പാവൽ പോഷകഗുണത്തിലും ഔഷധഗുണത്തിലും കേമൻ ആണ്. കാൽസ്യം, ജീവകം എ, ബി, സി, ഇരുമ്പ്, മറ്റു ധാതുലവണങ്ങൾ എന്നിവ അടങ്ങിയിരി ക്കുന്നു. പ്രമേഹം ശമിപ്പിക്കാൻ ശേഷിയുള്ള ക്രിയാറ്റിന്റെ സമ്പുഷ്ടം ആണ് പാവയ്ക്ക, അർശസ്സ്, ആസ്തമ, വിളർച്ച തുടങ്ങിയ രോഗങ്ങൾക്ക് ഉത്തമ ഔഷധം.
നിലമൊരുക്കലും നടീലും
നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്തുവേണം കൃഷി ചെയ്യുവാൻ. രണ്ട് മൂന്നു തവണ നന്നായി ഉഴുതു മറിച്ച് കട്ടകൾ തട്ടിയുടച്ചുനിരപ്പാക്കിയതിൽ വരികൾ തമ്മിൽ 2 മീറ്റർ അകലം നൽകി വേണം കുഴി എടുക്കാൻ. കഴി ഏകദേശം 60 സെ.മീ വ്യാസവും 45 സെ.മീ ആഴവും ഉണ്ടായിരിക്കണം. ഉണക്കി പൊടിച്ച കാലിവളമോ അഴുകി പൊടിഞ്ഞ കമ്പോസ്റ്റോ കുഴികളിൽ മണ്ണുമായി ചേർത്തിളക്കിയ ശേഷം 2,3 വിത്തുകൾ നടാവുന്നതാണ്. 4 ഇലകൾ പാകമായാൽ ആരോഗ്യമുള്ള ഒരു ചെടി നിറുത്തിയ ശേഷം മറ്റുള്ളവ പിഴുതു കളയണം.
പരിപാലനം
മുളച്ച് രണ്ടാഴ്ച്ച കഴിഞ്ഞ് ആരോഗ്യമുള്ള 2-3 തൈകൾ നിർത്തി ബാക്കിയുള്ളവ ഒഴിവാക്കുക. ചെടികൾ വള്ളിവീശുമ്പോൾ താങ്ങു നൽകണം. തുടർന്ന് പന്തലിടണം. പന്തലിൽ കയറ്റി വിടുമ്പോൾ ആരോഗ്യമുള്ള പ്രധാന ശാഖകൾ മാത്രം പന്തലിൽ കയറ്റി വിടുക, ബാക്കിയുള്ളവ ഒഴിവാക്കുക. പന്തലിൽ പാവൽ എത്തുമ്പോൾ പുതിയ നാമ്പ് ഒടിച്ചു വിടുക ഇതു വേഗത്തിൽ കൂടുതൽ ശിഖരങ്ങൾ ഉണ്ടാവാൻ സഹായിക്കും. അതിലൂടെ പാവൽ വള്ളി കൂടുതൽ പന്തലിൽ നിക്കും. അതിനാൽ കായ് ഫലം കൂടുതൽ ലഭിക്കും. നിലം ഒരുക്കുമ്പോൾ തന്നെ അതിൽ കട്ടയും മറ്റും ഉണ്ടെങ്കിൽ അത് നീക്കം ചെയ്യുക.
വളങ്ങളും കീടനിയന്ത്രണികളും
തൈ നട്ട് പത്ത് ദിവസം കഴിയുമ്പോൾ മുതൽ പഞ്ചഗവ്യം, അമൃതപാനി, ജീവാമൃതം ഇവയിൽ ഏതെങ്കിലുമൊന്ന് പത്ത് ദിവസത്തിലൊരിക്കൽ ഒഴിച്ചു കൊടുക്കുന്നത് വളർച്ചയ്ക്ക് നല്ലതാണ്.
ചെടികളിൽ രോഗമോ കീടമോ വരുന്നതുവരെ ജൈവകീട നിയന്ത്രണി ഉപയോഗിക്കാൻ കാത്തിരിക്കരുത്. ചെടി നട്ട് ഒരു നിശ്ചിത ദിവസത്തിലൊരിക്കൽ അതായത് ചെടി നട്ട് ഏഴാം ദിവസം വളം നൽകുകയാണെങ്കിൽ പത്താം ദിവസം കീടനിയന്ത്രണി പ്രയോഗിക്കാം. ഇങ്ങനെ ഇവ പത്ത് ദിവസം ഇടവിട്ട് ഉപയോഗിക്കുന്നത് രോഗകീടങ്ങൾ വരുന്നത് തടയാൻ നല്ലതാണ്.
അതിനായി വേപ്പെണ്ണ വെളുത്തുള്ളി ഇഞ്ചി മിശ്രിതം 100 മില്ലി 1 ലിറ്റർ വളത്തിൽ കലക്കി ചെടിയുടെ ഇലകളുടെ അടിയിലും മുകളിലുമായി വരത്തക്ക രീതിയിൽ തളിക്കുക. അല്ലെങ്കിൽ ഗോമൂത്രം കാന്താരി മിശ്രിതം പത്ത് മടങ്ങ് വെള്ളം ചേർത്ത് തളിക്കാം.
വിളവെടുപ്പ്
പാകിയ വിത്തിന്റെ ഇനം, കൃഷി ചെയ്തിരിക്കുന്ന രീതി, കാലാവസ്ഥ ഇവയെല്ലാം അനുസരിച്ചായിരിക്കും വിളവ് ലഭിക്കുന്നത്. എന്നാലും 55, 60 ദിവസത്തിനുള്ളിൽ ആദ്യ വിളവെടുപ്പ് നടത്തണം. 5.3 ദിവസത്തിനുള്ളിൽ വിളഞ്ഞ കായ്കൾ ശേഖരിച്ചുകൊണ്ടിരിക്കണം. കായ്കൾ പറിച്ചെടുക്കാൻ താമസിച്ചാൽ പെൺപൂക്കളുടെ ഉത്പാദനം കുറയുകയും ഇതു വിളവ് വളരെ കുറയാൻ ഇടയാക്കുകയും ചെയ്യും.
വിത്തുശേഖരണം
രോഗകീടബാധ ഒട്ടും തന്നെ ഇല്ലാത്തതും ചെടികളിൽ രണ്ടാമതായി വിളവെടുപ്പു കഴിഞ്ഞ ശേഷം ഉള്ള കായ്കളെ കൊണ്ടു വച്ച് ചെടിയിൽ തന്നെ നിർത്തി മൂപ്പെത്തി പഴുക്കാൻ അനുവദിക്കുക. മുഴുവനായി മഞ്ഞനിറം വ്യാപിചു കഴിഞ്ഞാൽ നെടുകെ പിളരും. ഈ സമയം കായ്കൾ അടർത്തി വിത്ത് പുറത്തെടുത്ത് മാംസളമായ ഭാഗം കഴുകി വൃത്തിയാക്കിയശേഷം വിത്ത് ശേഖരിക്കുവുന്നതാണ്. ഇങ്ങനെ ശേഖരിച്ച് വിത്തുകൾ 34 ദിവസം സൂര്യപ്രകാശത്തിൽ ഉണക്കി എടുത്തശേഷം നടാവുന്നതാണ്.