Updated on: 30 April, 2021 9:21 PM IST

ബോര്‍ഡോ മിശ്രിതത്തിന്റെ കഥ

തയ്യാറാക്കിയത് -ശിവകുമാര്‍.ടി, കൃഷി വിജ്ഞാന കേന്ദ്രം,ആലപ്പുഴ ,ഫോണ്‍-0479-2959268

വിളകള്‍ക്കുണ്ടാകുന്ന വിവിധ രോഗങ്ങള്‍ക്കെതിരെ വളരെ വര്‍ഷങ്ങളായി കര്‍ഷകര്‍ ഉപയോഗിച്ചുവരുന്ന ഫലപ്രദമായ കുമിള്‍ നാശിനിയാണ് ബോര്‍ഡോ മിശ്രിതം. തെങ്ങിലെ ഓലചീയല്‍,കൂമ്പുചീയല്‍,ചെന്നീരൊലിപ്പ് തുടങ്ങിയ രോഗങ്ങള്‍ക്കും ഈ മിശ്രിതം ഫലപ്രദമാണ്. ഒന്നേകാല്‍ നൂറ്റാണ്ടിലധികമായി സസ്യരോഗങ്ങളെ തടയാന്‍ വലിയ പങ്ക് വഹിക്കുകയാണ് ബോര്‍ഡോ മിശ്രിതം.

ബോര്‍ഡോ മിശ്രിതത്തിന്റെ കഥ ഇങ്ങനെ

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ രണ്ടാം പാദത്തില്‍ യൂറോപ്പില്‍, പ്രത്യേകിച്ചും ഫ്രാന്‍സില്‍,മുന്തിരിവള്ളികളുടെ വേരിനെ ബാധിക്കുന്ന ഫില്ലോക്‌സിന എന്നൊരിനം മുഞ്ഞയുടെ ആക്രമണം വ്യാപകമായി. തുടര്‍ന്ന് ഇതിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള അമേരിക്കന്‍ മുന്തിരിവള്ളികള്‍ ഫ്രാന്‍സിലേക്ക് ഇറക്കുമതി ചെയ്തു. ഫില്ലോക്‌സിനയെ പ്രതിരോധിക്കാന്‍ ഇവയ്ക്ക് കഴിഞ്ഞെങ്കിലും ഇലകളെ ബാധിക്കുന്ന രോഗകാരികളായ കുമിളുകളും ഇറക്കുമതി ചെയ്ത തൈകള്‍ക്കൊപ്പം ഫ്രാന്‍സിലെത്തി. മുന്തിരി വള്ളികളില്‍ മൃദുരോമ പൂപ്പല്‍( Donomy mildew) രോഗത്തിന് കാരണമായ പ്ലാസ്‌മോപാര വിറ്റികോള ( plasmopara viticola) എന്ന കുമിളാണ് ഇത്തരത്തില്‍ ഫ്രാന്‍സില്‍ എത്തപ്പെട്ടത്. അനുകൂല സാഹചര്യം മുതലെടുത്ത് ഈ രോഗകാരി ഫ്രാന്‍സിലെ മുന്തിരിത്തോപ്പുകളില്‍ പടര്‍ന്നുപിടിച്ചു. മുന്തിരികൃഷിയും വൈന്‍ വ്യവസായവും തകര്‍ന്നു.രാജ്യത്തിന്റെ സാമ്പത്തിക കാലാവസ്ഥതന്നെ തകര്‍ന്നു. ജനങ്ങള്‍ തൊഴിലന്വേഷിച്ച് അയല്‍നാടുകളിലേക്ക് ചേക്കേറേണ്ടി വന്നു.

പ്രൊഫസര്‍ പിയറിമാരെ

ഫ്രാന്‍സിലെ മുന്തിരിവള്ളികള്‍ കരിഞ്ഞുണങ്ങുന്ന 1882ലെ അവസാന മാസങ്ങളിലൊന്നില്‍,തന്റെ പതിവ് കാല്‍നട സവാരിയിലായിരുന്നു ബോര്‍ഡോ( BORDEAUX) സര്‍വ്വകലാശാലയിലെ സസ്യശാസ്ത്രവിഭാഗം പ്രൊഫസറായിരുന്ന പിയറി മാരെ അലെക്‌സിസ് മില്ലാര്‍ഡെ(Pierre Marie Alexis Millardet) .മെഡോക് (Medoc) എന്ന സ്ഥലത്തുകൂടി നടന്നുപോയ അദ്ദേഹത്തിന്റെ ശാസ്ത്രകുതുകികളായ കണ്ണുകള്‍ സെയിന്റ് ജൂലിയന്‍ മുന്തിരി ഫാമിലെ അതിരുകളിലെ ഹരിതാഭമായ മുന്തിരി വള്ളികളില്‍ ഉടക്കി. രാജ്യത്ത് ,പ്രത്യേകിച്ച് ബോര്‍ഡോയിലും മെഡോക്കിലുമുള്ള മുന്തിരിവള്ളികള്‍ ഇലകള്‍ മൊത്തമായി കരിഞ്ഞുണങ്ങി നില്‍ക്കുമ്പോള്‍ ഈ അതിരുകളില്‍ മാത്രം പച്ചനിറമാര്‍ന്ന വള്ളികള്‍ എങ്ങിനെ വന്നു എന്ന ചോദ്യം ശാസ്ത്രജ്ഞനില്‍ താത്പ്പര്യമുണര്‍ത്തി.

