താങ്ങുകാലുകൾ തയ്യാറാക്കുമ്പോൾ കുരുമുളകു നടുന്നതിന് ഒരു വർഷം മുമ്പു തന്നെ താങ്ങുകാലുകൾ തയ്യാറായിരിക്കണം. താങ്ങുകാലുകൾ ആയി ഉപയോഗിക്കുന്നത് കരയം, മട്ടി, ശീമക്കൊന്ന, പ്ലാവ്, തെങ്ങ്, കമുക്, മറ്റ് ഫലവൃക്ഷങ്ങൾ, സിൽവർ ഓക്ക് (വയനാട് ഭാഗങ്ങളിൽ).
കുരുമുളകിന്റെ പറ്റു വേരുകൾക്ക് ഒട്ടി പിടിക്കുന്നതിനായി പരുപരുത്തതും തൊലിയുള്ള മരവും ആയിരിക്കണം. വേഗത്തിൽ വളർന്ന് ഉയരം വെക്കണം. ഇടക്കിടെ കൊമ്പുമുറിക്കുന്നതു കൊണ്ട് ദോഷം പറ്റാത്തവയായിരിക്കണം. രോഗകീട പ്രതിരോധ ശക്തിയുള്ളവയും. പ്രതികൂല സാഹചര്യത്തെ ചെറുത്തു നിൽക്കാനുള്ള കഴിവുള്ളതും തായ്‌വേരുപടലം ഉള്ളതുമായ താങ്ങുകാലുകളാണ് നല്ലത്. താങ്ങുമരങ്ങളുടെ ഉയരം ക്രമീകരിക്കുന്നത് വിളവെടുപ്പിന് സഹായകരമാകും.
താങ്ങുകാലുകൾ നടുമ്പോൾ കുംഭമാസത്തിൽ മുറിച്ചെടുത്ത് തണലിൽ മുളക്കാൻ വെക്കണം. 20-25 സെ.മീ വണ്ണമുള്ള കാലുകൾ മുറിച്ചെടുത്ത് 10-15 ദിവസം തണലത്ത് കിടത്തി വെച്ച് അതിനു ശേഷം തണലത്ത് ചെരിച്ച് വെക്കണം. ഏപ്രിൽ-മെയ് മാസങ്ങളിലെ ആദ്യ മഴയ്ക്ക് താങ്ങുകാലുകൾ നടാം. താങ്ങുകാലിന്റെ ചുവടുവണ്ണത്തിൽ പാര കൊണ്ട് 30-40 സെ.മീ ആഴത്തിൽ കുഴിയുണ്ടാക്കി താങ്ങുകാൽ വെക്കാം.