പുന്ന ജാതിയിൽപ്പെട്ട ഗുണമേന്മയേറിയ തടി ലഭിക്കുന്ന നാലിനം വൃക്ഷങ്ങൾ കേരളത്തിലുണ്ട്. ക്ലൂസിയേസ്യ (Clusiaceae) സസ്യകുടുംബത്തിലെ അംഗങ്ങളായ ഇവയിൽ കാട്ടുപുന്ന (Calophyllum polyanthum), ചെറുപുന്ന (Calophyllum austroindicum) എന്നിവ പശ്ചിമഘട്ടത്തിലെ നിത്യഹരിത അർദ്ധ നിത്യഹരിത വനങ്ങളിൽ മാത്രമായി കാണപ്പെടുന്നു. നിത്യഹരിതവനങ്ങൾക്കു പുറമെ അർദ്ധ നിത്യഹരിത വനങ്ങളിലും കാവുകളിലുമായി കാണപ്പെടുന്ന മറ്റൊരു സ്ഥാനീയ വൃക്ഷമാണ് ആറ്റപുന്ന (Calophyllum apetalum).
എന്നാൽ പുന്ന (Calophyllum inophyllum) സാധാരണയായി പുഴയോരങ്ങളിലും കണ്ടൽക്കാടുകളോടു ചേർന്ന സമുദ്രതീരങ്ങളിലുമാണ് കണ്ടുവരുന്നത്. പുന്നയും ആറുപുന്നയും ഏകദേശം ഇരുപത് മീറ്ററോളം ഉയരത്തിൽ വളരുന്നവയാണ്. കാട്ടുപുന്നയും ചെറുപുന്നയും അവയുടെ തനത് ആവാസവ്യവസ്ഥയിൽ ഏതാണ്ട് മുപ്പത്തഞ്ചു മീറ്ററിൽ കൂടുതൽ ഉയരത്തിൽ വളരുന്നു. പുന്ന സസ്യഗണത്തിൽ പെട്ട നാലുവൃക്ഷങ്ങൾക്കും പൊതുവെ ദൃഢമായ തടിയും മഞ്ഞനിറത്തോടു കൂടിയ തൊലിയുമാണുള്ളത്.
ചുവപ്പുകലർന്ന തവിട്ടുനിറത്തിൽ തിളങ്ങുന്ന വരകളോടുകൂടിയ കാതലുള്ള പുന്നമരത്തിന്റെ തടി ചെറുവള്ളങ്ങൾ, തോണി, കൽപായ്മരം. കപ്പലിന്റെ അടിമരം, വീപ്പ എന്നിവയുടെ നിർമ്മിതിയിൽ ഏറ്റവും അനുയോജ്യമായതിനാൽ ഇവ ആവാസവ്യവസ്ഥയിൽ നിന്ന് ധാരാളമായി വെട്ടിമാറ്റപെട്ടു. ആദ്യകാലങ്ങളിൽ കപൽ നിർമ്മാണത്തിന് ആവശ്യമായ തടിയുടെ പ്രധാന സ്രോതസ്സായിരുന്നു ഇവ.
മാത്രമല്ല ആറ്റുപുന്നയിൽ നിന്നുള്ളതെന്നപോലെ ഇവയുടെ വിത്ത് ചതച്ചെടുക്കുന്ന എണ്ണ വിളക്ക് കത്തിക്കുവാനും ത്വക് രോഗങ്ങൾക്കുള്ള ഔഷധനിർമ്മാണത്തിനും ഉപയോഗിച്ചുവരുന്നു. അത്തരത്തിലുള്ള അമിതചൂഷണം കാരണം ഇതിനുണ്ടായ കുറവ് IUCN ന്റെ വംശനാശം സംഭവിക്കുന്ന വർഗ്ഗങ്ങളുടെ പട്ടികയിൽ ഇതിനെ എത്തിച്ചിരിക്കുന്നു. ആറ്റപുന്നയുടെ കാതലിന് മഞ്ഞ കലർന്ന പാടല വർണ്ണമാണുള്ളത്.
കെട്ടിടം, പാലം, ഗൃഹോപകരണങ്ങൾ, ബോട്ട്, കാർഷികോപകരണങ്ങൾ തുടങ്ങിയവയുടെ നിർമ്മാണങ്ങൾക്കു വേണ്ടിയാണ് ഇവ പ്രധാനമായും ഉപയോഗിച്ചുവരുന്നത്. കറുത്ത വരകളോടുകൂടിയ ചുവപ്പു കലർന്ന തവിട്ടുനിറത്തിലുള്ള കാട്ടുപുന്നയുടെ കാതൽ ഗൃഹോപകരണങ്ങൾ, ബ്ലാക്ക്ബോർഡ്, ബോട്ട്, കപ്പൽ മുതലായവയുടെ നിർമ്മാണങ്ങൾക്കു ഉപയോഗിക്കുന്നു.