ഉഷ്ണമേഖലാ രാജ്യങ്ങളിൽ വ്യാപകമായി കൃഷിചെയ്തുവരുന്ന പയർവർഗ്ഗ സസ്യമാണ് ചതുരപ്പയർ. പച്ചക്കറി വർഗ്ഗങ്ങളിൽ ഏറ്റവുമധികം മാംസ്യം അടങ്ങിയിട്ടുള്ള ആ സസ്യത്തിൽ വള്ളിപ്പയറിലുള്ളതിന്റെ എട്ട് ഇരട്ടിയും ബീൻസ്, കാരറ്റ് എന്നിവയിൽ ഉള്ളതിന്റെ മുപ്പത് ഇരട്ടിയും മാംസ്യം അടങ്ങിയിട്ടുണ്ട്. കായ്കളുടെ നാലു പാർശ്വങ്ങളിലുള്ള ചിറകുപോലുള്ള ഭാഗങ്ങളുടെ സാന്നിദ്ധ്യത്താൽ വിങ്ഡ് ബീൻ (winged bean) എന്നും ചതുരപ്പയറിനു പേരുണ്ട്.
കൂടാതെ ഇത് “മനിലാ ബീൻ' 'ഗോവ ബീൻ' എന്നീ പേരുകളിലും അിറയപ്പെടുന്നു. മൂന്നാം ലോകരാജ്യങ്ങളിലെ ജനങ്ങൾ മാംസാഹാരത്തിനു വേണ്ടി ഏറ്റവുമാശ്രയിക്കുന്ന പയർവർഗ്ഗവിളയാണ് ചതുരപ്പയർ. പോഷകസമൃദ്ധവും രോഗകീടബാധകളില്ലാത്തതുമായ ഈ സസ്യത്തിന്റെ എല്ലാ ഭാഗങ്ങളും ഭക്ഷ്യയോഗ്യമാണ് എന്നതാണ് ഇതിന്റെ സവിശേഷത.
കൃഷിരീതി
വിത്തുകൾ നട്ടാണ് പുതിയ സസ്യങ്ങളുത്പാദിപ്പിക്കുന്നതെങ്കിലും മണ്ണിനടിയിൽ രൂപപ്പെടുന്ന കിഴങ്ങ് മുളച്ചുവളർന്നും പുതിയ സസ്യങ്ങളുണ്ടാകാറുണ്ട്. നല്ലയിനം ചതുരപ്പയർ വിത്തുകൾ വേണം നടാൻ ഉപയോഗിക്കാൻ. രേവതി, കൊളംബോ, സെലക്ഷൻ 17, യു പി എസ് 122 എന്നിവ മുന്തിയ ഇനങ്ങളാണ്. ഇവയിൽ രേവതി കേരളകാർഷിക സർവ്വകലാശാലയാണു പുറത്തിറക്കിയിട്ടുള്ളത്. ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലാണ് വിത്തുകൾ പാകേണ്ടത്. തടങ്ങൾ തയ്യാറാക്കിയോ, കുഴികളുണ്ടാക്കിയോ വിത്തുകൾ നടാവുന്നതാണ്.
തടങ്ങൾ തമ്മിൽ 2 - 2.5 മീറ്റർ അകലം വേണം. തടമൊന്നിന് 5 കിലോഗ്രാം ഉണക്കച്ചാണകപ്പൊടിയോ കമ്പോസ്റ്റോ ചേർക്കണം. നന്നായിളക്കിയ ശേഷം ഒരു തടത്തിൽ 5-6 വിത്ത് പാകാം. വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്യുമ്പോൾ സെന്റ് ഒന്നിന് 100 ഗ്രാം എന്ന നിരക്കിൽ വിത്തുകൾ ഉപയോഗിക്കാം. മുളച്ചുവരുമ്പോൾ പുഷ്ടിയുള്ള 3-4 തൈകൾ നിലനിർത്തി ബാക്കി പറിച്ചു മാറ്റണം.
