കർണാടകത്തിലെ ഗഡഗ്, ധാർവാഡ്, ഹാവേരി, ബെല്ലാരി, ഷിമോഗ, ചിത്രദുർഗ തുടങ്ങിയ ജില്ലകളിൽ (ബാഡഗി മേഖല) വ്യാപകമായി കൃഷി ചെയ്യപ്പെടുന്ന കടുംചുവപ്പു നിറമുള്ള പിരിയൻ മുളകാണ് ബാഡഗി മുളക്. ബാഡഗി, ഹാവേരി ജില്ലയിലെ ഒരു പട്ടണമാണ്. ഉദ്ദേശം 1, 45,000 ഹെക്ടർ പ്രദേശത്തു ബാഡ്ഗി മുളക് കൃഷി ചെയ്തു വരുന്നു. മുളകിന് എരിവ് നൽകുന്ന ക്യാപ്സിന്റെ (Capsaicin) അളവ് തുലോം തുച്ഛമായതിനാൽ (0. 03 %) ഈ മുളകിന് എരിവ് തീരെ കുറവാണ്.
ഒരു സവിശേഷതരം സൗരഭ്യം
തീരെ കുറഞ്ഞ എരിവിനു പുറമെ, ഒരു സവിശേഷതരം സൗരഭ്യം പുറപ്പെടുവിക്കുന്ന ഇവ, പഴുത്തു പരിപാകമാകുമ്പോൾ നല്ല ചുളിവുകളോട് കൂടിയവയാണ്. മുളകിന് 12-15 സെന്റീമീറ്റർ നീളവും നേർത്തതുമാണ്. മുളക് ചെടി ഒരു മീറ്റർ ഉയരത്തിൽ വളരുന്നു. നീളമുള്ള ഇവയുടെ ഇലകൾ ഇളം പച്ച നിറമുള്ളതും നേർത്തതുമാണ്.
വാർഷിക വർഷപാതം 500 മുതൽ 800 മില്ലിമീറ്റർ വരെയും, 20 മുതൽ 38 ഡിഗ്രി സെൽഷ്യസ് വരെ താപനിലയും ഇവയുടെ വളർച്ചക്കാവശ്യമാണ്. ഉഷ്ണമേഖലാ മിതോഷ്ണ മേഖലാ പ്രദേശങ്ങളിലാണ് ബാഡഗി മുളക് നന്നായി വളരുന്നത്. പിഎച്ച് മൂല്യം 5.5 മുതൽ 6.5 വരെയുള്ള പൊട്ടാഷിൽ സമ്പന്നമായ കറുപ്പും ചുവപ്പും നിറഞ്ഞ പശിമരാശി അല്ലെങ്കിൽ കറുത്ത പരുത്തി മണ്ണ് ഇവയുടെ വളർച്ചക്ക് ഉത്തമമാണ്.
ബാഡഗി മുളകിന്റെ വളർച്ച
ബാഡഗി മുളകിന്റെ വളർച്ചക്ക് ഇളം ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥയാണ് അനുയോജ്യമെങ്കിലും മുളക് മൂപ്പെത്തുമ്പോൾ വരണ്ട കാലാവസ്ഥയാണ് ആവശ്യം. ഗഡഗ്, ധാർവാഡ്, ഹാവേരി ജില്ലകളിൽ പ്രധാനമായും മഴയെ ആശ്രയിച്ചുള്ള കൃഷിയാണ്. അതു പോലെ കീടനാശിനി ഉപയോഗം വളരെ കുറവുമാണ്.
മുളക് ഉപഭോക്താക്കളുടെ ഇടയിൽ പ്രിയമേറെയാണ്. കർണാടകത്തിലെ പല ഉഡുപ്പി വിഭവങ്ങളുടെയും അടിത്തറയാണ് ബാഡഗി മുളക് പൊടി, ഈ മുളകിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഒലിയോറെസിൻ (oleoresin) എന്ന ചുവന്ന നിറമുള്ള എണ്ണ, മിഠായികൾ, ലഹരി പദാർത്ഥങ്ങൾ എന്നിവയുണ്ടാക്കുമ്പോൾ നിറം നൽകാനായി (colouring agent) ഉപയോഗിക്കുന്നതിന് പുറമേ അമേരിക്കയിലും യൂറോപ്പിലുമൊക്കെ നെയിൽ പോളിഷും ലിപ്സ്റ്റിക്കും വരെ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു.
ഒരു ടൺ ബാഡഗി മുളകിൽ നിന്ന് 50 ലിറ്റർ ഒലിയോറെസിൻ വേർതിരിച്ചെടുക്കാൻ കഴിയും. കർണാടകയിലെ വടക്കൻ ജില്ലകളിലെ സവിശേഷ ഭൂമിശാസ്ത്ര -കാലാവസ്ഥ ഘടകങ്ങൾ, മറ്റ് മുളകുകളിലില്ലാത്ത സവിശേഷതകൾ ബാഡ്ഗി മുളകിന് പ്രദാനം ചെയ്യുന്നു.