വിരൽ കനമുള്ള കമ്പുകൾ 30 സെ.മീറ്റർ നീളമുള്ള കഷണങ്ങളാക്കി വേരുപിടിപ്പിച്ച് നടുന്നതാണ് ചെമ്പരത്തിയുടെ ശാസ്ത്രീയമായ പ്രജനന രീതി. 20 × 15 സെ. മീറ്റർ വലിപ്പമുള്ള പോളിത്തീൻ കവറിൽ മൺ മിശ്രിതം നിറച്ച് രണ്ടു കമ്പ് നടാം. നന്നായി വേരുപിടിച്ച് വളർച്ച ബോധ്യപ്പെട്ടശേഷം പറിച്ചുനടാം. ആദ്യം മുറിച്ച് വേഗത്തിൽ ശക്തിയായി വളരുന്ന ചെടി മാത്രം കവർ മാറ്റി പറിച്ചുനട്ട് സംരക്ഷിക്കാം. മേൽമണ്ണും സമം ഉണങ്ങിയ കാലിവളവും ചേർത്തതാണ് കവറിൽ നിറയ്ക്കേണ്ട മൺ മിശ്രിതം. ഇതു കൂടാതെ ചെറു കഷണങ്ങൾ നേരിട്ട് നട്ടുവളർത്തുന്ന രീതിയും തായ്ച്ചെടികളിൽ നിന്നും “വായവപതി'യിലൂടെ വേരുപിടിപ്പിച്ച് നടുന്ന രീതിയും സാധ്യമാണ്.
ധാരാളം സൂര്യപ്രകാശം ലഭ്യമാകുന്നിടത്തുവേണം ചെമ്പരത്തി നടാൻ. ജൂലായ് മാസത്തെ വലിയ മഴയ്ക്കുശേഷം നടാം. കുഴിക്ക് 75 സെ.മീ. നീളവും വീതിയും താഴ്ചയും വേണം. അതിൽ 60 സെ.മീ. മേൽമണ്ണും നാലുകിലോ ഉണങ്ങിയ ചാണകപ്പൊടിയും ചേർത്ത് നിറയ്ക്കുക. വെള്ളം കെട്ടാതെ ചുറ്റിലും വരമ്പുപിടിക്കണം. കുഴിയുടെ നടുവിൽ കവർ നീക്കി ചുവട്ടിലെ മണ്ണിളക്കാതെ നട്ട് നേരിയതോതിൽ അമർത്തുക. നന, താങ്ങ്, തണൽ ഇവ സാഹചര്യങ്ങൾക്ക് അനുസൃതമായി ചെയ്യുക.
മറ്റു പരിചരണങ്ങൾ
വീട്ടുവളപ്പിലെ ഒരു അംഗമെന്ന നിലയ്ക്ക് മറ്റ് സമീപ സസ്യങ്ങൾക്കു നൽകുന്ന വെള്ളത്തിന്റെയും വളത്തിന്റെയും ഒരു അംശം ചെമ്പരത്തിക്കും ലഭിക്കും. പ്രത്യേക വളപ്രയോഗം വേണ്ട. വേനലിലും നനകൂടാതെ വളരും. ഇലതീനിപ്പുഴുക്കൾ ചില സീസണിൽ ധാരാളമായി കാണുന്നുണ്ട്. പുഴു മക്കളെ കൈകൊണ്ട് പെറുക്കി നശിപ്പിക്കുക. ഇടതൂർന്ന വളർച്ചയുണ്ടെങ്കിൽ ഇക്കാലത്തിന് മുൻപ് കൊമ്പ് കോതി ക്രമീകരിക്കുക.