വ്യാപകമായി കൃഷി ചെയ്യുന്ന കടും ചുവപ്പുനിറമുള്ള മുളകാണ് "ഭിവാപുരി മിർച്ചി" എന്ന ഭിവാപൂർ മുളക്. മുളകുപൊടി വളരെ കുറച്ച് ഉപയോഗിച്ചാൽ തന്നെ നല്ല നിറവും എരിവും കറികൾക്ക് കിട്ടുന്നു. എന്നാൽ അമ്ലത്വം ഉണ്ടാക്കുന്നതുമില്ല. വൈറ്റമിൻ സമ്പുഷ്ടമാണ് ഭിവാപൂർ മുളക്. വൈറ്റമിൻ എ, ബി, സി, ബി6 എന്നിവയ്ക്കു പുറമെ ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം, മോളിബ്‌ഡിനം എന്നിവയും ഈ മുളകിൽ അടങ്ങിയിരിക്കുന്നു.
ഭിവാപൂർ മുളകിൻ്റെ കൃഷിക്കും വിളവെടുപ്പിനും കൂടി ഉദ്ദേശം ഒൻപത് മാസം വേണ്ടി വരും. ജൂലൈ മാസത്തോടെ മുളക് വിത്ത് പ്രത്യേകം തയാർ ചെയ്‌ത മൺതടങ്ങളിൽ പാകാൻ തുടങ്ങുന്നു. വിത്ത് പാകി ഒരു മാസം കഴിയുമ്പോഴേക്കും ആറിഞ്ച് പൊക്കത്തിൽ മുളക് തൈകൾ വളർന്നു വരുന്നു. ചാണകവും മറ്റു വളങ്ങളുമിട്ട് തയ്യാറാക്കിയ കൃഷിയിടങ്ങളിലേക്ക് അവ പറിച്ചു നടുന്നു. പൊട്ടാഷ്, സിങ്ക്, പൊട്ടാഷ് സൊലുബിലൈസിങ് ബാക്റ്റീരിയ (പി എസ് ബി), അസറ്റോബാക്റ്റർ, റൈസോബിയം എന്നിവ ആവശ്യാനുസരണം മണ്ണിൽ ചേർത്തു കൊടുക്കും.
മൂന്ന് മാസം കഴിയുമ്പോൾ മുളക് പൂക്കാനും കായ്ക്കാനും തുടങ്ങുന്നു. കായ്കൾ പഴുത്ത് പാകമാകുമ്പോൾ ചുവപ്പ് നിറം കൈവരുന്നു. എന്നാൽ മുളക് കൂടുതൽ പഴുക്കാനായി കർഷകർ അവയെ ചെടികളിൽ തന്നെ നിർത്തുന്നു. പഴുത്ത് ഉണങ്ങി തുടങ്ങുമ്പോൾ അവ വിളവെടുക്കുന്നു. ഇങ്ങനെ പ ഴുത്ത് ഉണങ്ങിത്തുടങ്ങിയ മുളക് പറിച്ചെടുക്കുന്നതിനെ കർഷകർ 'തോട' എന്നാണ് പ്രാദേശിക ഭാഷയിൽ പറയുന്നത്. തുടർന്ന് അവ നല്ല വെയില് കൊള്ളിച്ച് ഉണക്കിയെടുക്കുന്നു.
വിതയ്ക്കൽ മുതൽ വിളവെടുപ്പ് വരെ യാതൊരു യന്ത്രസഹായവും കൂടാതെയാണ് ചെയ്യുന്നത്. ഭിവാപുരിലെ സവിശേഷമായ ഭൂമിശാസ്ത്ര-കാലാവസ്ഥ ഘടകങ്ങളാണ് ഭിവാപുരി മുളകിൻ്റെ സവിശേഷതയ്ക്കു നിദാനം. ഈർപ്പം നിലനിർത്തുന്നതും ഏറെ സൂക്ഷ്‌മ പോഷകമൂലകങ്ങൾ അടങ്ങിയിട്ടുള്ളതുമായ മണ്ണ്, മണ്ണിൽ ഉയർന്ന തോതിൽ ഇരുമ്പ്, ചെമ്പ്, മാംഗനീസ് എന്നിവയുടെ സാന്നിധ്യം, മൺസൂണിലെ സമൃദ്ധമായ മഴയും ഉഷ്‌ണകാലത്തെ ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥ ഇവയൊക്കെ ഒത്തുചേർന്ന് ഭിവാപുരി മുളകിന് സവിശേഷ ഗുണമേന്മ പ്രദാനം ചെയ്യുന്നു.