കുരുമുളകു ചെടിയുടെ പ്രധാന തണ്ടിന്റെ വശങ്ങളിലേക്കു വളരുന്ന പാർശ്വശാഖകൾ ഉപയോഗിച്ചാണ് കുറ്റികുരുമുളക് ഉണ്ടാക്കുന്നത്. ഇവ ചെടിച്ചട്ടിയിലോ നിലത്തോ വളർത്തുകയും ചെയ്യാം. പാർശ്വശാഖകൾ നാലഞ്ച് മുട്ടുകൾ വീതം നീളമുള്ള കഷണങ്ങളായി മുറിച്ചെടുത്തു അഗ്രഭാഗത്തുള്ള ഇല ഒഴിച്ച് ബാക്കി എല്ലാ ഇലകളും മുറിച്ചു മാറ്റണം. പാർശ്വശാഖകൾ വേരുപിടിച്ചു കിട്ടാൻ പ്രയാസമായതിനാൽ തണ്ടിന്റെ അറ്റം ഏതെങ്കിലും റൂട്ടിംഗ് ഹോർമോണിൽ മുക്കിയെടുത്തു വേണം നടാൻ.
ഐബിഎ എന്ന ഹോർമോൺ 200 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയ ലായനി ഇതിനായി ഉപയോഗിക്കാവുന്നതാണ്.
വേരുപിടിപ്പിക്കാൻ പറ്റിയ സമയം സെപ്റ്റംബർ മുതൽ ജനുവരി വരെയുള്ള മാസങ്ങളാണ്.
ചെടിച്ചട്ടികളിൽ മണ്ണ്, മണൽ, ചാണകപ്പൊടി എന്നിവ തുല്യ അളവിൽ കൂട്ടിക്കലർത്തിയ പോട്ടിംഗ് മിശ്രിതത്തിൽ വേരുപിടിപ്പിച്ച തൈകൾ നടാം. മഴക്കാലത്തു ചെടിയുടെ ചുവട്ടിൽ വെള്ളം കെട്ടികിടക്കാതെ സൂക്ഷിക്കണം.
വേനൽക്കാലത്തു തണൽ കൊടുക്കണം. മൂന്നു മാസത്തിലൊരിക്കൽ ഒരു ചെടിക്ക് 100 ഗ്രാം ഉണക്കി പൊടിച്ച ചാണകവും 30 ഗ്രാം 10:6:14 എൻപികെ രാസവള മിശ്രിതവും ചേർത്തു കൊടുക്കണം. നട്ട് ഒരു വർഷം കഴിയുമ്പോൾ ചെടികൾ കായ്ച്ചു തുടങ്ങും. രണ്ടാം വർഷം മുതൽ ശരിയായ വിളവു ലഭിച്ചു തുടങ്ങും. നന്നായി പരിപാലിച്ചാൽ ഒരു ചട്ടിയിൽ നിന്ന്
വർഷത്തിൽ ഒരു കിലോ ഗ്രാം ഉണങ്ങിയ കുരുമുളകു ലഭിക്കും. ഗ്രോബാഗുകളിലും മട്ടുപ്പാവിലും കുറഞ്ഞ മുതൽ മുടക്കിൽ ഇതു വളർത്തിയെടുക്കാം. ഇൻഡോർ പ്ലാന്റായും അലങ്കാരച്ചെടിയായും ഇതു ഉപയോഗിക്കാവുന്നതാണ്.