മാൽവേസീ കുടുംബത്തിലെ ഹിബിസ്കസ് റോസാ സൈനെൻസിസ് എന്ന ശാസ്ത്രനാമത്തിനുടമയായ ഔഷധഗുണമുള്ള അലങ്കാരച്ചെടിയാണ് ചെമ്പരത്തി. ഭാരതത്തിലുടനീളം കണ്ടുവരുന്നു. വീട്ടുവളപ്പുകളിൽ ഒരു അലങ്കാരസസ്യമെന്നരീതിയിൽ വളർത്താം. നാട്ടുചികിൽസാവിഭാഗത്തിൽപ്പെട്ട വൈദ്യൻമാരും ചുരുക്കം ചില വീട്ടമ്മമാരും ചെമ്പരത്തിയുടെ ഔഷധ ഗുണം പാരമ്പര്യമായി മനസ്സിലാക്കി ഒറ്റമൂലിയായി വിവിധ രോഗാവസ്ഥകളിൽ ശമനത്തിന് ഉപയോഗിച്ചു വരുന്നു. ഇംഗ്ലീഷിൽ ഷൂഫ്ളവർ പ്ലാന്റ് എന്നാണ് ചെമ്പരത്തിയുടെ പേര്. ചെമ്പരത്തിപ്പൂവ് ശാസ്ത്രീയമായി പഠന വിധേയമാക്കിയിട്ടുണ്ട്.
ഔഷധയോഗ്യഭാഗങ്ങളും പ്രാധാന്യവും
ചർമരോഗനിവാരണത്തിന് പൂവ് അരച്ച് വിധിപ്രകാരം എണ്ണകാച്ചി തേയ്ക്കുന്നു. രക്താതിസാരത്തിനും സ്ത്രീകളിലുള്ള കഷ്ടാർത്തവത്തിനും ഗൃഹവൈദ്യത്തിന്റെ ഭാഗമായി വീട്ടമ്മമാർ ഉപയോഗിച്ചിരുന്നു. ഗർഭനിരോധനശേഷി താൽക്കാലികമായി പ്രകടിപ്പിക്കുന്നതായി അനുമാനിക്കുന്നു. ചെമ്പരത്തിപ്പൂവ് ഒരു കേശവർദ്ധിനിയായി ഉപയോഗിക്കുന്നു. ഇല താളിയായി ഉപയോഗിക്കുന്നു.
കൃഷിരീതി
ഭാരതത്തിലുടനീളം വിവിധ ഇനങ്ങളായി നിറവ്യത്യാസങ്ങളോടെ കൃഷി ചെയ്തുവരുന്നു. മണ്ണിന്റെ തരവും മറ്റു സാഹചര്യങ്ങളും അനുസരിച്ച് സുമാർ അഞ്ച് മീറ്റർ ഉയരത്തിൽ വരെ വളരുന്ന ഒരു ബഹുവർഷകുറ്റിച്ചെടിയെന്ന് വിശേഷിപ്പിക്കാവുന്ന ഔഷധിയാണ്.
മണ്ണും കാലാവസ്ഥയും
വെട്ടുകൽ പ്രദേശത്തും ചെമ്മണ്ണിലും വളക്കൂറുള്ള പശിമരാശി മണ്ണിലും തഴച്ചു വളർന്ന് ധാരാളം പുഷ്പങ്ങൾ തരുന്ന വിവിധ ഇനങ്ങൾ ഭാരതത്തിലുണ്ട്. ഉഷ്ണമേഖലാസസ്യമാണ് എങ്കിലും മഞ്ഞുവീഴുന്ന മലമ്പ്രദേശങ്ങളൊഴികെ എല്ലാ സ്ഥലത്തും വളർത്താം. ക്ഷാരാംശം കൂടുതലടങ്ങിയ പ്രദേശങ്ങളിൽ വളർച്ചയും പൂവുൽപ്പാദനവും മന്ദഗതിയിലാകും. വളർച്ചയ്ക്കും പൂവുൽപാദനത്തിനും സൂര്യപ്രകാശം അത്യാവശ്യമാണ്. തണൽ ഇഷ്ടപ്പെടാത്ത സസ്യമാണ് ചെമ്പരത്തി.
