കൃഷിയിൽ വേറിട്ട രീതികൾ പരീക്ഷിച്ച് വിജയംകൊയ്ത റോയ്‌മോനെ ത്തേടി സംസ്ഥാന സർക്കാരിന്റെ മികച്ച കർഷകനുള്ള പുരസ്കാരം. ഏറ്റവും മികച്ച കർഷകനുള്ള സിബി കല്ലിങ്കൽ സ്മാരക കർഷകോത്തമപുരസ്കാരമാണ് മുള്ളൻകൊല്ലി ശശിമല കവളക്കാട്ട് കെ.എ. റോയ്‌മോന് ലഭിച്ചത്. പരമ്പരാഗത കൃഷിരീതികളിൽനിന്ന് മാറിയുള്ള പരീക്ഷണങ്ങളും പുതുരീതികളുമാണ് റോയ്‌മോൻ എന്ന യുവകർഷകന്റെ വിജയക്കൂട്ട്.
ബഹുവിളക്കൃഷിയിൽ റോയ്‌മോൻ നടത്തിയ വിപ്ലവകരമായ പരീക്ഷണരീതികൾ മറ്റു കർഷകരും അനുകരിക്കാൻ തുടങ്ങിയതോടെയാണ് റോയ്‌മോൻ സ്റ്റൈൽ പ്രശസ്തമായത്. പരമ്പരാഗത കാർഷക കുടുംബാംഗമായ റോയ് ചെറുപ്പത്തിൽത്തന്നെ കൃഷിരീതികളെക്കുറിച്ചുള്ള അറിവ് സ്വായത്തമാക്കിയിരുന്നു. എന്നാൽ, പരമ്പരാഗതരീതിയിൽ നിന്ന് മാറി കൃഷിയിൽ വേറിട്ട മാർഗങ്ങൾ പരീക്ഷിക്കുന്നതിലായിരുന്നു ഈ ചെറുപ്പക്കാരന്റെ താത്പര്യം. അങ്ങനെയാണ് ബഹുവിളക്കൃഷിയുടെ സാധ്യതകൾ തേടിയത്. റബ്ബർമരങ്ങളോടൊപ്പം കാപ്പിയും കൃഷിചെയ്താണ് തന്റെ വിപ്ലവ മുന്നേറ്റം ഇപ്പോൾ നൂറുമേനി കൊയ്യുന്നത്. നീലഗിരിയിലെ തോട്ടത്തിൽനിന്ന് റോയ്‌സ് സെലക്‌ഷൻ കാപ്പി എന്ന ഇനം വികസിപ്പിച്ചെടുത്തു.
അറബിക്കാ ഇനത്തിൽനിന്നാണ് ഇവ റോയ് വികസിപ്പിച്ചെടുത്തത്. കൂടുതൽ രോഗപ്രതിരോധശേഷിയും വലുപ്പവും ഇവയ്ക്കുണ്ട്. വളരാൻ തണൽ നന്നായി ആവശ്യമുള്ള ഈ കാപ്പിച്ചെടികൾ തന്റെ റബ്ബർത്തോട്ടത്തിൽ പരീക്ഷിക്കുകയായിരുന്നു ഈ കർഷകൻ. ഫലമാകട്ടെ 100 ശതമാനം വിജയം. പത്തേക്കറോളം തോട്ടത്തിലാണ് റബ്ബറിനൊപ്പം കാപ്പിക്കൃഷിയും പുരോഗമിക്കുന്നത്.
ചോളം, കാബേജ്, കപ്പ, ഇഞ്ചി, വെള്ളരി, പടവലം, കാച്ചിൽ, കൂർക്ക, മഞ്ഞൾ, ചേമ്പ്, പുതിന തുടങ്ങിയവയുമുണ്ട്. കൂടാതെ താറാവ്, തേനീച്ച, മീൻ, കോഴി, നാടൻപശുക്കൾ, ആട്, മുയൽ എന്നിവ കൃഷി ചെയ്യുന്നു. കോവിഡ്കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10 ടൺ കപ്പ റോയ് സംഭാവന നൽകിയത് ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ഈ പ്രവൃത്തിയെ മുഖ്യമന്ത്രി പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തിരുന്നു. ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ ആഗ്രഹമുണ്ടെങ്കിലും കാര്യമായ പണം കൈയിലില്ല. അതിനാലാണ് സ്വന്തമായി കൃഷിചെയ്ത കപ്പ സംഭാവനയായി നൽകുന്നതെന്നാണ് റോയ് പറഞ്ഞത്.