തെക്കു കിഴക്കൻ ഏഷ്യൻ ഭൂഖണ്ഡത്തിൽ ജന്മംകൊണ്ട ലാങ്-ലാങ് എന്നറിയപ്പെടുന്ന ഒരു മരമാണ് പച്ച ചെമ്പകം. ഇന്തോനേഷ്യയിലും മഡഗാസ്കറിലുമാണ് ഇത് വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്തു വരുന്നത്. ആർദ്രതയുള്ള ഉഷ്ണമേഖല പ്രദേശങ്ങളിൽ പച്ച ചെമ്പകം നന്നായി വളരും. നല്ല വളക്കൂറുള്ള മണൽ കലർന്ന മണ്ണോ അഗ്നിപർവ്വത നിരകളിലെ മണ്ണോ ആണ് പച്ച ചെമ്പകത്തിന് കൂടുതൽ യോജിച്ചത്.
വിത്ത് ഉപയോഗിച്ചാണ് പ്രവർദ്ധനം ചെയ്യുന്നത്. ഇരുപത് വർഷം പ്രായമായ മരത്തിന് 30 മീ. ഉയരം ഉണ്ടാകും. നേർത്ത, അഗ്രഭാഗം കൂർത്ത ഇലകളോടുകൂടിയ ഈ വൃക്ഷത്തിന് മഞ്ഞ കലർന്ന പച്ച നിറത്തിലുള്ള പൂക്കളാണുള്ളത്. നട്ട് രണ്ടാം വർഷം മുതലാണ് പൂവിടുന്നത്. ഏഴ് വർഷം പ്രായമായ മരത്തിൽ നിന്നും 30-100 കി.ഗ്രാം പൂക്കൾ ലഭിക്കും.
പൂക്കളിൽ നിന്നും രണ്ട് ഘട്ടങ്ങളായി ആവി വാറ്റ് നടത്തിയാണ് (Fractional distillation) സുഗന്ധതൈലം വേർതിരിച്ചെടുക്കുന്നത്. ഈ വിധം ലഭിക്കുന്ന തൈലത്തിന് ഒട്ടേറെ ഔഷധ ഗുണങ്ങളുമുണ്ട്. വാതം, മലേറിയ, അതിസാരം എന്നീ രോഗങ്ങൾക്കെതിരെ ഇതുപയോഗിച്ചുവരുന്നു. കനാൻഗ ഗണത്തിൽ പെടുന്ന ഈ വൃക്ഷത്തിൽ നിന്നും കനാൻഗ തൈലവും ലാങ്-ലാങ് തൈലവും ലഭിക്കുന്നു.
കനാൻ തൈലം പ്രധാനമായും സോപ്പ് വ്യവസായത്തിലാണ് ഉപയോഗിക്കുന്നത്. ലാങ് ലാങ് തൈലം പരിമള ഉത്പന്നങ്ങളിൽ ഉപയോഗിച്ചുവരുന്നു. പൂക്കൾ അതിരാവിലെ പറിച്ചെടുക്കണം. പൂക്കൾ ചീത്തയായി പോകാൻ സാധ്യത ഉള്ളതിനാൽ പറിച്ച ഉടനെ സ്വേദനശാലകളിൽ എത്തിക്കണം. 350-700 കി.ഗ്രാം പൂക്കളിൽ നിന്നും 1 കി.ഗ്രാം അസംസ്കൃത തൈലം ലഭിക്കുന്നതാണ്. ഒരു ആധുനിക സ്വേദനശാലയിൽ നിന്നും 2.0-2.5% തൈലം ലഭിക്കും. പച്ച ചെമ്പകത്തിന്റെ തൈലത്തിൽ അടങ്ങിയിരിക്കുന്ന പ്രധാന രാസഘടകങ്ങൾ ജാനിയോൾ, ലിനാലൂൾ എന്നിവയാണ്.