മഴക്കാലമായാൽ ഏലം കർഷകരെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് ഏലത്തിലെ മഴക്കാലരോഗങ്ങൾ. തട്ടമറിച്ചിൽ, കായ് അഴുകൽ എന്നിവയാണ് പ്രധാന രോഗങ്ങൾ. പിത്തിയം, ഫൈറ്റോഫ്‌തോറ, റൈസക്ടോണിയ എന്നീ കുമിളുകളാണ് ഈ രോഗങ്ങൾ പരത്തുന്നത്. മണ്ണിലൂടെയും, വെള്ളത്തിലൂടെയും വായുവിലൂടെയും പകരുന്ന ഈ രോഗാണുക്കൾ ഏലക്കർഷകർക്കുണ്ടാക്കുന്ന നഷ്ടം ചില്ലറയല്ല.
രോഗംവരാനുള്ള കാരണങ്ങൾ പലതാണ്. അവയേതെല്ലാമെന്ന് നമുക്ക് പരിശോധിക്കാം.
1. മണ്ണിലെ അമ്ലത -മണ്ണിലെ അമ്ലത കൂടുതലാകുന്നത് രോഗകാരികളായ സൂക്ഷ്‌മാണുക്കൾ വർദ്ധിക്കുന്നതിന് അനുകൂല സാഹചര്യം ഒരുക്കുന്നു. അതിനാൽ മഴക്കുമുമ്പായി തന്നെ ആവശ്യമായ അളവിൽ (മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തിൽ) ഏലച്ചെടികൾക്ക് കുമ്മായം നൽകേണ്ടതാണ്.
2. മണ്ണിലെയും, ചെടികളിലേയും നൈട്രജൻ, കാത്സ്യം, പൊട്ടാഷ്, മഗ്‌നീഷ്യം ഇരുമ്പ് എന്നി മൂലകങ്ങളുടെ അസന്തുലിതാവസ്ഥ. സസ്യങ്ങൾക്ക് എല്ലാ മൂലകങ്ങളും സന്തുലിതമായി ലഭ്യമാക്കുന്നതിലൂടെ അവയ്ക്ക് രോഗ-പ്രതിരോധ ശേഷി വർദ്ധിക്കുകയും കീട-രോഗങ്ങളിൽ നിന്നും സംരക്ഷണം ലഭിക്കുകയും ചെയ്യുന്നു.
3. ചെടികൾ തമ്മിലുള്ള അകലം. ഏലച്ചെടികൾ തമ്മിൽ പത്തടി അകലം പാലിക്കപ്പെടുന്നതു മൂലം രോഗങ്ങൾ പകരുന്നത് ഒരു പരിധിവരെ തടയുവാൻ സാധിക്കുന്നു. മാത്രമല്ല ഏലത്തോട്ടത്തിൽ വായു സഞ്ചാരം ഉറപ്പു വരുത്താനും സാധിക്കുന്നു.
4. തണൽ നിയന്ത്രണം-മഴക്കാലത്ത് ഏലത്തോട്ടത്തിലേക്ക് കൂടുതൽ വെളിച്ചം കടക്കേണ്ടത് അനിവര്യമാണ്. അതിനാൽ മഴക്കു മുമ്പായി തണൽ നിയന്ത്രിക്കേണ്ടതാണ്. ചന്ദനവേമ്പ്, വെള്ള അഖിൽ, കുരങ്ങാട്ടി, തെള്ളി മുതലായ മരങ്ങൾ മഴക്കാലത്ത് സ്വയം ഇലകൾ പൊഴിക്കുന്നവയാണ്. അങ്ങനെ പ്രകൃത്യാലൊരുക്കുന്ന തണൽ നിയന്ത്രണം സാധ്യമാകുന്നു.
5. തോട്ടശുചിത്വം - ഉണങ്ങിയതും, പഴകിയതും കീടരോഗം ബാധിച്ചതുമായ തട്ടകൾ,ശരങ്ങൾ, ഇലകൾ എന്നിവ ജൂൺ- ജൂലൈ മാസങ്ങളിൽ തോട്ടത്തിൽ നിന്നും നീക്കം ചെയ്യുക.
6. തോട്ടത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുക- തോട്ടത്തിൽ വെള്ളം കെട്ടി നിൽക്കാതെ നീർവാർച്ചാ സൗകര്യം ഉറപ്പുവരുത്തുക. തുടർച്ചയായി പെയ്യുന്ന മഴയും തോട്ടത്തിലെ വെള്ളക്കെട്ടും അന്തരീക്ഷത്തിലെ ഉയർന്ന ആർദ്രംതയും 24 ഡിഗ്രിയിൽ നിന്നും താഴുന്ന അന്തരീക്ഷ താപനിലയും രോഗം മൂർച്ചിച്ച് മറ്റ് ചെടികളിലേക്ക് വ്യാപിക്കുവാനും, തോട്ടം പൂർണ്ണമായും നശിക്കുവാനും കാരണമാകുന്നു.
7. മഴക്കു മുമ്പായി തോട്ടത്തിൽ ജൈവകുമിൾനാശിനികൾ ഉപയോഗിക്കുന്നത്, രോഗം വരുന്നത് തടയുവാനും സസ്യങ്ങൾക്ക് പ്രതിരോധശേഷി വീണ്ടെടുക്കുവാനും സഹായിക്കുന്നു.
8. ജൈവ കുമിൾനാശിനികളായ ട്രൈക്കോഡെർമ്മയും സ്യൂഡോമോണാസും ഇതിനായി വളരെ ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്. ട്രൈക്കോഡെർമ്മ ഹാർസിയാനം എന്ന ജൈവകുമിൾനാശിനി 0.5% WS ചെടിയൊന്നിന് 100ഗ്രാം എന്ന തോതിൽ അരക്കിലോ വേപ്പിൻ പിണ്ണാക്കും അഞ്ച് കിലോഗ്രാം കമ്പോസ്റ്റ് അല്ലെങ്കിൽ ചാണകപ്പൊടിയോടൊപ്പം കലർത്തി ചെടിക്കു ചുറ്റും ഒരു ബാൻഡു പോലെ ഇട്ടു കൊടുക്കാവുന്നതാണ്. ഇലകളിലും ചെടിയൊന്നിന് ആർബസ്ക്കുലാർ മൈക്കൊറൈസ (വാം) 100cc/100 ഗ്രാം എന്ന തോതിൽ നൽകുന്നതും, ചെടിയുടെ ഇലകളിലും ചെടിയേ പൂർണ്ണമായും നനയത്തക്ക വിധം സ്യൂഡോമോണാസ് എന്ന ജൈവകുമിൾനാശിനി 2 കിലോഗ്രാം 100 ലിറ്റർ വെള്ളത്തിന് എന്ന തോതിൽ കലക്കി ഉപയോഗിക്കുന്നതും ഏറെ ഗുണം ചെയ്യും.