യാന്ത്രിക രീതികളിലൂടെയും എൻജിനിയറിംഗ് രൂപകൽപ്പനയിലൂടെയും ചരിവിൽ മാറ്റം വരുത്തി, വെള്ളം സുരക്ഷിതമായി ഒഴുകിപ്പോകുന്നതിന് വഴിയുണ്ടാക്കിയ ശേഷം മണ്ണ് അടിഞ്ഞു കൂടുന്നത് കുറയ്ക്കാം. വെള്ളം ഒഴുകുന്നതിൻ്റെ വേഗത നിയന്ത്രിച്ചും മണ്ണൊലിപ്പ് തടയുവാൻ സാധിക്കും. ഈ രീതികൾ മാത്രമായോ ജൈവികരീതികളുമായി സംയോജിപ്പിച്ചോ മണ്ണൊലിപ്പ് തടയുന്നതിന് മെച്ചപ്പെട്ട സുസ്ഥിര നിയന്ത്രണമാർഗ്ഗങ്ങൾ സ്വീകരിക്കാം.
സമോച്ചരേഖാവരമ്പുകൾ, ഗ്രേഡഡ് ബണ്ടിംഗ്, പെരിഫറൽ ബണ്ടിംഗ് എന്നിവയാണ് സാധാരണയായി ഉപയോഗിക്കുന്ന വരമ്പ് നിർമ്മാണരീതികൾ. രണ്ട് മുതൽ ആറുശതമാനം വരെ ചരിവുള്ളതും 600 മില്ലി മീറ്ററിൽ കുറവ് മഴയുള്ളതും മണ്ണിലേയ്ക്ക് വെള്ളം ഊർന്നിറങ്ങുന്ന തരത്തിൽ മണ്ണുള്ളതുമായ പ്രദേശങ്ങളിൽ മണ്ണിൻ്റെ ഈർപ്പം സംരക്ഷിക്കുന്നതിനും മണ്ണൊലിപ്പ് തടയുന്നതിനുമുള്ളതാണ് സമോച്ചരേഖാ വരമ്പുകൾ അഥവ കോണ്ടൂർ ബണ്ടിംഗ്. രണ്ട് ബണ്ടുകൾക്കിടയിലെ കുത്തനെയുള്ള അകലത്തെയാണ് ബണ്ടിംഗ് അകലം (സ്പേസിംഗ്) എന്നു വിളിക്കുന്നത്. വെള്ളത്തിന്റെ വേഗത, ദൈർഘ്യം, ചരിവ് എത്ര മാത്രമുണ്ട്, മഴവെള്ളത്തിൻ്റെ തീവ്രത, ഏതു തരം വിളകളാണ് കൃഷിചെയ്യുന്നത്, സംരക്ഷണ പ്രവർത്തനങ്ങൾ എന്നിവയെ ആശ്രയിച്ചാണ് ബണ്ടിന്റെ അകലം തീരുമാനിക്കുന്നത്.
അധികമായി കുത്തിയൊഴുകുന്ന വെള്ളം സുരക്ഷിതമായി ഒഴുക്കിവിടുന്നതിനാണ് ഗ്രേഡഡ് ബണ്ടുകൾ ഉപയോഗിക്കുന്നത്. ആറു മുതൽ പത്തുവരെ ശതമാനം ചരിവും 750 മില്ലിമീറ്ററലധികം മഴയും മണ്ണിലേക്ക് മണിക്കൂറിൽ എട്ടു മില്ലിമീറ്ററിലും താഴെ വെള്ളം കിനിഞ്ഞിറങ്ങുന്നതുമായ മണ്ണുള്ള പ്രദേശത്താണ് ഇവ ഉപയോഗിക്കുന്നത്. മലയിടുക്കിലേക്ക് കുത്തിയൊഴുകുന്ന വെള്ളത്തെ നിയന്ത്രിക്കുന്നതിനാണ് പെരിഫറൽ ബണ്ടുകൾ തീർക്കുന്നത്. മലയിടുക്കിന്റെ ഭാഗം മണ്ണൊലിപ്പിൽ നശിച്ച് പോകാതിരിക്കുന്നതിന് ഇതു സഹായിക്കും. മലയിടുക്കിലും ചരിവിലും തടങ്ങളിലും പച്ചപ്പ് വളർന്നു വരുന്നതിനും ഇത് സഹായകരമാണ്.
