കേരളത്തിൽ സാധാരണയായി വളർത്താറുള്ള പയർവർഗ്ഗവിളയാണ് വാളരിപ്പയർ. തെക്കൻ ഏഷ്യയോ ആഫ്രിക്കയോ ആകാം ഇതിന്റെ ഉത്ഭവസ്ഥാനമെന്നു കരുതപ്പെടുന്നു. സൂര്യപ്രകാശം നന്നായി ലഭിക്കുന്ന ഇടമാണ് വാളരിപ്പയറിനു യോജിച്ചത്. പ്രത്യേകിച്ച് യാതൊരു കീടബാധയും ഇതിനുണ്ടാകാറില്ല. നീണ്ടു പരന്ന് വാളിന്റെ ആകൃതിയുള്ളതിനാൽ ആവാം വാളരിപ്പയർ എന്നു മലയാളത്തിലും സ്വോർഡ് ബീൻ (sword bean) എന്ന് ഇംഗ്ലിഷിലും ഇതിനു പേരുണ്ടായത്.
ഉഷ്ണമേഖലാ വിളയാണെങ്കിലും മിതോഷ്ണമേഖലയിലും ഇത് നന്നായി വളരും. വരൾച്ചയെ അതിജീവിക്കാൻ ഒരു പരിധിവരെ കഴിവുള്ളതാണ് ഈ സസ്യം. പ്രധാനമായി രണ്ടിനം വാളരിയാണ് കേരളത്തിൽ വളർത്താറുള്ളത്. കനവേലിയ ഗ്ലാഡിയേറ്റ, കനവേലിയ എൻസി ഫോർമിസ് എന്നിങ്ങനെ യഥാക്രമം ചുവന്ന വിത്തുകളുള്ള താരതമ്യേന വലിയ കായ്കളുള്ളതും വെള്ള വിത്തുകളുള്ള ചെറിയ കായ്കളുള്ളതുമാണിവ.
കൃഷിരീതി
മെയ്-ജൂൺ മാസങ്ങളിലോ സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലോ ആണ് വാളരി നടുന്നത്. നല്ല സൂര്യപ്രകാശമുള്ള ഇടമാണ് വാളരി നടാൻ തെരഞ്ഞെടുക്കേണ്ടത്. പടർന്നു വളരുന്ന ഇന ങ്ങൾ 1-1.5 മീറ്റർ അകലത്തിൽ കുഴികളെടുത്തും കുറ്റിയായി വളരുന്നവ 60-75 സെ.മീ അകലത്തിൽ പാത്തികൾ എടുത്തും നടാവുന്നതാണ്. ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവ ചേർത്തിളക്കിയ മണ്ണിൽ ഒരു കുഴിയിൽ കൂനയിൽ 2-3 വിത്തുകൾ എന്ന നിരക്കിൽ നടാവുന്നതാണ്. ക്രമമായി നനച്ചു കൊടുത്താൽ ഒരാഴ്ചയ്ക്കുള്ളിൽ വിത്തുകൾ മുളച്ചു വളർന്നു തുടങ്ങും.
പടരുന്ന ഇനങ്ങൾക്കു പടരാനുള്ള സൗകര്യങ്ങൾ ചെയ്തു കൊടുക്കണം. പടരാത്ത ഇനങ്ങൾക്ക് ചെടിത്തണ്ടുകൾ തറയിലേക്കു കൂപ്പുകുത്താതിരിക്കാൻ ആവശ്യമായ താങ്ങുനല്കുന്നത് നന്നായിരിക്കും. ഇടയ്ക്കിടെ ചാണകപ്പൊടി, നേർപ്പിച്ച ഗോമൂത്രം, മീൻവെള്ളം എന്നിവ നല്കുന്നത് പുഷ്ടിയോടെയുള്ള വളർച്ചയ്ക്കു സഹായകമാണ്. കാര്യമായ കീടബാധകളൊന്നും ഇതിൽ സാധാരണയായി കാണാറില്ല. എങ്കിലും കായ്ച്ചുതുടങ്ങിയാൽ ചിലയിടങ്ങളിൽ കായിൽ നിന്നു നീരൂറ്റിക്കുടിക്കുന്ന ഷഡ്പദങ്ങളുടെ ഉപദ്രവം കാണാറുണ്ട്. പപ്പായയുടെ ഇല അരിഞ്ഞ് വെള്ളത്തിലിട്ടു വച്ചിരുന്നശേഷം പിറ്റേന്ന് ആ ഇല കശക്കിപ്പിഴിഞ്ഞ് വെള്ളം അരിച്ചെടുത്തു ചെയ്താൽ ശല്യം കുറയുന്നതായി കണ്ടിട്ടുണ്ട്. കായ്കൾ മുറ്റിപ്പോകുന്നതിനു മുമ്പു തന്നെ പറിച്ചെടുത്തുപയോഗിക്കണം.
ഔഷധമൂല്യം
പ്ലീഹയിലും ഉദരത്തിലുമുള്ള പ്രശ്നങ്ങൾ നിമിത്തമുണ്ടാ കുന്ന എക്കിൾ മാറാൻ വാളരിപ്പയർ ഇഞ്ചിനീരും ടാംഗറിനും ചേർത്ത് തിളപ്പിച്ച് ഉപയോഗിക്കാറുണ്ട്.
വൃക്കയുടെ തകരാറുകൊണ്ട് ഉണ്ടാകുന്ന ചില രോഗങ്ങൾക്ക് ആശ്വസമേകാൻ ഇതു സഹായിക്കുന്നു.
വാളരിയുടെ ഉപയോഗം രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.
യൂറിയസ് എൻസൈമിന്റെ സ്രോതസ്സായി വാളരിപ്പയർ ഉപയോഗിക്കുന്നു.
വാളരിഞ്ഞ കനം കുറച്ച് കുറുകെ ചീകിയിട്ട് മെഴുക്കുപുരട്ടിയുണ്ടാക്കാൻ ഉപയോഗിക്കുന്നു. തീരെ ചെറുതായി നുറുക്കി തനിച്ചോ സവോള, കാരറ്റ് എന്നിവയോടൊപ്പമോ തോരൻ വയ്ക്കാനും ഉപയോഗിക്കാം