ഒരു കുറ്റികുരുമുളക് ചെടിയിൽ പത്തിൽ കൂടുതൽ കുരുമുളക് ഗ്രാഫ്റ്റ് ചെയ്യാം എന്നാണു പ്രമോദിന്റെ അഭിപ്രായം. ഇങ്ങനെയായാൽ സാധാരണയിൽ കൂടുതൽ ഇരട്ടി വിളവ് ലഭിക്കും എന്നാണ് അനുഭവസാക്ഷ്യം. നല്ല വിളവ് തരുന്ന കുരുമുളക് ഇനങ്ങൾ നോക്കി ഗ്രാഫ്റ്റ് ചെയ്താൽ ഒരു മാസം അഞ്ചു കിലോയിൽ കൂടുതൽ ഒരു ചെടിയിൽ നിന്ന് ലഭിക്കും എന്ന് എറണാകുളം ജില്ലയിലെ മുളന്തുരുത്തി ആമ്പല്ലൂർ ഭാഗത്തുള്ള കർഷകനായ പ്രമോദ് പറഞ്ഞു.
കണ്ണിത്തലകൾ നേരിട്ട് നട്ടോ കാട്ടു തിപ്പലിയിൽ ഗ്രാഫ്റ്റു ചെയ്തോ കുറ്റിക്കുരുമുളക് ഉണ്ടാക്കാം. ഗ്രാമപ്രദേശങ്ങളിലും ഫ്ളാറ്റുകളിലും താമസിക്കുന്നവർക്ക് ചട്ടിയിൽ കൃഷി ചെയ്ത് വർഷം മുഴുവനും കുരുമുളക് ലഭിക്കും. താങ്ങുകാലുകൾ ആവശ്യമില്ലാത്തതിനാൽ കൃഷിപ്പണികളും വിളവെടുപ്പും അനായാസം. കാട്ടുതിപ്പലിയിൽ ഗ്രാഫ്റ്റു ചെയ്താൽ കൂടുതൽ രോഗ പ്രതിരോധശേഷിയും ദീർഘകാല വിളവും ലഭിക്കും. കുറ്റിക്കുരുമുളക് വേര് പിടിപ്പിക്കാൻ ഏറ്റവും അനുയോജ്യമായ സമയം നവംബർ മുതൽ മാർച്ച് മാസം വരെയാണ്. 1 വർഷം പ്രായമായ കണ്ണിത്തലകൾ രാവിലെയോ, വൈകുന്നേരമോ മുറിച്ചെടുക്കുക. 3-4 മുട്ടോടു കൂടിയ കണ്ണിത്തലയുടെ അറ്റം സ്യൂഡോമോണസ് ലായനിയിൽ 20 മിനിട്ട് മുക്കിവെക്കുക (250 ഗ്രാം സ്യൂഡോമോണസ് 750 മി.ലി വെള്ളത്തിൽ ലയിപ്പിച്ചത്) അതിനുശേഷം വേര് പിടിപ്പിക്കാൻ ഉപയോഗിക്കുന്ന ഹോർമോൺ പൊടിയിൽ മുക്കി കൂടുതൽ ഉള്ള പൗഡർ തട്ടികളയുക.
മണ്ണ്, മണൽ, ചാണകപ്പൊടി 1:1:1 അനുപാതത്തിൽ പോട്ടിംഗ് മിശ്രിതം 25x10 സെ.മീ വലിപ്പമുള്ള പോളിബാഗിൽ നിറക്കുക. രണ്ടോ മൂന്നോ കണ്ണിത്തലകൾ വീതം ഒരു കവറിൽ നടാം. നട്ടതിനു ശേഷം ചെടി നന്നായി നനച്ച് കവറുകൾ ചെറിയ പോളിടെന്റുകൾ ഉപയോഗിച്ച് മൂടുക. 60 ദിവസത്തിനു ശേഷം വേരു പിടിച്ച തൈകൾ 15 ദിവസം തണലിലേക്ക് മാറ്റണം. അതിനു ശേഷം ചെടികൾ തോട്ടത്തിലേക്കോ, ചട്ടിയിലേക്കോ മാറ്റി നടാം.10 കിലോഗ്രാം പോട്ടിംഗ് മിശ്രിതം കൊള്ളുന്ന ചട്ടിയിലേക്കാവണം കവറിൽ നിന്നും തൈകൾ മാറ്റേണ്ടത്. നട്ട തൈകൾ നേരിട്ട് സൂര്യപ്രകാശം പതിക്കുന്ന സ്ഥലങ്ങളിൽ വയ്ക്കരുത്. വിളവ് കുറയും. എല്ലാ ദിവസവും ഇലകൾ നനയുന്ന വിധം നല്ലവണ്ണം നനയ്ക്കണം.