തൈകൾ വളരുന്നതിനനുസരിച്ച് ചാരം, മണ്ണിര കമ്പോസ്റ്റ് (സെന്റൊന്നിന് 1 കിലോഗ്രാം എന്ന തോതിൽ) പച്ചച്ചാണകലായനി, നേർപ്പിച്ച ഗോമൂത്രം എന്നിവ ചേർത്തു കൊടുക്കണം. ചാണകത്തളി, നേർപ്പിച്ച ഗോമൂത്രം ഇവ ഇലയിൽ തളിക്കുകയുമാവാം. ഏകദേശം മൂന്നു മാസം പ്രായമെത്തുമ്പോൾ ചെടികൾ പുഷ്പിച്ചുതുടങ്ങും. കായ്കൾ 15-22 സെന്റീമീറ്റർ നീളമുള്ളവയാണ്. ഇളംപച്ച നിറത്തിലായിരിക്കുമ്പോൾ തന്നെ വിളവെടുക്കേണ്ടതുണ്ട്. കടുംപച്ച നിറത്തിലായിക്കഴിഞ്ഞാൽ അവ മുഴുവനായി ത്തന്നെ കറിക്കു വേണ്ടി ഉപയോഗിക്കാൻ കഴിയില്ല. കായ്കൾ ഫ്രഷായിത്തന്നെ ഉപയോഗിക്കുന്നതാണ് ഉത്തമം. വിളവെടുത്ത് ഏറെ നേരം വച്ചിരുന്നാൽ ചതുരപ്പയർ വാടിപ്പോകും
ഔഷധമൂല്യം
ചതുരപ്പയറിലടങ്ങിയിരിക്കുന്ന ഫോളേറ്റ് ഒരാളുടെ ദൈനം ദിനാവശ്യത്തിന്റെ 16.5 ശതമാനത്തോളമാണ്. ഈ ഫോളേറ്റും വിറ്റമിൻ ബി 2 ഉം കോശവിഭജനത്തെയും ഡി എൻ എ നിർമ്മാണത്തെയും സഹായിക്കുന്നു.
ഫോളേറ്റ് അടങ്ങിയിട്ടുള്ളതിനാൽ ഗർഭിണികൾ ചതുരപ്പയർ കഴിക്കുന്നതു കുട്ടികളിൽ ന്യൂറൽ ട്യൂബിനുണ്ടാകുന്ന അപര്യാപ്തതകൾ ഒഴിവാക്കാൻ സഹായിക്കുന്നു.
ചതുരപ്പയറിൽ 18.3 മില്ലിഗ്രാം/100ഗ്രാം എന്ന തോതിലടങ്ങിയിരിക്കുന്ന വിറ്റമിൻ സി രോഗപ്രതിരോധശേഷി നല്കുകയും രക്തക്കുഴലുകളുടെ ഇലാസ്തികത നിലനിർത്തുകയും ചെയ്യുന്നു കൂടാതെ മറ്റു നിരോക്സീകാരികളുമായി ചേർന്ന് കാൻസറിനെ തടയുകയും ചെയ്യുന്നു.
ശ്രീലങ്കയിൽ ചതുരപ്പയർ വിഭവങ്ങൾ പ്രമേഹരോഗികളുടെ ഇഷ്ടാഹാരമാണ്.
ചതുരപ്പയറിന്റെ പോഷകസമൃദ്ധമായ ഇലകൾ മലേഷ്യയിലെ ജനങ്ങൾ വസൂരിക്കെതിരായ ഔഷധമായി ഉപയോഗിക്കുന്നു.
ചതുരപ്പയർ ഒരു സ്ലിമ്മിങ് ഡയറ്റ് (അമിതവണ്ണം കുറയ്ക്കുന്ന ഭക്ഷ്യവസ്തു) ആയി ഉപയോഗിക്കുന്നു.
ഇലകൾ, പൂവുകൾ, കായ്കൾ, വിത്തുകൾ, കിഴങ്ങ്, തുടങ്ങി ചതുരപ്പയറിന്റെ എല്ലാ ഭാഗങ്ങളും ഭക്ഷ്യയോഗ്യമാണ്.