പഴകിയ കശുവണ്ടി വിത്ത് പാകാനെടുക്കരുത്. ഒരു വർഷം പഴക്കമുള്ള വിത്തു കശുവണ്ടി ഉപേക്ഷിക്കണം. തെരഞ്ഞെടുത്ത വിത്തു കശുവണ്ടി ഒരു രാത്രി വെള്ളത്തിലിട്ട് അവയുടെ അങ്കുരണ ശേഷി നഷ്ടപ്പെടാതെ നോക്കണം. 25x15 സെ.മീ വ്യാസമുളള 300 ഗേജ് കട്ടിയുള്ള പോളികവറുകളിൽ ചെടിക്കൂട്ട് ഇട്ട് നിറച്ച് അവയിൽ വിത്ത് പാകണം. പോളിത്തീൻ കവറുകളിൽ ആവശ്യത്തിന് ദ്വാരം ഉണ്ടായിരിക്കണം.
വെള്ളം കെട്ടി നിന്ന് വിത്ത് അഴുകാതിരിക്കാൻ ഇത് നല്ലതാണ്. 1:1:1 എന്ന അനുപാതത്തിൽ ചെടിക്കൂട്ട് ഉണ്ടാക്കണം (1 ഭാഗം ചുവന്നമണ്ണും 1 ഭാഗം പുഴമണലും 1 ഭാഗം കമ്പോസ്റ്റും വേണം). ഇതിന്റെ കൂടെ (2 കിലോ ചെടിക്കൂട്ടിന് 5 ഗ്രാം റോക് ഫോസ്ഫേറ്റ് ഇട്ടു കൊടുക്കണം. ഈ കൂട്ട് 1-1.5 സെ.മീ. മുകളിൽ നിന്ന് വിട്ട് പ്ലാസ്റ്റിക് കവറുകളിൽ നിറക്കണം. 2-2.5 സെ.മീ. താഴ്ചയിൽ വിത്ത് കശുവണ്ടി താഴ്ത്തി നടണം. ഞെട്ട് ഭാഗം മുകളിൽ വരത്തക്കവണ്ണം വേണം നടാൻ.
ദിവസവും ആവശ്യത്തിനു നനക്കണം. വെള്ളം കെട്ടിക്കിടക്കരുത്. മഴക്കാലത്താണെങ്കിൽ 15-20 ദിവസംകൊണ്ട് വിത്ത് മുളക്കും. എന്നാൽ വേനലിലാണെങ്കിൽ 8-10 ദിവസം വേണ്ടിവരും. ഓരോ ആഴ്ച ഇടവിട്ട് വിത്ത് മുളപ്പിക്കണം. ഡിമാന്റനുസരിച്ചുള്ള തൈകൾ കൊടുക്കാൻ ഇപ്രകാരം ചെയ്യണം. തൈകളുടെ ചെമ്പുനിറത്തിലുള്ള (തവിട്ട്) ഇലകൾ പച്ചനിറമാകുന്നതുവരെ തണൽ കൊടുക്കണം.
മുളച്ച് 50-60 ദിവസം കഴിഞ്ഞാൽ ഈ തൈകൾ ഒട്ടിപ്പിനായി എടുക്കാം. മുളപൊട്ടി വരുമ്പോൾ അണ്ണാൻ, പക്ഷികൾ ഇവയുടെ ആക്രമണം തടയാൻ ശ്രദ്ധിക്കണം. ഈ തൈകൾക്ക് മഴക്കാലത്ത് തൈചീയൽ രോഗം സാധാരണ കണ്ടു വരാറുണ്ട്. ഈ രോഗത്തിൽ നിന്നും തൈകളെ രക്ഷിക്കാൻ ഒരു ശതമാനം വീര്യമുള്ള ബോർഡോമിശ്രിതമോ, കോപ്പർ ഓക്സിക്ലോറൈഡോ (3 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ) തൈകളിൽ തളിക്കുകയും മണ്ണിൽ ഒഴിച്ചുകൊടുക്കുകയും വേണം.