അരേസിയേ കുടുംബത്തിൽ പെട്ട ചേന കേരളത്തിലെ ഗ്രാമപദേശങ്ങളിൽ സർവ്വസാധാരണമാണ്. ഇന്ത്യയിലെവിടെയും വളരുന്ന ഈ സസ്യം കിഴങ്ങുവർഗ്ഗത്തിൽപെട്ട പച്ചക്കറിയാണ്. ഇത് രണ്ടു തരമുണ്ട്. നാടൻ ചേനയും കാട്ടുചേനയും. നാടൻ ചേനയാണ് ഭക്ഷണാവശ്യങ്ങൾക്കായി കൃഷി ചെയ്തുവരുന്നത്. ഇതിന്റെ ജന്മദേശം ഇന്ത്യയോ ആഫ്രിക്കയോ ആയിരിക്കുമെന്ന് സസ്യശാസ്ത്രജ്ഞന്മാർ അനുമാനിക്കുന്നു.
ചേന ഒരിലമാത്രമുള്ള സസ്യമാണ്. ഇതിന്റെ കാണ്ഡം മണ്ണിനടിയിൽ ആണുള്ളത് (ഭൂകാണ്ഡം). ഇതിൽനിന്നും 75 സെന്റിമീറ്ററിലധികം ഉയരത്തിൽ തണ്ട് നീണ്ടു വളർന്ന് ശാഖകളേറെയുള്ള ഇലയായി വികാസം പ്രാപിച്ചിരിക്കുന്നു. ചേനയുടെ കാണ്ഡവും തണ്ടും (ചേനത്തട ഇളം) ഇലയും പൂവും ഭക്ഷ്യയോഗ്യമാണ്. ശ്രീപദ്മ, ഗജേന്ദ്ര, കുഴിമുണ്ടാൻ എന്നിവ പ്രധാന ഇനങ്ങളാണ്.
ചേനയുടെ നീര് പറ്റിയാൽ ശരീരഭാഗങ്ങളിൽ ചൊറിച്ചിൽ അനുഭവപ്പെടാറുണ്ട്. കോശങ്ങളിൽ അടങ്ങിയിട്ടുള്ള കാൽസ്യം ഓക്സലേറ്റ് ക്രിസ്റ്റലുകളാണ്, ഇതിനു കാരണം. ഇതു വെള്ളത്തിലിട്ട് തിളപ്പിച്ച് ഉപയോഗിച്ചാൽ ചൊറിച്ചിൽ ഉണ്ടാവുകയില്ല. നാടൻ ചേനയെക്കാൾ ചൊറിച്ചിലുളവാക്കുന്ന ഇനമാണ് കാട്ടു ചേന. പുളിയിലനീരിൽ പുഴുങ്ങിയാണ് കാട്ടുചേന ഉപയോഗക്ഷമമാക്കുന്നത്. കാട്ടുചേന ഭക്ഷിച്ചുണ്ടാകുന്ന ചൊറിച്ചിലിനു പുളിയിലനീര് സേവിക്കുകയാണ് പ്രതിവിധി. ചേന അധികം കഴിച്ചാൽ അജീർണ്ണമുണ്ടാകും. ഇതിനു ശർക്കരയാണ് പ്രത്യഷധം.
കൃഷിരീതി
25 മുതൽ 35 വരെ ഡിഗ്രി ചൂടുള്ള പ്രദേശങ്ങളാണ് ചേനയ്ക്ക് അനുയോജ്യം. ചേനയുടെ ഭൂകാണ്ഡം പ്രത്യേക ആകൃതിയിൽ മുറിച്ച് അതാണ് നടീൽ വസ്തുവായി ഉപയോഗിക്കുന്നത്. മുറിച്ച കഷണങ്ങൾ ചാണകലായനിയിൽ മുക്കി തണലത്തുണക്കിയാണു നടാനു പയോഗിക്കുന്നത്. മകരമാസത്തിലെ വെളുത്ത വാവിനാണു ചേന നടാറുള്ളത്. അരമീറ്റർ വിസ്തീർണ്ണമുള്ള സമചതുരക്കുഴികളിൽ കരിയിലയും ചപ്പുചവറുകളും നിറച്ച് തീയിടുന്നു. മണ്ണിലെ ദോഷകാരികളായ കീടങ്ങളെ നശിപ്പിക്കാനാണിത്.
രണ്ടു കുഴികൾ തമ്മിൽ 90-100 സെമീ അകലമുണ്ടായിരിക്കണം. അതിനുശേഷം കുഴികളിൽ പകുതി ഭാഗം ചാണകം, ചാരം, കമ്പോസ്റ്റ് എന്നിവയും കരിയിലയും നിറച്ച് അതിന്മേൽ വിത്ത് നട്ട് മുകളിൽ വീണ്ടും ജൈവവളവും കരിയിലയും നിറച്ച് 15 സെ.മീ ഘനത്തിൽ മണ്ണു വിരിക്കുന്നു. ആവശ്യത്തിനു കൃത്യമായി നനച്ചുകൊടുത്താൽ വിത്ത് പാകി 30-40 ദിവസങ്ങൾക്കുള്ളിൽ വിത്ത് മുളച്ചു വളർന്ന് ഇല വിരിക്കുന്നു.
2 മാസത്തിലൊരിക്കൽ വളം ചേർത്തു തണ്ടിനോട് മണ്ണ് അടുപ്പിച്ചുകൊടുക്കുകയും വേണം. വളർച്ച പൂർത്തിയാകുമ്പോൾ ചേനത്തണ്ട് വാടി കരിഞ്ഞുപോകും. ഈ സമയത്ത് ചേനയുടെ സ്ഥാനം തിരിച്ചറിയാൻ അതു നിന്നിരുന്ന സ്ഥാനത്ത് ഒരു കമ്പ് നാട്ടി നിർത്തണം. ആവശ്യാനുസരണം പിന്നീട് ചേന വിളവെടുക്കാം.