കര്‍ഷകരുടെ പൊടിക്കൈ

സമൃദ്ധമായ മുന്തിരിക്കുലകളുമായി നില്‍ക്കുന്ന വള്ളികളെ മില്ലാര്‍ഡെ സസൂക്ഷ്മം നോക്കി. ഇലകളില്‍ ഇളം നീല നിറത്തിലുള്ള പൊടികള്‍ പറ്റിയിരിക്കുന്നത് അദ്ദേഹം കണ്ടെത്തി. മുന്തിരിത്തോപ്പിലെ നോട്ടക്കാരനായ ഏണസ്റ്റ് ഡേവിഡിനെ കണ്ടെത്തി ഈ നീലനിറം എന്താണെന്ന് മനസിലാക്കാനായി അദ്ദേഹത്തിന്റെ അടുത്ത ശ്രമം. വഴിയരികിലെ മുന്തിരിവള്ളിയില്‍ നിന്നും കുലകള്‍ കുട്ടികളും മറ്റും പറിക്കാതിരിക്കാനായി മെഡോക്കിലെ കര്‍ഷകര്‍ പ്രയോഗിച്ചുവരുന്ന പൊടിക്കൈയാണ് നീലനിറത്തിന് കാരണമെന്ന് പിയറി മനസിലാക്കി.

തുരിശും ചുണ്ണാമ്പും

തുരിശും ചുണ്ണാമ്പും ചേര്‍ത്ത മിശ്രിതമാണ് ഇതിനായി പ്രയോഗിച്ചിരിക്കുന്നത് എന്ന് ഡേവിഡ് പിയറിയോട് പറഞ്ഞു. മൃദുരോമ പൂപ്പലിനെ തടയാനുള്ള ശേഷി ഈ കൂട്ടിനുണ്ടെന്ന് പിയറി മനസിലാക്കി. തുടര്‍ന്ന് ഡേവിഡിന്റെ സഹായത്തോടെ വിവിധ അളവുകളിലുളള കൂട്ടുകള്‍ പിയറി പരീക്ഷിച്ചുനോക്കി. രണ്ട് വര്‍ഷത്തെ നിരന്തര പരീക്ഷണങ്ങള്‍ക്ക് ശേഷം 1885 ല്‍ തന്റെ പരീക്ഷണ നിരീക്ഷണങ്ങള്‍ പിയറി പ്രസിദ്ധപ്പെടുത്തി. തുടര്‍ന്ന് ഫ്രാന്‍സിലുടനീളം ഈ മിശ്രിതം വ്യാപകമായി പ്രയോഗിക്കുകയും പൂപ്പല്‍ രോഗത്തെ തടയുകയും ചെയ്തു. മുന്തിരി കൃഷി ചെയ്യുന്ന മറ്റ് രാജ്യങ്ങളും ഈ പാത പിന്തുടര്‍ന്നു. തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ വൈന്‍വ്യവസായവും ഫ്രന്‍സിലെ സാമ്പത്തിക രംഗവും ഉയര്‍ത്തെഴുന്നേറ്റു.

ജിറോന്ദിലെ ചെമ്പുമിശ്രിതം

കണ്ടെത്തലിന്റെ ആദ്യ നാളുകളില്‍ ജിറോന്ദിലെ ചെമ്പു മിശ്രിതം ( Copper mixture of Gironde) എന്നറിയപ്പെട്ടിരുന്ന ഈ കുമിള്‍നാശിനി ,പിയറി പരീക്ഷണം നടത്തിയ ഇടത്തിന്റെ പേരില്‍ പിന്നീട് അറിയപ്പെടാന്‍ തുടങ്ങി. അങ്ങിനെയാണ് ഇത് ലോകമാകെ ബോര്‍ഡോ മിശ്രിതം എന്ന പേരില്‍ പ്രസിദ്ധമായത്.

ബോര്‍ഡോ മിശ്രിതം

തുരിശ് (Copper sulphate),ചുണ്ണാമ്പ്( Calcium hydroxide) ,വെള്ളം എന്നിവയാണ് ബോര്‍ഡോ മിശ്രിതത്തിലെ ചേരുവകകള്‍. ഇതിന്റെ അളവുകളിലെ വ്യത്യാസങ്ങളാണ് തുടര്‍ പരീക്ഷണങ്ങളിലെല്ലാം നടന്നത്. ശരിയായ അളവില്‍ ഇവ തമ്മില്‍ യോജിപ്പിച്ചില്ലെങ്കില്‍ മിശ്രിതം പല വിളകള്‍ക്കും ദോഷകരമായി മാറുമെന്നും ഇവര്‍ കണ്ടെത്തി.

