ബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്ന ബീറ്റാസയാനിന് ക്യാൻസറിനെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ട്. ഇതിലടങ്ങിയിരിക്കുന്ന ചില ജൈവരാസഘടകങ്ങൾ ശരീരത്തിന് ഹാനികരമായ ടോക്സിനുകളെ നീക്കം ചെയ്യും. തളർച്ച മാറുന്നതിനും രക്തസമ്മർദ്ദം കുറക്കുന്നതിനും ബീറ്റ്റൂട്ട് സ്ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
നിലമൊരുക്കലും നടീലും
സൂര്യപ്രകാശം നേരിട്ട് അടിക്കുന്ന സ്ഥലം വേണം കൃഷിക്കായി തിരഞ്ഞെടുക്കേണ്ടത്. സ്ഥലത്തെ കാടു പടലങ്ങൾ വെട്ടി തീയിട്ട് നശിപ്പിച്ച ശേഷം രണ്ട് മൂന്ന് തവണ നന്നായി ഉഴുതു മറിച്ച് കട്ടകൾ തട്ടിയുടച്ച് പരുവപ്പെടുത്തിയ പൂഴി മണ്ണിൽ നിന്ന് കല്ലുകളും കട്ടകളും മറ്റു പാഴ് വസ്തുക്കളും നീക്കം ചെയ്യുക. ആരംഭത്തിൽ വേരിനേൽക്കുന്ന നേരിയ ക്ഷതം പോലും വളർച്ചയെ പ്രതികൂലമായി ബാധിക്കും.
മൂന്ന് മീറ്റർ നീളത്തിലും 60 സെന്റീമീറ്റർ വീതിയിലുമുള്ള വാരങ്ങൾ എടുത്ത് വിത്തുകൾ പാകാം. വാരങ്ങൾ തമ്മിൽ 30 സെന്റീമീറ്റർ ഇടയകലം മതിയാകും. വാരങ്ങളുടെ രണ്ടു വശത്തും അരികിൽ നിന്ന് അരയടിവിട്ട് സെന്റീമീറ്റർ താഴ്ചയുള്ള ചാലുകൾ എടുത്ത് വിത്ത് പാകാവുന്നതാണ്. വരിയിൽ 10 സെന്റീമീറ്റർ അകലത്തിൽ വിത്തിട്ട് പൊടിമണ്ണ് മുകളിൽ തൂകുന്നത് വിത്ത് നന്നായി മുളച്ച് വരുന്നതിന് സഹായിക്കും
പരിപാലനം
തൈകൾ മുളച്ച് 10 ദിവസത്തിനു ശേഷം ചാണകപ്പൊടി കമ്പോസ്റ്റ് എന്നിവ നൽകുക. 25-ാം ദിവസം മണ്ണ് കയറ്റികൊടുക്കുന്നത്. വിളവ് വർദ്ധിപ്പിക്കാൻ സഹായിക്കും വിത്തിട്ട് ഒരു മാസത്തിനു ശേഷം ചാരം, കടലപ്പിണ്ണാക്ക്, ചാണകപ്പൊടി, സ്യൂഡോമോണസ് എന്നിവ നൽകുക. ചെടി മുളച്ച് 35 ദിവസം ആകുമ്പോൾ മുതൽ തണ്ടു തുരപ്പന്റെ പ്രശ്നം ഉണ്ടാകാതിരിക്കാൻ വേപ്പിൻകുരു പൊടിച്ച് 24 മണിക്കൂർ വെള്ളത്തിൽ ഇട്ട മിശ്രിതം 10 ഇരട്ടി വെള്ളം ചേർത്ത് മണ്ണിലൊഴിച്ചു കൊടുക്കാം.
വളങ്ങളും കീടനിയന്ത്രണികളും
തൈ നട്ട് പത്താം ദിവസം കഴിയുമ്പോൾ മുതൽ പഞ്ചഗവ്യം, അമൃതപാനി, ജീവാമൃതം ഇവയിൽ ഏതെങ്കിലുമൊന്ന് പത്ത് ദിവസത്തിലൊരിക്കൽ ഒഴിച്ചു കൊടുക്കുന്നത് വളർച്ചയ്ക്ക് നല്ലതാണ്.
ചെടികളിൽ രോഗമോ കീടമോ വരുന്നതുവരെ ജൈവകീട നിയന്ത്രണി ഉപയോഗിക്കാൻ കാത്തിരിക്കരുത്. ചെടി നട്ട് ഒരു നിശ്ചിത ദിവസത്തിലൊരിക്കൽ (അതായത് ചെടി നട്ട് ഏഴാം ദിവസം വളം നൽകുകയാണെങ്കിൽ പത്താം ദിവസം കീടനിയന്ത്രണി പ്രയോഗിക്കാം.) ഇങ്ങനെ ഇവ പത്ത് ദിവസം ഇടവിട്ട് പ്രയോഗിക്കുന്നത് രോഗകീടങ്ങൾ വരുന്നത് തടയാൻ നല്ലതാണ്.
അതിനായി വേപ്പെണ്ണ വെളുത്തുള്ളി ഇഞ്ചി മിശ്രിതം 100 മില്ലി 12 ലിറ്റർ വെള്ളത്തിൽ കലക്കി ചെടിയുടെ ഇലകളുടെ അടിയിലും മുകളിലുമായി വരത്തക്ക രീതിയിൽ തളിക്കുക. അല്ലെങ്കിൽ ഗോമൂത്രം കാന്താരി മിശ്രിതം പത്ത് മടങ്ങ് വെള്ളം ചേർത്ത് തളിക്കാം.
വിളവെടുപ്പ്
വിത്ത് പാകി 60-ാം ദിവസം വിളവെടുക്കാവുന്നതാണ്. വിളവെടുക്കുന്നതിന് മുമ്പ് നന്നായി നനക്കുന്നത് കിഴങ്ങുകൾ എളുപ്പത്തിൽ ഇളക്കിയെടുക്കാൻ സഹായിക്കും.
വിത്ത് ശേഖരണം
രണ്ടു മൂന്ന് വരികളിലെ ഏറ്റവും നല്ല ചെടികൾ വിളവെടുക്കാതെ വിത്തിനായി മാറ്റി നിർത്തുക. ഇവ പൂത്താൽ ഉണങ്ങിയ പൂങ്കുല വെട്ടിയെടുത്ത് മെതിച്ചുണക്കി സൂക്ഷിക്കാം.