“പാവങ്ങളുടെ തക്കാളി എന്നറിയപ്പെടുന്ന വഴുതനയുടെ ദേശം ഇന്ത്യയാണെന്ന് കരുതപ്പെടുന്നു. അറബികൾ ഇന്ത്യയിൽ നിന്നാണ് സ്പെയിൻ, പേർഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് ഇത് കൊണ്ടുപോയത്. രണ്ടു വർഷം വരെ വിളവു തരുന്ന പച്ചക്കറിയാണ് വഴുതന. ഇത് പ്രധാനമായി രണ്ടു നിറങ്ങളിലാണു കണ്ടുവരാറുള്ളത്--വയലറ്റും വെള്ളയും. ശാഖകളായി വളരുന്ന കുറ്റിച്ചെടിയാണ് വഴുതന. എറ്റ് പ്ലാന്റ് എന്നും ഗാർഡൻ എന് എന്നും ഇതിനെ പാശ്ചാത്യർ വിളിക്കുന്നു. സാമാന്യേന ഇത് ഒരു ഉഷ്ണകാലവിളയാണ് എങ്കിലും മിതോഷ്ണ കാലാവസ്ഥയിലും ഇതു വളരും. സൂര്യ, ശ്വേത, ഹരിത, നീലിമ എന്നിവ വഴുതനയിലെ പ്രധാന ഇനങ്ങളാണ്.
കൃഷിരീതി
ഏകദേശം 900 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ വർഷം മുഴുവൻ വഴുതന കൃഷി ചെയ്യാവുന്നതാണ്. ജലസേചന സൗകര്യമുണ്ടെങ്കിൽ, സെപ്റ്റംബർ - ഒക്ടോബർ മാസങ്ങളിലും മഴ കാലവിള എന്ന നിലയ്ക്ക് മെയ്-ജൂൺ മാസങ്ങളിലുമാണ് വഴുതന കൃഷി ചെയ്യുന്നത്. ഏതിനം മണ്ണിലും വളരാനിതിനു കഴിയും. വിത്തു പാകി തൈകൾ മുളപ്പിച്ച ശേഷം കുഴികളിലോ തടങ്ങളിലോ പറിച്ചു നടുന്ന രീതിയാണ് അവലംബിക്കാറുള്ളത്. മണ്ണും മണലും ചാണകപ്പൊടിയും ചേർത്ത മിശ്രിതത്തിലാണു വിത്തുകൾ പാകേണ്ടത്. 10 സെന്റ് സ്ഥലത്ത് കൃഷി ചെയ്യാൻ 15 ഗ്രാം വിത്ത് എന്ന തോത് മതിയാകും. തൈകൾ തീരെ ചെറുതായിരിക്കുന്ന അവസ്ഥയിൽ തണ്ടു ചീഞ്ഞു പോകുന്ന രോഗമുണ്ടാകാൻ സാധ്യതയുള്ളതിനാൽ അതു തടയുന്നതിനുള്ള മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. നന്നായി വെയിലേറ്റു ചൂടായി രോഗകാരികൾ നശിച്ചു കഴിഞ്ഞ മണ്ണും മണലും മാത്രം വിത്തു പാകുന്നതിന് ഉപയോഗിക്കുക, തൈകൾ ശൈശവാവസ്ഥ പിന്നിടുന്നതുവരെ അവ വളരുന്ന മണ്ണിൽ അഴുകുന്ന വസ്തുക്കൾ വീഴാനനുവദിക്കാതിരിക്കുക എന്നിവ ഒരു പരിധിവരെ ഫലപ്രദമാണ്.
മൂന്നു നാല് ഇലകൾ വന്നു കഴിയുമ്പോൾ പറിച്ചു നടാറാകും. തൈകൾ പറിച്ചു നടാൻ പാകത്തിലായാൽ പോട്ടിങ് മിശ്രിതം നിറച്ച ചാക്കുകളിലോ, കാലിവളമോ കമ്പോസ്റ്റോ ചേർത്ത് പ്രത്യേകം തയ്യാറാക്കിയ തടങ്ങളിലോ അവ പറിച്ചുനടാവുന്നതാണ്. മഴക്കാലത്ത് തടങ്ങളിലും വേനൽക്കാലത്ത് കുഴികളിലും തൈ നടുന്നതാണ് ഉചിതം. വൈകുന്നേരമാണ് തൈകൾ പറിച്ചു നടേണ്ടത്. തൈകൾ തമ്മിൽ രണ്ട് അടി അകലം ഉള്ളതു നന്നായിരിക്കും. തൈകൾ വളർന്നുവരുന്നതനുസരിച്ച് മണ്ണിരക്കമ്പോസ്റ്റ്, ചകിരിച്ചോറ്, കോഴിക്കാഷ്ഠം, ചാണകപ്പൊടി എന്നിവ ചേർത്തു മണ്ണ് കൂന കൂട്ടിക്കൊടുക്കുന്നത് പുഷ്ടിയോടെ വളരാൻ സഹായിക്കും. വിളവെടുപ്പിനു ശേഷം കൊമ്പു കോതുന്നത് നല്ലതാണ്. പുതയിടുന്നതും ക്രമമായ ജലസേചനവും വഴുതനയുടെ വളർച്ചയെ സഹായിക്കും. നട്ട് രണ്ടര മാസം മുതൽ കായ്ഫലം ലഭിച്ചു തുടങ്ങുകയും ചെയ്യും.
