കാട്ടുപന്നികളുടെ ആക്രമണത്തിൽ നിന്നു വിളകളെ രക്ഷിക്കാൻ കരിമഞ്ഞൾ വേലി ഫലപ്രദം. കരിമഞ്ഞളിൻ്റെ കർപ്പൂരത്തിനു സമാനമായ ഗന്ധമാണു പന്നികളെ കൃഷിയിടങ്ങളിൽ നിന്ന് അകറ്റുന്നത്. വയനാട്ടിലെ കർഷകരാണ് ഇത് ആദ്യം കണ്ടെത്തിയത്. പ്രതിരോധത്തോടൊപ്പം കരിമഞ്ഞൾ കൃഷി വരുമാന മാർഗവുമാണ്.
കാട്ടുപന്നി ശല്യമുള്ള കൃഷിയിടത്തിനു ചുറ്റും ഒരു മീറ്റർ അകലത്തിൽ കരിമഞ്ഞളിൻ്റെ വിത്ത് കുഴിച്ചിട്ടാണു വേലി നിർമിക്കേണ്ടത്. ഒരു സെൻ്റിന് ഒരു കിലോ മഞ്ഞൾ വേണ്ടി വരും. മഴക്കാലത്തിനു തൊട്ടുമുമ്പു വിത്തിടണം. കാട്ടുമഞ്ഞളായതിനാൽ പ്രത്യേക വളമൊന്നും ആവശ്യമില്ല. പച്ചക്കറി കൃഷിയിൽ പ്രാണികളുടെ ശല്യം കുറയാനും എലി ശല്യം ഒഴിവാക്കാനുമൊക്കെ ഇത് നല്ലതാണ്. വിത്ത് വയനാടൻ മേഖലയിൽ ലഭ്യമാണ്.
കരിമഞ്ഞൾ ആയുർവേദ മരുന്നായതിനാൽ വിപണിക്കും പ്രിയം. കരിമഞ്ഞൾ വേലി സംബന്ധിച്ചു വയനാട്ടിലെ കർഷകരിൽ നിന്ന് ഏറെ പഠിച്ച പത്തനംതിട്ട മല്ലപ്പള്ളി ആനിക്കാട് വടക്കേടത്ത് ഐസക്ക് തോമസ് പുതുതായി കൃഷിയിലേക്കു വരുന്നവർക്കു കൃത്യമായ നിർദേശങ്ങൾ നൽകുന്നുണ്ട്.
ചെറുനാരങ്ങയുടെ തൈകൾ നട്ട് കാട്ടാനകളിൽ നിന്നു കൃഷിയിടം സംരക്ഷിക്കാമെന്നും ഐസക്ക് തോമസ് പറഞ്ഞു. കൃഷിയിടങ്ങളുടെ അതിരുകളിൽ തേനീച്ച കൂടുകൾ സ്ഥാപിച്ചും ആനയെ ഓടിക്കാനാകും. ഉണക്കി പൊടിച്ചു നൽകിയാൽ കിലോയ്ക്ക് 2000 രൂപ വരെ വില കിട്ടും.
Phone - 8078153963