കേരളത്തിൽ ധാരാളമായി ഉപയോഗിച്ചുവരുന്ന ഒരു ശീതകാല പച്ചക്കറിയാണ് കാബേജ് അഥവാ മുട്ടക്കൂസ്. ഇതിന്റെ ജന്മദേശം യുറോപ്പാണ്. ക്രൂസിഫെറേ കുടുംബത്തിൽപെട്ട ഈ സസ്യത്തിന്റെ മൊട്ടാണ് ഭക്ഷ്യവസ്തുവായി ഉപയോഗിക്കുന്നത്. മുട്ടയുടെ ആകൃതിയിലാണ് ഇതിന്റെ മൊട്ട് എന്നതിനാൽ മുട്ടക്കൂസ് എന്നിതിനെ വിളിക്കുന്നത്.
മുമ്പ് തണുപ്പു കൂടുതലുള്ള പ്രദേശത്താണ് ഇവ കൃഷി ചെയ്തിരുന്നതെങ്കിലും ഇപ്പോൾ എല്ലായിടത്തും ഇതു കൃഷി ചെയ്യാറുണ്ട്. കേരളത്തിൽ ഇത് ആവശ്യത്തിനു മതിയാകുന്നത് എത്തിച്ചേരുന്നത് അന്യസംസ്ഥാനത്തിൽ നിന്നാണ്. ഗംഗ, ശ്രീഗണേഷ്, പ്രൈഡ് ഓഫ് ഇന്ത്യ, കാവേരി, പൂസ ഡ്രംഹെഡ് എന്നിവ മെച്ചപ്പെട്ട കാബേജ് ഇനങ്ങളാണ്.
കൃഷിരീതി
പി എച്ച് മൂല്യം 5.5 മുതൽ 6.5 വരെയുള്ള മണ്ണാണ് കാബേജിന് അനുയോജ്യം. ജൈവവളം ചേർത്തു നന്നായി ഇളക്കിയ മണ്ണ് തടങ്ങളാക്കി അതിലാണ് വിത്തുകൾ പാകേണ്ടത്. 25 ദിവസത്തിനുള്ളിൽ വിത്തു മുളച്ച് വളർന്ന് പറിച്ചുനടാൻ പാകമെത്തും. നാലോ അഞ്ചോ ഇലയുള്ള അവസ്ഥയിലാണു പറിച്ചുനടേണ്ടത്.
നൈട്രജന്റെ അംശം കാബേജിന്റെ വളർച്ചയ്ക്ക് ആവശ്യമായതിനാൽ കാലിവളം, കമ്പോസ്റ്റ്, മറ്റു ജൈവവളം എന്നിവ ചേർത്ത് മണ്ണു സമ്പുഷ്ടമാക്കിയ ശേഷം നീളത്തിലുള്ള പാത്തികളും തടങ്ങളും എടുക്കണം. ഇവയിൽ 45 സെ.മീ. അകലത്തിൽ വരിയായി കാബേജ് തൈകൾ നടാം. വെള്ളം കെട്ടി നിൽക്കാത്ത രീതിയിൽ നനച്ചു കൊടുക്കണം. സസ്യത്തിന്റെ മുകൾഭാഗത്തുള്ള ഇലകൾ മുട്ടയുടെ ആകൃതിയിൽ കൂമ്പി വളർന്ന് നിശ്ചിത വലിപ്പത്തിൽ എത്തിക്കഴിഞ്ഞാൽ അതു വിളവെടുക്കാവുന്നതാണ്.