കുരുമുളകിലെ ഏറ്റവും പ്രധാനപ്പെട്ട രോഗമാണ് ദ്രുതവാട്ടം. ഏറ്റവും കൂടുതൽ കുരുമുളക് വള്ളികൾ നശിച്ചുപോകുന്നത് ദ്രുതവാട്ടം മൂലമാണ്. 1902ലാണ് ഈ രോഗം ആദ്യമായി ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഫൈറ്റോഫ്തോറ കാപ്‌സിസി എന്ന ഒരിനം കുമിളാണ് ഈ രോഗത്തിൻ്റെ പ്രധാന രോഗഹേതു.
രോഗനിയന്ത്രണ മാർഗ്ഗങ്ങൾ
മഴക്കാലം തുടങ്ങുന്നതിനു മുമ്പ് ലഭിക്കുന്ന മഴയിൽ മണ്ണ് കുതിർന്നാൽ ഉടൻ തന്നെ കൊടികൾക്കു ചുറ്റും ആഴം കുറഞ്ഞ തടങ്ങൾ ഉണ്ടാക്കി ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം 5-10 ലിറ്റർ ഒരു കൊടിക്ക് എന്ന തോതിൽ ഒഴിച്ച് മണ്ണ് കുതിർക്കുക. കോപ്പർ ഓക്‌സി ക്ലോറൈഡ് 2 ഗ്രാം 1 ലിറ്റർ എന്ന തോതിൽ തയ്യാറാക്കി മണ്ണിൽ ഒഴിക്കാവുന്നതാണ്.
ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം ഇലകളിലും തണ്ടുകളിലും കാലവർഷാംരംഭത്തിനു മുമ്പും രോഗം മൂർച്ഛിക്കുന്ന അവസരത്തിലും തുലാവർഷത്തിനു മുമ്പും കൊടികളിൽ തളിക്കുക.
കേടു ബാധിച്ച സസ്യഭാഗങ്ങൾ പൂർണമായും നശിപ്പിച്ചു കളയുക!
രോഗം ബാധിച്ച് പൂർണമായും നശിച്ച വള്ളികൾ വേരോടെ പിഴുത് കത്തിച്ചു കളയുക.
പയർ ആവരണ വിളയായി നടുകയാണെങ്കിൽ മണ്ണിലുള്ള കുമിളിന്റെ വിത്തുകൾ ഇലകളിലും തണ്ടിലും പതിക്കുന്നത് കുറയ്ക്കാൻ സാധിക്കും.
മണ്ണിൽ പടരാൻ തുടങ്ങുന്ന ചെന്തലകൾ മുറിച്ചു മാറ്റുകയോ പിടിച്ചുകെട്ടുകയോ ചെയ്യുക.
കാലവർഷം ആരംഭിക്കുന്നതിന് മുമ്പ് 1 കിലോ കുമ്മായം തടത്തിൽ ചോർത്തു കൊടുത്ത് ഒരാഴ്‌ചയ്ക്കു ശേഷം 2 കിലോ വേപ്പിൻ പിണ്ണാക്ക് ഇട്ടു കൊടുക്കുക.
സ്യൂഡോമോണസ് ഫ്ളൂറെസൻസ് കൾച്ചർ 2% വീര്യത്തിൽ തടങ്ങളിൽ പത്തുദിവസം ഇടവിട്ട് ഒഴിച്ച് തടം കുതിർക്കുന്നത് രോഗം വ്യാപിക്കുന്നത് തടയും.
ട്രൈക്കോഡെർമ്മ -1 കിലോ, ചാണകപ്പൊടി 100 കിലോ, വേപ്പിൻ പിണ്ണാക്ക് (ഉപ്പില്ലാത്തത്) 10 കിലോ എന്നിവ നന്നായി യോജിപ്പിച്ചതിനു ശേഷം തണലിൽ കൂട്ടിയതിനു ശേഷം അവ ചണച്ചാക്കുപയോഗിച്ച് മൂടി വെക്കുക. ദിവസവും ചെറിയ നനവ് കൊടുക്കുക. അഞ്ച് ദിവസം കൂടുമ്പോൾ ഒരു തവണ മിശ്രിതം നന്നായി ഇളക്കി യോജിപ്പിക്കുക. അങ്ങനെ 15 ദിവസം കഴിഞ്ഞ് ട്രൈക്കോഡർമ്മ കൾച്ചറായി ഉപയോഗിക്കാം. ഇതിൽ പച്ച നിറത്തിലുള്ള കുമിൾ നന്നായി വളർന്നിട്ടുണ്ടാകും. ഇത് 5 കിലോ കൊടി ഒന്നിന് എന്ന തോതിൽ ജൂൺ-ജൂലൈ മാസങ്ങളിൽ മഴ ലഭിക്കുന്നതിനനുസരിച്ച് മണ്ണിൽ ചേർത്ത് കൊടുക്കാവുന്നതാണ്. സ്യൂഡോമോണസ് പ്രയോഗം കഴിഞ്ഞ് രണ്ടാഴ്‌ച കഴിഞ്ഞ് മാത്രമേ ട്രൈക്കോഡെർമ്മ ചേർത്ത വളം ചേർക്കാവൂ. ഇവ ദ്രുതവാട്ടത്തിനെതിരെ പ്രതിരോധിക്കുന്നു.