ഈ മാമ്പഴക്കാലം കഴിഞ്ഞാൽ ഉടൻ തന്നെ അടുത്ത സീസണിലേക്ക് മാവിനെ ഒരുക്കാൻ തുടങ്ങണം.
ഏറ്റവും പ്രധാനം മാവിന്റെ കൊമ്പ് കോതൽ (prunning )ആണ്. കേട് വന്നത്, പ്രായം ചെന്നത്, ദുർബ്ബലമായത്, മാവിന്റെ ഉൾഭാഗത്തേയ്ക്ക് വളരുന്നത് തുടങ്ങിയവ എല്ലാ ചില്ലകളും നീക്കം ചെയ്യണം. മാവിന്റെ എല്ലാ ചില്ലകളിലും നന്നായി സൂര്യപ്രകാശം വീഴണം, വായുസഞ്ചാരം എത്തണം.കവരങ്ങളിൽ ബോർഡൊ മിശ്രിതം പുരട്ടണം. തറയിൽ വീണ് കിടക്കുന്ന രോഗം ബാധിച്ച എല്ലാ കായ്കളും ഇലകളും പെറുക്കി കത്തിയ്ക്കുകയോ ആഴത്തിൽ കുഴിച്ചിടുകയോ ചെയ്യണം.
ഇത്തരത്തിൽ ഒന്നും ചെയ്യാതെ,സൂര്യപ്രകാശവും വായുസഞ്ചാരവും വേണ്ട രീതിയിൽ കടന്ന് ചെല്ലാത്ത മാവുകളിൽ ഇപ്പോൾ കൂടുതലായി കാണുന്ന കീടമാണ് മാവില കൂടുകെട്ടിപ്പുഴു അഥവാ Mango Leaf Webber. Orthaga euadrusalis എന്ന് ശാസ്ത്രീയ നാമം. ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലമാണ് കക്ഷിയുടെ വിളയാട്ടം.
അമ്മ ശലഭം ഇലകളിൽ മുട്ടയിടുന്നു. അത് വിരിഞ്ഞ് പച്ച നിറത്തിൽ കറുപ്പും വെളുപ്പും വരകൾ ഉള്ള പുഴു പുറത്ത് വരുന്നു. മാവിന്റെ പുതിയ ഇലകളും പഴയ ഇലകളും കരണ്ട് തിന്നുന്നു. അങ്ങനെ ഇലകളും തണ്ടുകളും അകാലചരമമടയുന്നു. അവയെല്ലാം കൂടി ഒരു തരം സിൽക്ക് നൂല് കൊണ്ട് കൂട്ടിക്കെട്ടി അതിനകത്ത് സുഖവാസം.
തീറ്റകഴിഞ്ഞ് അഞ്ചാമത്തെ പടം പൊഴിക്കലും (moulting ) കഴിഞ്ഞ് നൂല് വഴി മണ്ണിലേക്ക് തൂങ്ങിയിറങ്ങി, ഇളക്കമുള്ള മണ്ണിൽ ഞ്ഞൂന്നുകയറി സമാധിയിരുന്ന്, പൂർണ വളർച്ചയെത്തിയ ശലഭമായി പുറത്ത് വരുന്നു.
അങ്ങനെ മാവിനെ ഇഞ്ചിഞ്ചായി ബലഹീനമാക്കുന്നു. പുതിയ ശിഖരങ്ങളിൽ പൂവും കായും ഉണ്ടാകുന്നതിനെ തടയുന്നു. ഒരിക്കൽ മാവിൽ വന്ന് കൂടിയാൽ പിന്നെ കുടിയൊഴിക്കാൻ പറ്റാതെ കർഷകൻ വലയുന്നു.
എങ്ങനെ നിയന്ത്രിക്കണം ?
നേരത്തേ പറഞ്ഞല്ലോ, മാവ് ഓരോ കൊല്ലവും നിയന്ത്രിത കൊമ്പ് കോതലിന് (Controlled prunning )വിധേയമാക്കണം. എല്ലാ ചില്ലകളിലും സൂര്യപ്രകാശം തട്ടണം.
തോട്ടി /ഫോർക് പിടിപ്പിച്ച കമ്പുകൾ കൊണ്ട് മാവിൽ ഉള്ള കൂടുകൾ (leaf Webbings ) എല്ലാം വലിച്ച് താഴെയിട്ട് അവ കത്തിക്കണം. അതിനകത്ത് പുഴുക്കളെ കാണാം.
മണ്ണിൽ ആണ് സമാധികാലം എന്നത് കൊണ്ട് മണ്ണ് കൊത്തിയിളക്കി വേപ്പിൻ പിണ്ണാക്ക് പൊടിച്ച് ചേർക്കണം.
Beauveria 20ഗ്രാം /L കലക്കി കൂടുകളിലും മണ്ണിലും തളിക്കണം.
ഇതിനെ നിയന്ത്രിക്കാൻ മാവിൽ തളിക്കുന്നതിനു വളരെ ഫലപ്രദമായ മരുന്നുകൾ ലഭ്യമാണ്. അറിയേണ്ടവർ 94967 69074ൽ വാട്സ്ആപ്പ് ചെയ്യുക.
കൂട്കെട്ടിപ്പുഴു ഒരു ചെറിയ കീടമല്ല എന്ന് മാവ് കർഷകർ അറിയുക.
പ്രമോദ് മാധവൻ