കാബേജ് വിറ്റാമിൻ സി അടങ്ങിയതും ഹൃദയാഘാതം തടയുന്നതിനും ദഹന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും വളരെ പലപ്രദമാണ്. ചുവന്ന കാബേജിൽ വിറ്റാമിൻ കെ അടങ്ങിയിട്ടുണ്ട്.
നിലമൊരുക്കലും നടീലും
നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്തു വേണം കൃഷി ചെയ്യുവാൻ. രണ്ട് മൂന്നു തവണ നന്നായി ഉഴുതുമറിച്ച് കട്ടകൾ തട്ടിയുടച്ചു നിരപ്പാക്കിയതിൽ 60 സെന്റീമീറ്റർ ഇടവിട്ട് ചാലുകൾ എടുക്കണം ഈ ചാലുകളിൽ 40 സെന്റീമീറ്റർ അകലം നൽകി തൈകൾ നടാവുന്നതാണ്.
പരിപാലനം
ശീതകാല പച്ചക്കറിയായ കാബേജിന്റെ വിത്തുകൾ ചട്ടികളിൽ പാകി തൈകളാക്കിയതിനു ശേഷം നടുന്നതാണ് നല്ലത്. ഒക്ടോബർ മാസത്തിലാണ് വിത്തുകൾ പാകേണ്ടത്. നവംബർ മാസത്തിലാണ് പറിച്ചു നടേണ്ടത്. മണൽ, മേൽ മണ്ണ്, ചാണകപൊടി എന്നിവ ചേർത്ത് മണ്ണ് നന്നായി ഇളക്കി കട്ടയും കല്ലും നീക്കം ചെയ്ത് അതിനു ശേഷം അടിവളമായി എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക്, ചാണകപ്പൊടി എന്നിവ നൽകി ക്യാബേജ് തൈകൾ നടാം. തൈകൾ നടുമ്പോൾ വെയിൽ ഏൽക്കാത്ത രീതിയിൽ പുതയിടുക. ജലം ആവശ്യത്തിനു മാത്രം. രണ്ടാഴ്ചയിൽ ഒരിക്കൽ ചാണകം, ചാരം, കമ്പോസ്റ്റ്, ആട്ടിൻ കാഷ്ടം എന്നിവയും എല്ലുപൊടിയും ചേർത്ത് മണ്ണിളക്കി കൊടുക്കുക,
രോഗങ്ങൾ തടയാനായി ആവണക്കിൻ പിണ്ണാക്കും സ്യൂഡോമോണസും ചേർത്ത് കൊടുക്കുന്നതും നല്ലതാണ്. ഗോമൂത്രം കാന്താരി മിശ്രിതം 10 ദിവസത്തിലൊരിക്കൽ തളിച്ചു കൊടക്കുന്നത് ഇലതീനി പുഴുക്കളെ നശിപ്പിക്കാൻ സഹായിക്കും ഇലകൾ കൂടിവരുമ്പോൾ വാഴനാരോ ഓലയോ ഉപയോഗിച്ച് കൂട്ടികെട്ടി കൊടുക്കാം. ഇത് കാബേജിന് ഉരുണ്ട രൂപം ലഭിക്കുവാൻ സഹായിക്കും.