കേരളീയ ഗ്രാമങ്ങളിൽ അങ്ങിങ് കാണപ്പെടുന്ന ശീമപ്ലാവ്, ഇംഗ്ലിഷിൽ ബ്രഡ് ഫ്രൂട്ട് എന്നാണ് അറിയപ്പെടുന്നത്. പാകമായ ഫലം പുഴുങ്ങുമ്പോൾ ഇതിന്റെ രുചി ബ്രഡിനോടു സാമ്യമുള്ളതാകയാലാണ് ഇതിനെ ബ്രഡ് ഫ്രൂട്ട് എന്നു വിളിക്കുന്നത്. ഇതിന്റെ ജന്മദേശം മലയൻ ദ്വീപുകൾ ആണ്. ഇത് ഇന്ത്യയിലെത്തിച്ചതു ഡച്ചുകാരാണ്.
12 മുതൽ 15 വരെ മീറ്റർ ഉയരത്തിൽ വളരുന്ന ഒരു വൃക്ഷമാണിത്. പഴുത്തു പാകമായ ഫലങ്ങളിലെ കാർബോഹൈഡ്രേറ്റ്, സുക്രോസ്, ഫ്രക്ടോസ്, ഗ്ലൂക്കോസ് എന്നിവയായി രൂപാന്തരപ്പെടുന്നതിനാൽ അതിന് മധുരമുണ്ടാകുന്നു.
കൃഷിരീതി
ഉഷ്ണമേഖലയിൽ ധാരാളം മഴയുള്ള പ്രദേശങ്ങളാണ് ശീമപ്ലാവ് കൃഷിക്ക് ഏറ്റവും അനുയോജ്യം. കൊടുംചൂടും കൊടുംതണുപ്പും ഇതിനു പറ്റിയതല്ല. വേരിൽ നിന്നു മുളയ്ക്കുന്ന തൈകൾ വേർപെടുത്തിയോ പതിവച്ച് തൈകളുണ്ടാക്കിയോ ആണ് ഇതു കൃഷി ചെയ്യുന്നത്.
ഒരു മീറ്ററെങ്കിലും ആഴത്തിൽ കുഴികളെടുത്തു പകുതിയോളം ജൈവവളം കലർത്തിയ മണ്ണു നിറച്ച് ഇതു നടാം. നട്ട് അഞ്ചോ ആറോ കൊല്ലം കഴിയുമ്പോൾ ശീമപ്ലാവ് കായ്ച്ചു തുടങ്ങും. പൂവ് വിടർന്ന് മൂന്നു മാസത്തിനുള്ളിൽ ചക്ക പാകമാകും. കന്നി, മകരം മേടം മാസങ്ങളാണ് ശീമച്ചക്കയുടെ കൃഷിക്കാലം.
പോഷകമൂല്യം
100 ഗ്രാമിൽ 103 കലോറി എന്ന നിലയിൽ ഊർജ്ജം ഇതിലടങ്ങിയിരിക്കുന്നു. ഭക്ഷ്യനാരുകൾ, മഗ്നീഷ്യം, പൊട്ടാസ്യം, കാൽസ്യം എന്നിവയുടെ സമൃദ്ധമായ സ്രോതസ്സാണ് ഇത്. കാർബോഹൈഡ്രേറ്റ്, വിറ്റമിൻ എ, വിറ്റമിൻ സി, വിറ്റമിൻ ബി, പഞ്ചസാര, പ്രോട്ടീൻ എന്നിവയും ഇതിലുണ്ട്.