പ്രാദേശികമായി ലഭ്യമായ വസ്‌തുക്കൾ ഉപയോഗിച്ച് തീർക്കുന്ന ചിറകളാണ് ബണ്ടുകൾ. മണ്ണു കൊണ്ടുള്ള ബണ്ടുകൾ, കല്ലുകൊണ്ടുള്ള പിച്ചിംഗ് കോണ്ടൂർ ബണ്ടുകൾ, ഗ്രേഡഡ് ബണ്ടുകൾ എന്നിവയാണ് സാധാരണ ഉപയോഗിക്കുന്നത്. ഭൂമിയുടെ ചെരിവും മണ്ണിന്റെ പ്രത്യേകതകളും കണക്കിലെടുത്തു വേണം ബണ്ടിന്റെ ഇനവും രൂപകൽപ്പനയും തീരുമാനിക്കേണ്ടത്.
ഒഴുക്കിന്റെ വേഗത നിയന്ത്രിക്കുന്നതിനും മഴ വെള്ളത്തെ സുരക്ഷിതമായി താഴത്തെ അരുവികളിലേക്ക് എത്തിക്കുന്നതിനും സ്വാഭാവിക നീരൊഴുക്കു ചാലുകൾ സംരക്ഷിക്കുന്നതിനും ബണ്ടുകൾ സഹായിക്കും. മഴവെള്ളം വീഴുന്നിടത്തു തന്നെ കൂ ടുതൽ സമയം തങ്ങിനിൽക്കുന്നതിനും മണ്ണിലേയ്ക്ക് കിനിഞ്ഞിറങ്ങുന്നതിനും ഇത് സഹായിക്കും. ബണ്ടുകളിൽ പ്രത്യേകതരം പുല്ലുകൾ വച്ചുപിടിപ്പിച്ച് ബലപ്പെടുത്താറുണ്ട്.
ആവശ്യമായ ഇടവേളകളിൽ ചെരിവിന് അനുസരിച്ച് കല്ലുകൾ അടുക്കി വച്ചും കോണ്ടൂർ ബണ്ടുകൾ തീർക്കാം. മണ്ണൊലിപ്പ് തടയുന്നതിനും ചെടികൾക്ക് കൂടുതലായി ജലം ലഭ്യമാക്കുന്നതിനും ഇത് സഹായിക്കും. ചെങ്കൽ മണ്ണിലും കല്ല് ലഭ്യമായ സ്ഥലങ്ങളിലും 35 ശതമാനം വരെ ചരിവുള്ള പ്രദേശങ്ങളിൽ മണ്ണ്-ജല സംരക്ഷണത്തിന് ഇവ ഉപയോഗിക്കാം.
കുറഞ്ഞ തോതിൽ അതായത് മണിക്കൂറിൽ എട്ടു മില്ലിമീറ്ററിൽ താഴെ മാത്രം വെള്ളം കിനിഞ്ഞിറങ്ങുന്ന സ്ഥലങ്ങളിലാണ് ഗ്രേഡഡ് ബണ്ടുകൾ നിർമ്മിക്കുന്നത്. കോണ്ടൂർ രീതിയിൽ അല്ലാതെ അധികമായ വെള്ളം പുറത്തേയ്ക്കു കളയുന്നതിന് നേരത്തെ നിശ്ചയിച്ച ദീർഘമായ വരയ്ക്ക് അനുഗുണമായി നിർമ്മിക്കുന്നവയാണ് ഇത്തരം ബണ്ടുകൾ. 0.4 മുതൽ 0.8 ശതമാനമാണ് ചരിവ് നൽകേണ്ടത്. (ഇളക്കമുള്ള മണ്ണിൽ 0.4 ശതമാനം, കടുത്ത മണ്ണിൽ 0.8 ശതമാനം).