിരിയേണ്ട മുട്ടയിടുന്ന അറകൾ വലുതുമായിരിക്കുമെന്നും മുമ്പ് പറഞ്ഞിരുന്നല്ലോ.
അറകളുടെ വലുപ്പവ്യത്യാസം കണ്ട് ഇത് നമുക്ക് മനസ്സിലാക്കാം. കൂടാതെ മുട്ട വിരിഞ്ഞ് പ്യൂപ്പ സ്റ്റേജിലെത്തി സെല്ലുകളടച്ച് കഴിഞ്ഞ് ഇവയെ നോക്കിയും നമുക്കത് മനസ്സിലാക്കാം. ആണീച്ച വിരിയുന്ന അറകളുടെ മുൻഭാഗം പെണ്ണീച്ച വിരിയുന്ന അറകളേക്കാളും അടകളിൽ നിന്നും മുൻവശത്തേക്ക് അൽപ്പം തള്ളി നിൽക്കുന്ന രീതിയിലായിരിക്കും. ഈ വ്യത്യാസം നോക്കിയാണ് വിരിഞ്ഞിറങ്ങുന്ന ഈച്ച ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിയുന്നത്.
കോളനിയിൽ അനിയന്ത്രിതമായി ഈച്ചകൾ പെരുകുമ്പോൾ റാണിക്ക് ആണീച്ചകളുടെ മുട്ടയിടാനുള്ള വലിയ സെല്ലുകളും വേലക്കാരി ഈച്ചകൾ കൂടുതലായി ഉണ്ടാക്കും. കോളനി രണ്ടായി പിരിയുന്നതിന് വേണ്ടി പുതിയ റാണി വിരിഞ്ഞാൽ റാണിയുമായി ഇണചേരാൻ ആണീച്ചകൾ ആവശ്യമുള്ളത് കൊണ്ടാണ് ആണീച്ചകളുടെ മുട്ടയിടാനുള്ള സെല്ലുകൾ കൂടുതലായുണ്ടാക്കുന്നത്.
നാലു ഫ്രെയിമുകളിലും തേനീച്ചകളുള്ള കോളനിയിലെ ജൂഡ് ചേംബറിൽ അഞ്ചാമത്തെ അട കെട്ടി മുഴുവനായാൽ ആറാമത്തെ അടയും കെട്ടാൻ തുടങ്ങും അതും പൂർത്തിയായതിന് ശേഷമാണ് കൂട് പിരിക്കുന്നത് - അതായത് ഒരു കോളനിയെ രണ്ട് കോളനിയാക്കി വിഭജിക്കുന്നത് .
മൂന്നോ നാലോ അടകളുള്ള ഒരു കോളനി സ്വന്തമാക്കി ഒന്നോ രണ്ടോ മാസം പഞ്ചസാര ലായനി കൊടുത്ത് പരിപാലിച്ചാൽ ആറു ഫ്രെയിമിലും ഈച്ചകൾ നിറയും. എല്ലാ ചട്ടങ്ങളിലും അട കെട്ടി കുഞ്ഞുങ്ങൾ വിരിഞ്ഞ് കൂട് നിറഞ്ഞ് മേൽ മൂടിയിലേക്ക് കൂട്ടമായി കയറിയിരിക്കുമ്പോളാണ് കൂട് പിരിക്കേണ്ടത്.
ഇത് വളരെ ശ്രദ്ധയോടു കൂടി വിദഗ്ദ്ധമായി ചെയ്യേണ്ട കാര്യ മാണ്. സാധാരണയായി കൂടു പിരിക്കുന്നത് സെപ്റ്റംബർ മാസം മുതൽ നവംബർ മാസം വരെയാണ്. കൂട് പിരിക്കുന്നതിന് ഒരു മാസം മുമ്പ് തന്നെ ബ്രൂഡ് ചേംബറിലെ പഴയതും കറുത്തതുമായ പുഴുവടകൾ വെട്ടി ഒഴിവാക്കി പുതിയ പുഴുവടകൾ ഉണ്ടാക്കുന്നതിനുള്ള സൗകര്യം ചെയ്തു കൊടുക്കണം. കാലാവസ്ഥയുടെ മാറ്റം കൂടു പിരിക്കുന്ന കാലയളവിനും മാറ്റം വരുത്താം.
കൂട് പിരിക്കുന്ന സമയത്താണ് അതായത് ഈച്ചകളുടെ വളർച്ചാ കാലത്താണ് കോളനികൾ ആവശ്യമുള്ളവർക്ക് കർഷകരിൽ നിന്നും റാണി ഉൾപ്പടെ കൂട് ലഭിക്കുന്നത്. വളർച്ചാ കാലത്ത് പൂവും മധുവും ധാരാളം ലഭിക്കുന്നത് കൊണ്ട് ഈച്ചകൾ കൂടുതൽ വിരിഞ്ഞിറങ്ങി കൂട് നിറയും.