ബ്രൗൺ ടോപ് മില്ലറ്റ് എന്നുകൂടി പേരുള്ള ഈ ചെറുധാന്യം വളരെയധികം പോഷകമൂല്യമുള്ള ഒന്നാണ്.
നാഷണൽ മില്ലറ്റ് മിഷൻ രൂപീകരിച്ചപ്പോൾ ഈ ചെറുധാന്യ ത്തിന്റെ പ്രാധാന്യത്തെ കണക്കിലെടുത്തു കൊണ്ട് ഇതിനെക്കൂടി പ്രത്യേക പദവി കൊടുത്തു കൊണ്ട് മില്ലറ്റുകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തുകയായിരുന്നു. നാരുകളുടെ ആധിക്യം കൊറേലിയെ മറ്റു ധാന്യങ്ങളിൽ നിന്ന് വേർതിരിച്ചു നിർത്തുന്നു. അതിനാൽ തന്നെ മലബന്ധത്തെ തടയുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുന്നതിനും, ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുന്നതിനും ഈ ധാന്യം പ്രയോജനപ്പെടുന്നു.
അപൂർവ്വമായി കാണപ്പെടുന്ന ഈ ചെറുധാന്യം ഇന്ന് കർണ്ണാടകയിലും ആന്ധ്രയിലും കൃഷി ചെയ്തു തുടങ്ങി. ഈ ധാന്യത്തിന് ആദ്യസമയത്ത് വില വളരെയധികം കൂടുതലായിരുന്നുവെങ്കിലും മില്ലറ്റുകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയതോടു കൂടി മറ്റ് ചെറുധാന്യങ്ങളുടെ വിലയിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ്.
ചെറുധാന്യങ്ങളുടെ വിളവെടുപ്പിന്റെ കാലാവധി പല വിധത്തിലാണ്. മില്ലറ്റുകളുടെ കൂട്ടത്തിൽ 60 ദിവസം കൊണ്ട് വിളവെടുക്കാവുന്നതു മുതൽ 6 മാസം കൊണ്ട് വിളയുന്ന ധാന്യവും 3 മാസംകൊണ്ട് വിളയുന്നവയും ഉണ്ട്. മില്ലറ്റുകളുടെ സംരക്ഷണത്തിൽ നമ്മുടെ എല്ലാപേരുടേയും ശ്രദ്ധ പതിയേണ്ടതുണ്ട്.
കൊളോണിയൽ ഭരണത്തിന്റെ ബാക്കിപത്രമായും കൃഷിയോടുള്ള നമ്മുടെ അവഗണനയും വെള്ളകോളർ ജോലിയോട് മാത്രമുള്ള നമ്മുടെ ആഭിമുഖ്യവും, ഉപഭോഗസം സ്ക്കാരവും എല്ലാം കൃഷി എന്ന പാവനസംസ്ക്കാരത്തിന് വെല്ലുവിളികൾ ഉയർത്തി.
മില്ലറ്റുകൾ പരമ്പരാഗതമായ ഭക്ഷണം എന്ന നിലയിൽ നമുക്ക് കൂടുതൽ പ്രയോജകീഭവിക്കും. പഴമയുടെ ഗരിമ നാം തിരി ച്ചറിയണം, പാലക്കാട് ജില്ലയിലെ ആദിവാസി ജനം കാലാകാലങ്ങളായി മില്ലറ്റ് ഭക്ഷണം കഴിച്ച് ഇന്നും ആരോഗ്യവാന്മാരായി ജീവിക്കുന്നു. സാധാരണക്കാരിൽ സാധാരണക്കാരായിരുന്ന വരുടെ ഭക്ഷണമായിരുന്ന മില്ലറ്റുകൾ പോഷകാധിക്യത്താൽ ഇന്ന് സൂപ്പർഫുഡ്ഡിന്റെ പദവിയിലേക്ക് ഉയർന്നിരിക്കുകയാണ്.