വിവിധ ആകൃതികളിൽ കായ്കളുള്ള ചുരയ്ക്കയിനങ്ങൾ കാണാറുണ്ട്. എങ്കിലും സാധാരണയായി കാണപ്പെടുന്ന ഇനത്തിന്റെ കായകളുടെ ആകൃതികൊണ്ടാണ് ഇതിനെ ബോട്ടിൽ ഗോർഡ് എന്നു വിളിക്കുന്നത്. മൂത്തു പാകമായിക്കഴിഞ്ഞ ചുരയ്ക്കയുടെ പുറംതോടിനു നല്ല കട്ടിയാണ്. ഇത് ഉണക്കി, പണ്ടുകാലങ്ങളിൽ വിത്തുകളും മറ്റും കേടുകൂടാതെ സൂക്ഷിക്കുന്നതിനും വെള്ളം നിറച്ചുവയ്ക്കുന്നതിനും ഉപയോഗിച്ചിരുന്നു. വലിയ ഇലകളോടു കൂടി വേഗത്തിൽ വളരുന്ന ഒരു വള്ളിച്ചെടിയാണ് ചുരയ്ക്ക. വെളുത്ത നിറത്തിൽ അധികം ആകർഷകമല്ലാത്ത പൂക്കളാണ് ഇതിനുള്ളത്. അർക്ക ബഹാർ, പൂസാ മേഘദൂത്, സമ്രാട്ട് എന്നിവ ഗുണമേന്മയുള്ള ഇനങ്ങളാണ്.
കൃഷിരീതി
നീർവാർച്ചയുള്ള മണൽ കലർന്ന മണ്ണാണ് ചുരയ്ക്കാ കൃഷിക്ക് അനുയോജ്യം. നനവും ചൂടുമുള്ള കാലാവസ്ഥ ഇതിനു ചേർന്നതാണ്. വിത്തുകൾ ആരോഗ്യമുള്ള നല്ലയിനം കായ്കളിൽ നിന്നു വേണം തെരഞ്ഞെടുക്കാൻ. നേരിട്ടു കുഴിയിലേക്കോ തടത്തിലേക്കോ വിത്തുകൾ നടുന്ന രീതിയാണ് അഭികാമ്യം. ചാണകപ്പൊടിയോ കമ്പോസ്റ്റോ ചേർത്ത് നന്നായി മണ്ണ് ഇളക്കിയ കുഴിയിൽ അഞ്ചോ ആറോ വിത്തുകൾ നടാം. മുളച്ചു കഴിയുമ്പോൾ ഏറ്റവും പുഷ്ടിയുള്ള രണ്ടോ മൂന്നോ എണ്ണം നിലനിർത്തി മറ്റുള്ളവ നശിപ്പിച്ചു കളയണം.
തുള്ളിനനയാണ് ചുരയ്ക്കയ്ക്ക് ഏറ്റവും അനുയോജ്യമായ ജലസേചന രീതി. സസ്യങ്ങൾ വളർന്നു തുടങ്ങിയാൽ അനുയോജ്യമായ പന്തലിട്ടു കൊടുക്കണം. വൃക്ഷങ്ങൾക്കടുത്തു വളരുന്നവ വൃക്ഷശിഖരങ്ങളിലേക്കു പടർത്താമെങ്കിലും കായ്കളുടെ സംരക്ഷണവും വിളവെടുപ്പും പ്രയാസകരമാകും. രണ്ടാഴ്ച്ച ഇടവിട്ട് ജൈവ വള പ്രയോഗം നടത്തണം. കാലിവളത്തോടൊപ്പം വേപ്പിൻ പിണ്ണാക്ക് ചേർത്തു നല്കാം. കൂടാതെ അസോപൈറിലം, ഫോസ്ഫോബാക്ടീരിയ എന്നിവ ചേർക്കുന്നതും നല്ലതാണ്.
ഇടയ്ക്കിടെ കളകൾ പറിച്ചുനീക്കണം, കൂടുതൽ കായ്കൾ ലഭിക്കുന്നതിനായി കർഷകർ ചിലപ്പോൾ 6-8 അടി വളർച്ചയുള്ളപ്പോൾ വള്ളികളുടെ അഗ്രങ്ങൾ മുറിച്ചുകളയാറുണ്ട്. ഇപ്രകാരം ചെയ്യുന്നത് വള്ളികളിൽ ധാരാളം ശാഖകൾ ഉണ്ടാകാനും കൂടുതൽ കായ്കളുണ്ടാകാനും സഹായകമാകുന്നു.
വിത്തു നട്ട് രണ്ടു മാസത്തിനുള്ളിൽ ചുരയ്ക്ക കായ്ച്ചു തുടങ്ങും. ഇളം കായ്കൾക്ക് ഇളം പച്ച നിറവും മിനുസമേറിയ പുറം തൊലിയുമാണ് ഉള്ളത്. കായ്കൾ കവറിട്ടു സൂക്ഷിക്കുന്നത് ഉപദ്രവകാരികളായ ഷഡ്പദങ്ങളിൽ നിന്ന് രക്ഷനല്കുന്നതിനു സഹായിക്കും. അധികം മുപ്പെത്തുന്നതിനു മുമ്പ് ആണ് വിളവെടുക്കേണ്ടത്. എപ്പിലാക വണ്ടുകളാണു ചുരയ്ക്കയുടെ മുഖ്യശത്രുക്കൾ.