ഇലകളെ നശിപ്പിക്കുന്ന പുഴുക്കൾ, തണ്ടുതുരപ്പൻ പുഴുക്കൾ, തുടങ്ങിയവയുടെ ആക്രമണവും ബാക്ടീരിയൽ വാട്ടം, മഴക്കാലത്തുണ്ടാകുന്ന കായ്ചീയൽ എന്നീ രോഗങ്ങളുമാണ് വഴുതനയുടെ പ്രധാന ശത്രുക്കൾ. ഇലകൾ നശിപ്പിക്കുന്ന പുഴുക്കളെ കൈകൊണ്ടെടുത്തു നശിപ്പിക്കുകയും തണ്ടുതുരപ്പൻ പുഴുക്കളെ പ്രതിരോധിക്കാൻ വേപ്പിൻ കുരുസത്ത് തളിക്കുകയും ചെയ്താൽ അവയുടെ ശല്യം കൊണ്ടുള്ള വിളനാശം ഒഴിവാക്കാം. ബാക്ടീരിയൽ വാട്ടം ഉണ്ടായാൽ, രോഗബാധയുള്ള സസ്യം നീക്കം ചെയ്യണം. വാട്ടരോഗത്തെ പ്രതിരോധിക്കാൻ കഴിവുള്ള സൂര്യ, ഹരിത, നീലിമ, ശ്വേത എന്നിവ നടുന്നതിനു തെരഞ്ഞടുക്കുന്നത് നന്നായിരിക്കും. തൈ ചീയലൊഴിവാക്കാൻ തൈകൾ ഇടുങ്ങി വളരാനുള്ള സാഹചര്യം ഒഴിവാക്കണം
ഔഷധമൂല്യം
വഴുതനയുടെ ഉപയോഗം പ്രാരംഭദശയിൽ മൂത്രാശയത്തിലെ കല്ല് ഇല്ലാതാക്കാൻ സഹായിക്കുന്നു.
തലച്ചോറിന്റെ സുഗമമായ പ്രവർത്തനത്തിന് വഴുതനങ്ങയുടെ ഉപയോഗം നല്ലതാണ്. വഴുതനങ്ങയിലടങ്ങിയിരിക്കുന്ന ഫൈറ്റോ ന്യൂട്രിയെന്റുകൾ നാഡീകോശങ്ങളുടെ കോശസ്തരം കേടുപാടുകളില്ലാതെ സൂക്ഷിക്കുകയും ഓർമ്മശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
വഴുതനങ്ങയിലടങ്ങിയിരിക്കുന്ന ബയോ-ഫ്ലാവനോയിഡുകൾ രക്താതിസമ്മർദ്ദം നിയന്ത്രിക്കാനും മാനസികപിരിമുറുക്കം കുറയ്ക്കാനും സഹായിക്കുന്നു.
കാൻസറിനെ പ്രതിരോധിക്കാനും പ്രമേഹരോഗത്തെ നിയന്ത്രിക്കാനും ഇതിനു കഴിവുണ്ട്.
ശരീരത്തിൽ രക്തം കട്ടപിടിക്കുന്നതു തടയാൻ വഴുതനങ്ങ ഉപയോഗിക്കുന്നതിലൂടെ സാധിക്കും.
ത്വക്കിനെ മൃദുലവും മിനുസമേറിയതുമാക്കാൻ വഴുതനയ്ക്കു കഴിവുണ്ട്.
ശരീരത്തിൽ അധികമായുള്ള ഇരുമ്പിന്റെ അംശം നീക്കുന്നതിന് ഇതു പ്രയോജനപ്രദമാണ്.
ശരീരത്തിൽ കൊളസ്ട്രോൾ അടിഞ്ഞുകൂടാതെ സൂക്ഷിക്കുന്നതിലൂടെ ഹൃദയാരോഗ്യം സംരക്ഷിക്കുവാൻ വഴുതനങ്ങയ്ക്ക് സാധിക്കും.
വഴുതനങ്ങയിലെ ജലാംശം, ധാതുലവണങ്ങൾ, വിറ്റമിനുകൾ എന്നിവയുടെ സാന്നിധ്യത്താൽ ത്വക്കിനെ ഈർപ്പമുള്ളതായി സൂക്ഷിക്കാൻ സാധിക്കും.