അലങ്കാര ഇലച്ചെടികളുടെ കൂട്ടത്തിലെ സീബ്രാ സുന്ദരിയാണ് "കലേത്തിയ ' .പ്രധാനമായും രണ്ടിനമുണ്ട്. കലേത്തിയ സെബീനയും കലേത്തിയ പിക്ചുറേറ്റയും. ഇവയിൽ പ്രധാനി സെബീനയാണ്.
"സെബീന' എന്ന പേരു പോലും സീബ്ര എന്ന വാക്കിൽ നിന്നെത്തി എന്നു വേണം കരുതാൻ. പേര് സൂചിപ്പിക്കുന്നതുപോലെ സെബീന, കാഴ്ചയ്ക്ക് വരയൻ കുതിരയുടേതു പോലെ വരകളുള്ള ഇലകൾ ചൂടിയാണ് വളരുന്നത്. അതു കൊണ്ടു തന്നെ ഇതിന് സീബാച്ചെടി എന്നും പേരുണ്ട്.
ഇലയ്ക്ക് മൊത്തത്തിൽ ഇളം പച്ച നിറമെങ്കിലും ഇലയുടെ നടു ഞരമ്പും സിരകളുമൊക്കെ നല്ല കടുത്ത പച്ചനിറമുള്ളതും മൃദുവുമാണ്. ഇലത്തണ്ടിന് നല്ല ദൃഢതയുണ്ട്. മാത്രമല്ല, ഇലകൾ ചെടിയിൽ വലിയ ചരിവില്ലാതെ ഏതാണ്ട് കുത്തനെ തന്നെയാണുണ്ടാകുന്നത്.
കലേത്തിയയുടെ ഏതാണ്ട് എല്ലാ ഇനങ്ങൾക്കും ഇലകൾ അണ്ഡാകൃതിയുള്ളതും ഇലകളിൽ വ്യക്തമായ വരകളുള്ളതും വ്യക്തമായ 'ബോർഡർ' ഉള്ളതുമായിരിക്കും.
കലേത്തിയ സെബീന എന്ന ഇനം ഇടത്തരം ഉയരത്തിൽ വളരുന്നതും തണുപ്പും നനവും ഇഷ്ടപ്പെടുന്നതുമാണ്. നേരിട്ടുള്ള സൂര്യ പ്രകാശത്തു വച്ചാൽ ഇലകൾ നിറഭേദം വന്ന് ബ്രൗൺ ആയി ചുരുളാൻ തുടങ്ങും. കൂടാതെ ആഴ്ചയിലൊരിക്കലെങ്കിലും സെബീനയുടെ ഇലകൾ വളരെ ശ്രദ്ധയോടെ ഇളം ചൂടുള്ള വെള്ളമുപയോഗിച്ച് തുടച്ചു വൃത്തിയാക്കണം അഥവാ 'സ്പോഞ്ച് ചെയ്യണം.
തള്ളച്ചെടിയുടെ ചുവട്ടിൽ ഇടതൂർന്നു വളരുന്ന കുഞ്ഞുതൈകൾ പൊട്ടിച്ചു മാറ്റിയാണ് പുതിയ ചെടികൾ വളർത്തിയെടുക്കേണ്ടത്. ചട്ടിയിൽ നടുന്നതാണു നന്ന്. രണ്ടു ഭാഗം മണ്ണും ഒരു ഭാഗം ജൈവവളവും (ഇലപ്പൊടിയോ ചാണകപ്പൊടിയോ) ഒരു ഭാഗം മണലും കലർത്തിയെടുക്കുന്നതാണ് തൈ നടാനുള്ള പോട്ടിങ് മിശ്രിതം. ചട്ടിയിൽ പോട്ടിങ് മിശ്രിതം നിറയ്ക്കുമ്പോൾ ചട്ടിയുടെ മുകൾപരപ്പിൽ നിന്ന് ഒരു വിരൽ താഴെവരെ മിശ്രിതം നിറയ്ക്കാം. ഇതിൽ വേണം തൈ നടാൻ. ആദ്യ കാലത്ത് നിർബന്ധമായും ഇത് തണലിൽത്തന്നെ വയ്ക്കണം.
ഒരാഴ്ചയിൽ രണ്ടോ മൂന്നോ തവണ വളപ്രയോഗം നടത്താം. ഒരു ചട്ടിക്ക് ഒരു ടേബിൾസ്പൂൺ എല്ലുപൊടിയോ ഒരു ടീസ്പൂൺ സൂപ്പർ ഫോറ്റോ അപൂർവമായി ചേർക്കുന്നതിൽ തെറ്റില്ല. ഇവയൊക്കെ കഴിയുമെങ്കിൽ ദ്രാവകരൂപത്തിൽ ചെടിച്ചുവട്ടിലൊഴിച്ചു കൊടുക്കുന്നതാണു നല്ലത് .