തെങ്ങും ബോര്‍ഡോ മിശ്രിതവും

തെങ്ങിനെ ബാധിക്കുന്ന ഓലചീയല്‍,കൂമ്പുചീയല്‍,ചെന്നീരൊലിപ്പ്, തഞ്ചാവൂര്‍ വാട്ടം,കായ് പൊഴിച്ചില്‍ എന്നിവയ്‌ക്കെതിരെ ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതമാണ് ഉപയോഗിക്കുന്നത്. ഈ ഗാഢതയിലുള്ള 10 ലിറ്റര്‍ മിശ്രിതം ഉണ്ടാക്കാനായി 100 ഗ്രാം തുരിശും ചുണ്ണാമ്പും വെവ്വേറെയെടുത്ത് 5 ലിറ്റര്‍ ശുദ്ധജലത്തില്‍ ലയിപ്പിക്കണം. തുരിശ് നന്നായി പൊടിച്ച് വെള്ളത്തിലിട്ടാല്‍ നന്നായി ലയിക്കും. ഈ രണ്ട് മിശ്രിതങ്ങളും ഒരുമിച്ച് മറ്റൊരു പാത്രത്തിലേക്കോ അല്ലെങ്കില്‍ തുരിശ് ലായനി ചുണ്ണാമ്പ് ലായനിയിലേക്കോ നന്നായി ഇളക്കിക്കൊണ്ട് ഒഴിക്കണം. നല്ലതുപോലെ ഇളക്കി യോജിപ്പിച്ച മിശ്രിതം ഉപയോഗിക്കുന്നതിന് മുന്‍പ് നിലവാര പരിശോധന നിര്‍ബ്ബന്ധമായും നടത്തണം.

നിലവാര പരിശോധന

തേച്ചുമിനുക്കിയ ഒരു ഇരുമ്പു പിച്ചാത്തി, തയ്യാറാക്കിയ ലായനിയില്‍ അല്‍പസമയം മുക്കിപിടിക്കണം. പുറത്തെടുത്ത പിച്ചാത്തിയില്‍ ചെമ്പുതരികള്‍ പറ്റിപിടിച്ചിട്ടില്ലെങ്കില്‍ ലായനി ഉപയോഗിക്കാന്‍ സജ്ജമാണ്. എന്നാല്‍ പിച്ചാത്തിയില്‍ ചെമ്പുതരികള്‍ കാണപ്പെട്ടാല്‍ അല്‍പാല്‍പമായി ചുണ്ണമ്പ് ചേര്‍ത്തിളക്കി പരിശോധന ആവര്‍ത്തിക്കണം. പിച്ചാത്തിയില്‍ ചെമ്പുതരികള്‍ പറ്റിയിട്ടില്ലെന്ന് ഉറപ്പാകും വരെ ചുണ്ണാമ്പ് ചേര്‍ക്കേണ്ടതായി വരും. പരിശോധന പൂര്‍ത്തിയാക്കിയശേഷം തെങ്ങില്‍ തളിക്കാവുന്നതാണ്.

രോഗപ്രതിരോധം
രോഗ ചികിത്സയ്ക്ക് എന്നതിലുപരി രോഗപ്രതിരോധത്തിനാണ് ബോര്‍ഡോ മിശ്രിതം സഹായിക്കുക. മിശ്രിതത്തില്‍ ലയിച്ചിരിക്കുന്ന ചെമ്പാണ് കമിളുകളെ നശിപ്പിക്കാന്‍ പ്രധാന പങ്ക് വഹിക്കുന്നത്. കുമിള്‍ നാശിനി എന്നതിനുപുറമെ ബാക്ടീരിയനാശിനിയായും ചില കീടങ്ങളെ അകറ്റിനിര്‍ത്താനും ബോര്‍ഡോ മിശ്രിതത്തിന് കഴിവുണ്ട്. ശരിയായ രീതിയില്‍ തയ്യാറാക്കുന്ന ബോര്‍ഡോ മിശ്രിതം ഇലകളില്‍ നന്നായി പറ്റിയിരിക്കുകയും ചെയ്യും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ബോര്‍ഡോ മിശ്രിതം ഉണ്ടാക്കുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. ഉണ്ടാക്കുന്ന ദിവസം തന്നെ ഉപയോഗിക്കണം
2.മിശ്രിതം തയ്യാറാക്കാന്‍ ലോഹപാത്രങ്ങള്‍ ഉപയോഗിക്കരുത്. പ്ലാസ്റ്റിക്,തടി പാത്രങ്ങളാണുത്തമം
3.ചുണ്ണാമ്പ് ലായനി തുരിശ് ലായനിയിലേക്ക് ഒഴിക്കരുത്.
4.പാവല്‍,പടവലം,മത്തന്‍,കുമ്പളം,കോവല്‍,വെള്ളരി തുടങ്ങിയ ചെടുകളില്‍ ബോര്‍ഡോ മിശ്രിതം പ്രയോഗിക്കരുത്.

( കടപ്പാട്- ഇന്ത്യന്‍ നാളീകേര ജേര്‍ണല്‍)

English Summary: bordeu mixture and uses
Published on: 12 November 2020, 01:30 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now