ജൈവവളത്തോടൊപ്പം ഓർക്കിഡ് ചെടികൾക്ക് കുറച്ച് രാസവളവും ചേർക്കാം. ഇവിടെയും ഓർക്കിഡ് കർഷകർ ദീർഘകാലമായി വിജയകരമായി ഉപയോഗിച്ചു വരുന്ന ചില രാസവളമിശ്രിതങ്ങളുണ്ട്. 17:17:17, 20:20:20 പോലുള്ളവ. ഇവയിലൊന്ന് 5 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ചെടിത്തടത്തിൽ ഒഴിച്ചു കൊടുക്കുക.
കൂടാതെ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ 3:1:1 എന്ന അനുപാതത്തിൽ കായിക വളർച്ചയുടെ സമയത്തും 1:2:2 എന്ന അനുപാതത്തിൽ പുഷ്പിക്കുന്ന സമയത്തും തളിക്കണം. ഈ വളക്കൂട്ടിന്റെ 2 - 3 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ആഴ്ചയിൽ രണ്ടു തവണ തളിക്കാം. ഈ വളക്കൂട്ട് തയ്യാറാക്കാൻ വെള്ളത്തിൽ ലയിക്കുന്ന രാസവളങ്ങൾ വേണം. ഉദാഹരണത്തിന് 3 ഗ്രാം നൈട്രജൻ കിട്ടാൻ 100/46 x 3 = 6.51 ഗ്രാം യൂറിയ വേണം.
ഒരു ഗ്രാം ഫോസ്ഫറസ് കിട്ടാൻ 100/16 x 1 = 6.25 ഗ്രാം സൂപ്പർ ഫോസ്ഫേറ്റ് വേണം. ഒരു ഗ്രാം പൊട്ടാഷ് കിട്ടാൻ 100/60 x 1 = 1.66 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് വേണം. (നൂറിനെ ഹരിക്കുന്ന സംഖ്യ പ്രസ്തുത രാസവളത്തിൽ അടങ്ങിയിരിക്കുന്ന മൂലകത്തിന്റെ ശതമാനമാണ്). കൂടാതെ മിറക്കിൾ മിക്സ്, മിറക്കിൾ 20, ഓർക്കിഡ് കെയർ തുടങ്ങി വിവിധ ബ്രാൻഡ് വളങ്ങളും വിപണിയിൽ ലഭ്യമാണ്.
സ്യൂഡോമോണസ് കൾച്ചർ 10 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ഇടയ്ക്കിടെ തളിക്കുകയും ചുവട്ടിൽ ഒഴിക്കുകയും ചെയ്യാം. ചില കാര്യങ്ങൾ വളപ്രയോഗം നടത്തുമ്പോൾ നിർബന്ധമായും ഓർത്തിരിക്കേണ്ടതുണ്ട്. ഇതിലൊന്ന് വളങ്ങൾ പരമാവധി നേർപ്പിച്ച് മാത്രമേ ചെടികൾക്ക് നൽകാൻ പാടുള്ളു എന്നതാണ്.
പരമാവധി വീര്യം കുറച്ച് പല തവണയായി കുറേശ്ശെ വളം നൽകുന്ന രീതിയാണ് എപ്പോഴും നല്ലത്. വളപ്രയോഗം നടത്തും മുൻപ് ചെടി ഒന്ന് നേരിയ തോതിൽ നനച്ച് പരുവപ്പെടുത്തുന്നതും നല്ലതാണ്. രാസവള ഉപയോഗത്തിൽ ഒരിക്കലും പാളിച്ച വരാതെ ശ്രദ്ധിക്കണം.