കുറ്റിക്കുരുമുളക് ഗ്രാഫ്റ്റിംഗിലൂടെ
ഗ്രാഫ്റ്റിംഗിലൂടെ ഉൽപാദിപ്പിക്കുന്ന കുറ്റിക്കുരുമുളകിന് കൂടുതൽ രോഗപ്രതിരോധശേഷിയും ഉയർന്ന വിളവും കാലദൈർഘ്യവും ലഭിക്കുന്നു. ഇതിൽ റൂട്ട് സ്റ്റോക്കായി പെപ്പർ കൊളുബ്രിനം എന്ന കാട്ടുതിപ്പലിയും, ഹാമിൽട്ടണി, കോട്ടയ്ക്കൽ എന്നീ വിഭാഗത്തിൽ പെടുന്ന ചെടികളും ഉപയോഗിക്കുന്നുണ്ട്. ഗ്രാഫ്റ്റ് ചെയ്യുകയാണെങ്കിൽ നല്ല ശതമാനം ചെടികളും പിടിച്ചുകെട്ടും. ഒട്ടിക്കലിനായി പോളിത്തീൻ കൂടുകളിൽ പാകി വേരുപിടിപ്പിച്ച ചെടിയിലേക്ക് കുരുമുളക് കണ്ണിത്തലകൾ ഗ്രാഫ്റ്റ് ചെയ്യുകയാണ് പതിവ്. 5-12 വർഷം പ്രായത്തിലുള്ള അത്യുൽപാദന ശേഷിയുള്ള കുരുമുളക് ഇനങ്ങളിൽ നിന്ന് ഒരു വർഷം പ്രായമായ പച്ചനിറമുള്ള കണ്ണിത്തലകൾ ആറു മാസം പ്രായമായ തായ് തണ്ടിനോട് വേണം ഗ്രാഫ്റ്റ് ചെയ്ത് ചേർക്കാൻ. വെഡ്ജ് ഗ്രാഫ്റ്റിംഗ് ആണ് കുറ്റിക്കുരുമുളകിന് അനുയോജ്യമായ രീതി. കൂടുതൽ പ്രായമായ തണ്ട് ഗ്രാഫ്റ്റ് ചെയ്യുമ്പോൾ അടർന്ന് പോകാനും കായ്ഫലം കുറയാനും സാധ്യതയുണ്ട്
പരിചരണം കൂടുംന്തോറും കുറ്റിക്കുരുമുളകിന്റെ ഫലവും കൂടും. കുറച്ച് തണലുള്ള സ്ഥലങ്ങളിൽ വേണം ചട്ടികൾ വെയ്ക്കാൻ. നട്ടുകഴിഞ്ഞ് രണ്ടുമാസത്തിലൊരിക്കൽ വള പ്രയോഗം നടത്താം. ജൈവവളമാണ് പ്രയോഗിക്കുന്നതെങ്കിൽ 200 ഗ്രാം ചാണകപ്പൊടി, 15 ഗ്രാം കടലപ്പിണ്ണാക്ക്, 30 ഗ്രാം വേപ്പിൻ പിണ്ണാക്ക് എന്നിവ ചട്ടിയിൽ ചേർത്ത് കൊടുക്കാം. സൂര്യ പ്രകാശം നേരിട്ട് ഏൽക്കാത്ത സ്ഥലങ്ങളിൽ ചട്ടികൾ സൂക്ഷിക്കാം.
രാസവളം ഉപയോഗിക്കുന്നുണ്ടങ്കിൽ ഒരു ചട്ടിയിലേക്ക് 2 ഗ്രാം യൂറിയ, 2.5 ഗ്രാം രാജ്ഫോസ്, 3.5 ഗ്രാം പൊട്ടാഷ് എന്നിവ രണ്ട് മാസത്തിലൊരിക്കൽ ചേർത്തുകൊടുത്താൽ നല്ലത്. ചെടികൾ കുറ്റി ആയി വളരുന്നതിന് ആവശ്യമെങ്കിൽ പ്രൂണിംഗ് ചെയ്ത് കൊടുക്കണം. കുറ്റിക്കുരുമുളകിന്റെ ഉത്പാദനം വർദ്ധിപ്പിക്കാനായി 19:19:19 (3 ഗ്രാം 1 ലിറ്റർ), സൾഫേറ്റ് ഓഫ് പൊട്ടാഷ് (10 ഗ്രാം 1 ലിറ്റർ) എന്നീ വെള്ളത്തിലലിയുന്ന രാസവളങ്ങൾ ഒന്നിടവിട്ട മാസങ്ങളിൽ തളിച്ചു കൊടുക്കുന്നതും നല്ലതാണ്. കുറ്റിക്കുരുമുളകിന് തുള്ളി നനയും ഫലപ്രദമാണ്.
കുറ്റിക്കുരുമുളകിന് താരതമ്യേനെ കീടരോഗങ്ങൾ കുറവാണ്. ചട്ടി ഒന്നിന് 20 ഗ്രാം വീതം (VAM)ചേർത്തു കൊടുക്കുന്നത് വേരിന്റെ വളർച്ചയെ ത്വരിതപ്പെടുത്തുന്നതോടൊപ്പം കീടരോഗങ്ങളിൽ നിന്നുള്ള സംരക്ഷണവും നൽകുന്നു. 5 മി.ലി സ്യൂഡോമോണസ് 1 ലിറ്റർ വെള്ളത്തിൽ കലക്കി 2 ആഴ്ച ഇടവിട്ട് ചെയ്യുന്നത് കുമിൾ രോഗങ്ങളിൽ നിന്ന് ചെടിയെ സംരക്ഷിക്കുന്നു. ഇലപ്പേൻ, ശകീടങ്ങൾ എന്നിവയുടെ ആക്രമണം കണ്ടാൽ വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിക്കാം. വീടിന്റെ സിറ്റൗട്ടിലെ അലങ്കാരത്തിനൊപ്പം വീട്ടിലെ ആവശ്യങ്ങൾക്കും വരുമാനവും നേടിത്തരുന്നതാണ് കുറ്റിക്കുരുമുളക്, ഫ്ളാറ്റുകളിലും അടുക്കളത്തോട്ടങ്ങളിലും ഇടവിളയായും ഇത് കൃഷി ചെയ്യാവുന്നതാണ്.
Phone : 6282680681, 6235580681