ഇലകൊഴിയും ഈർപ്പവനങ്ങളിൽ കാണുന്ന ഒരു ഇടത്തരം തടി വൃക്ഷമാണ് ചടച്ചി. മലഞ്ചെരിവുകളിലും, നീർവാർച്ചയുള്ള നനവാർന്ന മണ്ണിലും ഇവ കൂടുതലായി കണ്ടു വരാറുണ്ട്. തേക്ക്, മരുത്, വീട്ടി തുടങ്ങിയ മറ്റു തടി വൃക്ഷങ്ങളുടെ കൂടെ ചടച്ചി സുലഭമായി കാണാറുണ്ട്.
സിൽവികൾച്ചറൽ പ്രത്യേകതകൾ
തൈകൾക്ക് തണൽ ആവശ്യമാണെങ്കിലും വളർന്നു കഴിഞ്ഞാൽ പൂർണ്ണമായ തോതിൽ സൂര്യപ്രകാശം ലഭിക്കേണ്ടതുണ്ട്. നല്ലവണ്ണം കോപ്പീസ് ചെയ്യുവാനുള്ള കഴിവുണ്ട്. ഫെബ്രുവരി - മാർച്ച് മാസങ്ങളിൽ ഇല പൊഴിക്കുകയും, ഏപ്രിൽ മെയ് മാസത്തോടെ തളിരിടുകയും ചെയ്യുന്നു.
പുനരുത്ഭവം
ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ ഇലകൊഴിച്ചിൽ തുടങ്ങുന്നതോടെ പുഷ്പങ്ങൾ ഉണ്ടാകുന്നു. മേയ് മാസത്തോടെ കായ്‌കൾ മൂപ്പെത്തുകയും ചെയ്യുന്നു. ജൂൺ - ആഗസ്റ്റ് മാസങ്ങളിൽ വിത്തുകൾ ശേഖരിക്കും. ഒരു വർഷം പ്രായമായ തൈകൾ നേരിട്ടോ, സ്റ്റമ്പുകളോ തോട്ടവൽക്കരണത്തിനുപയോഗിക്കാം.
പ്രവർദ്ധനം
കാട്ടിൽ നന്നായി സ്വഭാവിക പ്രവർദ്ധനം നടക്കുന്നുണ്ട്. ജൂൺ-ആഗസ്റ്റ് മാസങ്ങളിൽ ലഭിക്കുന്ന വിത്തുകൾ തടത്തിൽ പാകി മുളപ്പിച്ച് കൃത്രിമ പ്രവർദ്ധനം നടത്തുന്നു. തൈയ്യോ, സ്റ്റമ്പോ ആയി പറിച്ച് നടാം. വിത്തിന് 4 മാസം മാത്രമേ ജീവനക്ഷമതയുണ്ടാകൂ.
മറ്റുപയോഗങ്ങൾ
വാഹനങ്ങളുടെ വിവിധ ഭാഗങ്ങൾ, ഫർണീച്ചർ, പണിയായുധങ്ങൾ എന്നിവ ഉണ്ടാക്കുവാൻ ഏറ്റവും അനുയോജ്യമാണ്. ഇലകൾ കന്നുകാലിത്തീറ്റയായി ഉപയോഗിക്കാം. തൊലി അഴുകിച്ച് നാരുകൾ ഉണ്ടാക്കിയെടുക്കാറുണ്ട്.