പ്രജനനം
വിരൽ കനമുള്ള കമ്പുകൾ 30 സെ.മീറ്റർ നീളമുള്ള കഷണങ്ങളാക്കി വേരുപിടിപ്പിച്ച് നടുന്നതാണ് ശാസ്ത്രീയമായ പ്രജനന രീതി. 20 x 15 സെ. മീറ്റർ വലിപ്പമുള്ള പോളിത്തീൻ കവറിൽ മൺമിശ്രിതം നിറച്ച് രണ്ടു കമ്പ് നടാം. നന്നായി വേരുപിടിച്ച് വളർച്ച ബോധ്യപ്പെട്ടശേഷം പറിച്ചുനടാം. ആദ്യം മുളച്ച് വേഗത്തിൽ ശക്തിയായി വളരുന്ന ചെടി മാത്രം കവർ മാറ്റി പറിച്ചുനട്ട് സംരക്ഷിക്കാം. മേൽമണ്ണും സമം ഉണങ്ങിയ കാലിവളവും ചേർത്തതാണ് കവറിൽ നിറയ്ക്കേണ്ട മൺ മിശ്രിതം. ഇതുകൂടാതെ ചെറുകഷണങ്ങൾ നേരിട്ട് നട്ടുവളർത്തുന്ന രീതിയും തായ്ച്ചെടികളിൽ നിന്നും "വായവപതി'യിലൂടെ വേരുപിടിപ്പിച്ച് നടുന്ന രീതിയും സാധ്യമാണ്.
നടീൽ
"ധാരാളം സൂര്യപ്രകാശം ലഭ്യമാകുന്നിടത്തു വേണം ചെമ്പരത്തി നടാൻ. ജൂലായ് മാസത്തെ വലിയ മഴയ്ക്കുശേഷം നടാം. കുഴിക്ക് 75 സെ.മീ. നീളവും വീതിയും താഴ്ചയും വേണം. അതിൽ 60 സെ.മീ. മേൽമണ്ണും നാലു കിലോ ഉണങ്ങിയ ചാണകപ്പൊടിയും ചേർത്ത് നിറയ്ക്കുക. വെള്ളം കെട്ടാതെ ചുറ്റിലും വരമ്പു പിടിക്കണം. കുഴിയുടെ നടുവിൽ കവർ നീക്കി ചുവട്ടിലെ മണ്ണിളകാതെ നട്ട് നേരിയ തോതിൽ അമർത്തുക. നന, താങ്ങ്, തണൽ ഇവ സാഹചര്യങ്ങൾക്ക് അനുസൃതമായി ചെയ്യുക.
മറ്റു പരിചരണങ്ങൾ
വീട്ടുവളപ്പിലെ ഒരു അംഗമെന്ന നിലയ്ക്ക് മറ്റ് സമീപ സസ്യങ്ങൾക്കു നൽകുന്ന വെള്ളത്തിന്റെയും വളത്തിന്റെയും ഒരു അംശം ചെമ്പരത്തിക്കും ലഭിക്കും. പ്രത്യേക വളപ്രയോഗം വേണ്ട. വേനലിലും നന കൂടാതെ വളരും. ഇലതീനിപ്പുഴുക്കൾ ചില സീസണിൽ ധാരാളമായി കാണുന്നുണ്ട്. പുഴുക്കളെ കൈ കൊണ്ട് പെറുക്കി നശിപ്പിക്കുക. ഇടതൂർന്ന് വളർച്ചയുണ്ടെങ്കിൽ മഴക്കാലത്തിന് മുൻപ് കൊമ്പ് കോതി ക്രമീകരിക്കുക.