ശ്വാസകോശരോഗങ്ങൾ, വിശപ്പില്ലായ്‌മ, അജീർണ്ണം, അർശസ്, വൃക്കയിലും മൂത്രസഞ്ചിയിലും കാണുന്ന കല്ലുകൾ, ഗാസ്ട്രോപ്പതി, ദഹനം, മൂത്രവർദ്ധന എന്നിവയ്ക്കും അണുനാശിനിയായും സൂക്ഷ്മമജിവികൾക്കെതിരേയും വീക്കത്തിനെതിരേയും ഏലം സാധാരണയായി ഉപയോഗിച്ചു വരുന്നു.
രോഗകാരികളായ ബാക്ടീരിയകൾക്കും കുമിളുകൾക്കും ഏതിരേ ഏലം പ്രവർത്തിക്കുമെങ്കിൽ അവയിലെ തൈലത്തിന് കോശങ്ങളിലെ വിഷാംശത്തിനെതിരേയും അർബുദത്തിനെതിരേയും പ്രവർത്തിക്കാനുള്ള കഴിവുണ്ട്. സുഗന്ധവും രുചിയും നല്കുന്ന വസ്തുവെന്ന നിലയിൽ ഭക്ഷ്യവ്യവസായത്തിലും ബേക്കറി, മധുരപലഹാരനിർമ്മാണം എന്നിവയിലും ഉപയോഗിക്കുന്നു. കറിപ്പൊടികളിലും മസാലക്കൂട്ടുകളിലും ഇത് അവശ്യഘടകമാണ്.
വിളവെടുപ്പ് രീതികളും വിളവെടുപ്പിനു ശേഷമുള്ള കൈകാര്യവും
നട്ട് രണ്ടു മൂന്ന് വർഷങ്ങൾക്കുള്ളിൽ ഏലത്തിൽ കായ് പിടിച്ചു തുടങ്ങും. കായ്‌കളായതിനു ശേഷം 120-135 ദിവസങ്ങൾക്കുള്ളിൽ കായ്‌കൾ പാകമാകും.
കായ്‌കൾ തുടർച്ചയായി പത്തു മുതൽ പതിനഞ്ച് ദിവസത്തെ ഇടവേളയിൽ പറിച്ചെടുക്കാം. എട്ടു മുതൽ ഒൻപത് പ്രാവശ്യമായി 15 മുതൽ 30 ദിവസത്തെ ഇടവേളയിലാണ് കായ്കളെടുക്കുന്നത്. മൂന്ന് അറകളുള്ള കായകളിൽ 15 മുതൽ 20 വരെ അരികളാണുള്ളത്. കടുത്ത പച്ച നിറമുള്ള പുറം തൊലിയുള്ള കായ്കളിലെ അരികൾ പാകമാകുമ്പോൾ കറുപ്പു നിറമായിരിക്കും. കായ്‌കളുടെ പുറംതൊലി കടുത്ത പച്ചനിറമാകുന്നതും അരികൾക്ക് കറുത്ത നിറമാകുന്നതുമാണ്.
വിളവെടുക്കാനുള്ള പാകം
പാകമാകുന്നതിന് മുമ്പ് വിളവെടുത്താൽ ഗുണമേന്മ കുറയുകയും അധികമായി പാകമായി വിളവെടുത്താൽ കായ്കൾ സംസ്കരണസമയത്ത് പൊട്ടിപ്പോകാനും പച്ചനിറമുള്ള പുറംതൊലിയുടെ നിറം കുറയാനും ഇടയാകും.
വിളവെടുക്കുമ്പോൾ ഏലത്തിന്റെ പച്ചക്കായ്കളിലെ ജലാംശം 80 ശതമാനം വരെയാണ്. ഇത് സംസ്കരണത്തിലൂടെ പച്ചനിറം നിലനിർത്തി 11 മുതൽ 12 ശതമാനമായി കുറയ്ക്കും. വിളവെടുക്കുന്ന സമയത്തെ പാകവും ഉണക്കുമ്പോഴുള്ള ചൂടും ഏലക്കായ്കകളുടെ ഗുണമേന്മയെ നിശ്ചയിക്കുന്ന പ്രധാന കാര്യങ്ങളാണ്.
വിളവെടുപ്പിനു ശേഷം കഴുകിയെടുത്ത് പ്രിട്രീറ്റ്‌മെന്റ്, ക്യൂറിംഗ് പ്രക്രിയകൾക്കു ശേഷം വൃത്തിയാക്കി പോളിഷ് ചെയ്തെടുത്ത് തരംതിരിക്കുന്നു. അതിനു ശേഷം പായ്ക്ക് ചെയ്‌ത് സൂക്ഷിക്കും.
കഴുകൽ
ഏലക്കായ്കൾ വിളവെടുത്തതിനു ശേഷം ശുദ്ധജലത്തിൽ കഴുകി അഴുക്കും പൊടികളും നീക്കം ചെയ്യുന്നു. ഇത് ഗുണമേന്മ വർദ്ധിപ്പിക്കാൻ സഹായിക്കും.
സംസ്കരണത്തിനു മുമ്പ്
സംസ്ക്കരണത്തിനു ശേഷവും ഏലത്തിന്റെ പച്ചനിറം നിലനിർത്തേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. ഗുണമേന്മ നിശ്ചയിക്കുന്ന നിറം നിലനിർത്തുന്നതിനായി ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പച്ചനിറത്തിലുള്ള ഏലത്തിന് വിപണിയിൽ കൂടുതൽ വില ലഭിക്കും. കൃത്രിമമായി നിറം ചേർക്കുന്നത് ആഭ്യന്തര, കയറ്റുമതി വിപണികൾക്ക് ഭീഷണിയാകും.
കീടനാശിനികളുടെ അവക്ഷിപ്‌തങ്ങളും കൃത്രിമ നിറങ്ങളും വിദേശ ഓർഡറുകൾ നഷ്ടപ്പെടാൻ ഇടയാക്കും. ശരിയായ പാകത്തിൽ വിളവെടുത്ത ഏലം രണ്ട് ശതമാനം സോഡിയം കാർബണേറ്റ് ലായനിയിൽ പത്ത് മിനിട്ട് മുക്കിവച്ചതിനു ശേഷം ഉണങ്ങുന്നത് പച്ചനിറം ക്യൂറിംഗിനു ശേഷവും നിലനിർത്താൻ സഹായിക്കും.