വിവിധ തരം മണ്ണിൽ വഴുതന കൃഷി ചെയ്യാൻ കഴിയുന്നു. നീർവാർച്ചയുള്ളതും ഫലഭൂയിഷ്‌ഠവുമായ മണ്ണാണ് ഇതിന്റെ കൃഷിക്ക് യോജിച്ചത്. പശിമരാശി മണ്ണാണ് ഏറ്റവും അനുയോജ്യം. വ്യത്യസ്‌ത സ്വഭാവമുള്ള മണ്ണുകൾ ആവശ്യത്തിന് ജൈവവളം ചേർത്ത് കൃഷിക്ക് അനുയോജ്യമാം വിധം പാകപ്പെടുത്തിയെടുക്കണം. അന്തരീക്ഷസ്ഥിതി വഴുതനയുടെ വളർച്ചയേയും കായുടെ ഗുണത്തേയും പ്രതികൂലമായി ബാധിക്കും. കടുത്ത ചൂടും തണുപ്പും വഴുതന കൃഷിക്ക് യോജിച്ചതല്ല. നല്ല മഞ്ഞുള്ള പ്രദേശങ്ങളിൽ ഇതിന്റെ കൃഷി ഒഴിവാക്കേണ്ടതാണ്.
വഴുതന കൃഷി ചെയ്യുന്ന സീസൺ
മേയ്-ആഗസ്റ്റ്, സെപ്റ്റംബർ-ഡിസംബർ, കാലങ്ങളാണ് കേരളത്തിൽ വഴുതന കൃഷിക്ക് യോജിച്ചത്.
തവാരണകളിൽ വിത്തു പാകി, തൈകൾ ഉൽപാദിപ്പിച്ചു പറിച്ചുനട്ടാണ് വഴുതന കൃഷി ചെയ്യുന്നത്. 375-500 ഗ്രാം വിത്ത് ഒരു ഹെക്ടറിലേക്ക് ആവശ്യമായി വരും. ഒരാഴ്‌ച കൊണ്ട് വിത്ത് മുളയ്ക്കന്നു. 40-45 ദിവസം പ്രായമാകുമ്പോൾ തൈകൾ പറിച്ചുനടാൻ പാകമാകുന്നു. അടുക്കളത്തോട്ടത്തിലേക്ക് ഒരു സെൻ്റിന് 2 ഗ്രാം വിത്ത് മതിയാകും.
നിലമൊരുക്കലും നടീലും
ആഴത്തിൽ കിളച്ച്, കട്ടകൾ ഉടച്ച്, കളകൾ നീക്കം ചെയ്ത ശേഷം ഒരു ഹെക്ടറിന് 20-25 ടൺ കമ്പോസ്റ്റോ ഉണക്കി പൊടിച്ച ചാണകമോ ചേർത്ത് സ്ഥലം തയ്യാറാക്കണം. 60x60 സെ.മീറ്റർ അകലം നൽകി ചാലുകളിൽ തൈകൾ നടണം. മഴക്കാലമാണെങ്കിൽ ചാലുകൾക്ക് പകരം വരമ്പ് കോരി തൈ നടാം.