പുലർച്ചെ നാലരയെഴുന്നേറ്റ് മൂന്ന് പശുക്കളെ കറന്നാണ് മുതലമട പാറയ്ക്കൽ ചള്ള എ. അരുൺകുമാറിന്റെ ദിവസം ആരംഭിക്കുന്നത്. കറന്നപാൽ നാവിളിൻതോട്ടിലെ സംഭരണ കേന്ദ്രത്തിലെത്തിച്ച് ആറുമണിക്ക് ട്യുഷനായി അഞ്ച് കിലോമീറ്റർ അകലെയുള്ള നണ്ടൻകിമായയിലേക്ക് പുറപ്പെടും.
കൃഷിപാഠവും സ്കൂൾ പഠനവും സമാസമം ചേർത്താണ് ഈ പ്ലസ് ടു വിദ്യാർഥി തന്റെ ലക്ഷ്യത്തിലേക്ക് സൈക്കിൾ ഓടിക്കുന്നത്. പഠിച്ച് വെറ്ററിനറി ഡോക്ടറാകാനും 50 പശുകളുള്ള ഒരു ഗോശാല നടത്താനുമാണ് അരുണിന്റെ ഈ ഓട്ടം, വെറ്ററിനറി ഡോക്ടറാകാൻ ബയോളജി സയൻസ് വിഷയമാണ് പ്ലസ് ടൂവിന് എടുത്തിരിക്കുന്നത്. സംസ്ഥാനത്തെ ഹയർസെക്കൻഡറി സ്കൂൾ തലത്തിലെ മികച്ച കർഷകപ്രതിഭയായി കൃഷിവകുപ്പ് എ. അരുണിനെ തിരഞ്ഞെടുക്കാൻ ഇനിയും കാരണങ്ങളേറെയുണ്ട്.
കാർഷിക കുടുംബത്തിൽ പിറന്നതിനാൽ കൃഷി രക്തത്തിലലിഞ്ഞു ചേർന്നലെതാണെന്ന് വെറുതെ പറയുന്ന രീതി മുതൽ വീട്ടുകാരെ കൃഷിയിൽ സഹായിച്ചു തുടങ്ങിയെങ്കിലും കോവിഡ് കാലമാണ് തന്നിലെ കർഷകനെ ഉണർത്തിയതെന്ന് അരുൺ പറയുന്നു. തനിക്കായി അച്ഛൻ വാങ്ങിനൽകിയ മൂന്ന് പശുക്കൾ ഇപ്പോൾ ഏഴാക്കി. ജൈവവളത്തിനായി പാലക്കാടിന്റെ തനത് അനങ്ങൻമല പശു രണ്ടെണ്ണം വേറെയുമുണ്ട്.
നെല്ല്, വഴുതന, ചേന, വാഴ, ചെണ്ടുമല്ലി തുടങ്ങിയ കൃഷി സ്വന്തമായി ചെയ്യുന്നുണ്ട്. ഈ വർഷം മാത്രം 800 കിലോഗ്രാം വാഴയ്ക്ക 300 കിലോഗ്രാം പച്ചക്കറി, 100 കിലോഗ്രാം ചേന, 30 കിലോഗ്രാം മഞ്ഞൾ, 30 കിലോഗ്രാം ചെണ്ടുമല്ലി എന്നിവ വിപണനം നടത്തി. 10 മുയൽ, 12 ആട്, പ്രാവ്, താറാവ്, കോഴി എന്നിവയെയും പരിപാലിക്കുന്നുണ്ട്.
കൃഷി എക്സ്പോകളിലും കർഷക സെമിനുറുകളിലും പങ്കെടുത്ത് പുത്തൻ അറിവുകൾ നേടാൻ ശ്രമിക്കാറുണ്ട്. ആനുകാലികങ്ങളിലും യൂട്യൂബിലും നോക്കി കൃഷിയിലെ പുതിയ രീതികൾ പഠിക്കും. സംശയനിവാരണത്തിന് കൃഷിവകുപ്പ് ഉദ്യോഗസ്ഥരെ ക്കൂടാതെ അച്ഛൻ അയ്യാസ്വാമിയെയും അമ്മ രാജാമണിയെയും ആശ്രയിക്കും. കൃഷിയ്ക്ക് സഹായിക്കാൻ സരോജിനി എന്ന അയൽവാസിയുണ്ട്. മുതലമട ഗവ. ഹയർസെക്കൻഡറിസ്കൂളിൽ 10-ാം ക്ലാസിൽ പഠിക്കുന്ന സഹോദരി ധരണിയും സഹായഹസ്തവുമായി അരുണിന് കൂട്ടുണ്ട്.