പുകയേറ്റാൽ തെങ്ങിൽ വിളവേറും. തെങ്ങിൻ തോപ്പുകളിൽ കരിയില കൂട്ടി തീയിടുന്നതു വഴി കാർബൺ ഡൈഓക്സൈഡ് ഉൽപാദിപ്പിക്കപ്പെടും. ആ വഴി പ്രകാശ സംശ്ലേഷണം കൂടുകയും ഇത് വിള വർദ്ധനവിന് കാരണമാകുകയും ചെയ്യും.
ഉണക്കിനെ ചെറുക്കാൻ തെങ്ങിൻ തടിയിൽ പൂശുന്ന കുമ്മായ മിശ്രിതത്തിന്റെ നിറം ചുവന്നു വരുന്നതു വരെ പച്ച മഞ്ഞളിന്റെ നീര് ചേർക്കുന്ന രീതി ചില കേര കർഷകർക്കിടയിലുണ്ട്. മഞ്ഞൾ ചേർത്ത് കുമ്മായം തെങ്ങിൻ തടിയിൽ ആവരണം പോലെ പ്രവർത്തിക്കുകയും താപ വികിരണത്തിന് തടസ്സം നിൽക്കുകയും ചെയ്യുന്നു.
വേനൽക്കാലത്ത് തെങ്ങുകൾക്ക് ജലസേചനം നടത്തിയാൽ കൂടുതൽ തേങ്ങ കൂടുതൽ വലിപ്പത്തിൽ ലഭ്യമാകുമെന്ന് കേര കർഷകരെ അനുഭവം പഠിപ്പിക്കുന്നു. തെങ്ങൊന്നിന് ദിവസം 50 ലിറ്റർ വെള്ളമാണ് വേനലിൽ നൽകേണ്ടത്.
വേനൽക്കാലത്ത് തെങ്ങിൻ തൈകൾക്ക് മതിയായ തണൽ ലഭ്യമാക്കേണ്ടതുണ്ട്. കൂടാതെ, എല്ലാ ദിവസവും തെങ്ങിൻ തൈയ്ക്ക് 10 ലിറ്റർ വീതമെങ്കിലും വെള്ളം നൽകുകയും വേണം. വെള്ളത്തിന് ക്ഷാമമുണ്ടെങ്കിൽ തൈ തെങ്ങിന്റെ കടയ്ക്കൽ മൺകുടത്തിൽ ദ്വാരമിട്ട് തുണിയുടെ തിരിയിട്ട് അതിൽ വെള്ളം നിറച്ച് വയ്ക്കണം.
തെങ്ങിൻ തടത്തിൽ തെങ്ങോല, ചകിരി മുതലായ വസ്തുക്കൾ നിക്ഷേപിക്കുന്നതും നല്ലതാണെന്ന് ചൂണ്ടിക്കാട്ടുന്നു.
തെങ്ങിന് തടം കോരി വളം ചേർക്കാനും വിത്തു തേങ്ങ പാകാനും രോഹിണി ഞാറ്റുവേലയാണ് ഉത്തമമെന്ന് പഴമക്കാർ പറയുന്നു. മെയ് 24 മുതൽ ജൂൺ 7 വരെയാണ് രോഹിണി ഞാറ്റുവേല.
തെങ്ങിൻ പറമ്പ് കിളയ്ക്കാൻ പറ്റിയ സമയം മകം ഞാറ്റുവേലയാണ്. ആഗസ്റ്റ് 16 മുതൽ 30 വരെയാണ് മകം ഞാറ്റുവേല. ചിത്തിര ഞാറ്റുവേലയും വളം ചെയ്യാൻ നല്ലതാണ്. ഒക്ടോബർ 10 മുതൽ 23 വരെയാണ് ഈ ഞാറ്റുവേല. വിത്തു തേങ്ങ സംഭരിക്കാൻ നല്ലത് അവിട്ടം ഞാറ്റുവേലയാണെന്നും പരമ്പരാഗത വിശ്വാസമുണ്ട്.
തെങ്ങുണ്ടെങ്കിൽ തേനീച്ചക്കൂടും വേണം എന്നതാണ് ചൊല്ല്. പരാഗവാഹകർ കൂടിയായ തേനീച്ചകൾ പൂങ്കുലകൾക്കു ചുറ്റും മൂളി പറക്കുന്നതും തെങ്ങിന് ഗുണം ചെയ്യുന്നുണ്ടെന്നാണ് പറയുന്നത്.
ഇടവപ്പാതി അകത്തും തുലാമഴ പുറത്തും എന്നാണ് വയ്പ്പ്. അതായത് കാലവർഷത്തിനു മുൻപ് തെങ്ങിന്റെ കട തുറക്കുകയും, തുലാവർഷത്തിന് മുൻപ് അടയ്ക്കുകയും ചെയ്യണം എന്ന് സാരം.
ഓലകൾ പരസ്പരം സ്പർശിക്കാത്തത്ര അത് അകലത്തിലാണ് തെങ്ങ് വളരുന്നതെങ്കിൽ കുലകൾ കനക്കും എന്നാണ് പ്രമാണം. തെങ്ങിന്റെ ഓലകൾ നിഴൽ തട്ടാത്ത വിധമാണെങ്കിൽ (തണൽ) അവയ്ക്ക് ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കും, അന്നജ നിർമ്മാണം സുഗമമാകും. ഇതു വഴി കൂടുതൽ വിളവുണ്ടാകും. ഒരു സെന്റിന് ഒരു തെങ്ങ് എന്ന സമവാക്യത്തിനും കാരണമിതാണ്.
പാതി പ്രായമെത്തിയ തെങ്ങിന്റെ വിത്തു തേങ്ങയ്ക്ക് ഗുണമേറും. തെങ്ങിന്റെ പാതി പ്രായം 20 വർഷമാണ്. ഇരുപതു വർഷമെത്തിയ തെങ്ങിന്റെ തേങ്ങയാണ് വിത്തിന് ഉത്തമം എന്ന് സാരം. ആദി, പാതി, ഞാലി, പീറ്റ് എന്നും പഴമൊഴിയുണ്ട്. അതായത് പ്ലാവിൻ തൈ മുളപ്പിക്കാൻ കന്നികായ്ച്ച പ്ലാവിന്റെ ചക്കക്കുരുവും, വിത്തിനായി പകുതി പ്രായമായ തെങ്ങിൽ നിന്നുള്ള തേങ്ങായും, പുതിയ വെറ്റിലക്കൊടി മുളപ്പിക്കാൻ ഞാലികണ്ണിയിൽ നിന്നുള്ള തണ്ടും, വിത്തടയ്ക്ക് ഏറ്റവും പ്രായം കൂടിയ കവുങ്ങിൽ നിന്നുള്ള പഴുക്കയും വേണം ശേഖരിക്കേണ്ടത്.
ദിക്കു നോക്കിയാകണം തൈ നടീൽ. തെങ്ങിൻ തൈകൾ നടുന്നത് തെക്കു വടക്ക് ദിശയിലായാൽ പരമാവധി സുര്യപ്രകാശം ഓരോ തെങ്ങിനും ലഭിക്കും എന്നതു കൊണ്ടാണ് ദിക്കു നോക്കിയാകണം തൈ നടീൽ എന്നു പറയുന്നത്.