പാലക്കാട്ടു നിന്നും പത്തനംതിട്ടയിലേക്ക് കുടിയേറിയതാണ് ഫോട്ടോഗ്രാഫറായ ഈ കർഷകൻ. പാലക്കാട്ടു നിന്നും പോന്നപ്പോൾ മനസ്സിൽ കൊണ്ടു പോന്നതാണ് കൃഷി. പക്ഷെ സ്റ്റുഡിയോ നടത്തിപ്പിനിടയിൽ ആഗ്രഹം മുഴുവനാക്കാനായില്ല. 6 വർഷം മുമ്പ് സ്റ്റുഡിയോ മകനെ ഏൽപ്പിച്ചപ്പോൾ മുതൽ ഒരു പൂർണ്ണ സമയ കർഷകനായി.
പാരമ്പര്യമായി കിട്ടിയ കൃഷി അറിവുകൾ മാത്രമായിരുന്നു മുതൽക്കൂട്ട്. ആയതിനാൽ രാസവളമോ, കീടനാശിനിയോ ഒന്നും പ്രയോഗിച്ചിരുന്നില്ല. എന്നാൽ കോട്ടയം എം.ജി.യൂണിവേഴ്സിറ്റിയിലെ ജൈവകൃഷി സർട്ടിഫിക്കറ്റ് കോഴ്സ് പഠിച്ചപ്പോഴാണ് പാരമ്പര്യ കൃഷിയിൽ നിന്നും എത്ര വിഭിന്നമാണ് യഥാർത്ഥ ജൈവകൃഷി എന്ന് മനസ്സിലായത്.
വീടിരിക്കുന്ന 20 സെന്റ് സ്ഥലത്തും വീടിനുമുകളിൽ മട്ടുപ്പാവിലുമാണ് കൃഷി ചെയ്യുന്നത്. 20 സെന്റിൽ ഒരു സിൽപ്പോളിൻ മീൻകുളവും ഉണ്ട്. മീൻകുളത്തിലെ അടിയിലുള്ള യൂറിയ സമ്പന്നമായ വെള്ളമാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. ആയതിനാൽ കൃഷിയിൽ വളപ്രയോഗം കുറച്ചു മതി. ഊർജ്ജസ്വലതയുള്ള ചെടികളും. അക്വാപോണിക് സിന്റെ അല്പം കൂടി സുതാര്യമായ പ്രയോഗം പരീക്ഷിക്കുന്നു.
പുതിയ ജലം കുളത്തിന് മുകൾഭാഗത്ത് ഒഴിച്ചു കൊടുക്കും. കുളത്തിൽ രോഹു, കട്ട എന്നിവയും. ടെറസ്സിൽ കാരറ്റ്, കാബേജ്, ക്വാളിഫ്ളവർ, ബീറ്റ്റൂട്ട്, സവാള, വെളുത്തുള്ളി, വിവിധതരം തക്കാളി, ചോളം മുതലായവയും. പറമ്പിൽ വാഴയും മറ്റു പച്ചക്കറികളും. ഇടക്ക് രക്തശാലി നെൽകൃഷിയും ചെയ്യുന്നു. ഭാര്യയും മകനും മരുമകളും ഒക്കെ സമയം കിട്ടുമ്പോൾ കൃഷിയിൽ സഹായിക്കും. മകൾ എറണാകുളം ലിസ്സി ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു.