ഇഞ്ചിവർഗത്തിൽപ്പെട്ട വിളകൾ കാലവർഷാരംഭത്തിൽ വിളയിറക്കാമെന്ന് പൊതുശുപാർശ നിലവിലുണ്ട്. പക്ഷേ, ചെങ്ങഴിനീർക്കിഴങ്ങിനെ സംബന്ധിച്ചിടത്തോളം നടീൽ ഏപ്രിൽ മാസം നടത്തുന്നതാണ് വിളവ് മെച്ചപ്പെടുത്താനുള്ള വഴി.
ഏപ്രിൽ ആദ്യവാരം കൃഷിയിറക്കുന്നതായാൽ മേയ്-ജൂൺ മാസത്തെ കാലവർഷവും സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലെ മഴയും ഈ വിളയെ കനിഞ്ഞനുഗ്രഹിക്കും. ഇതിനാൽ ഈ വിള ഏറിയകൂറും ജലക്ഷാമമില്ലാതെ കായിക വളർച്ചയും ഉൽപ്പാദനവും മെച്ചപ്പെടും. കാലവർഷം പ്രതീക്ഷിച്ചുനട്ടാൽപ്പോലും മഴ കിട്ടുന്നമുറയ്ക്ക് കാഞ്ഞ് മുളയ്ക്കുമെന്നാണ് കർഷകരുടെ കണക്കുകൂട്ടൽ.
നിലമൊരുക്കൽ ചെങ്ങഴിനീർക്കിഴങ്ങു നടാനുള്ള സ്ഥലം 30 സെ.മീറ്ററിൽ ആഴത്തിൽ മണ്ണിളക്കുക. കട്ടയുടച്ച് നിരത്തി ഒരു മീറ്റർ വീതിയിൽ ആവശ്യാനുസരണം നീളത്തിൽ താവരണകൾ തയാറാക്കുക. കായ്ഫലമെത്തിയ തെങ്ങിൻതോപ്പുകളിലെ സൂര്യപ്രകാശം ധാരാളം മതിയാകും.
വിത്തു പരിചരണവും നടീലും
വിത്തിനെടുക്കുന്ന ഒരു കഷണം കിഴങ്ങിന് സുമാർ 15 ഗ്രാം ഭാരം വേണം. നടും മുൻപ് വിത്തുകഷണങ്ങൾ ഒരു തുണിയിലോ ചാക്കിലോ പൊതിഞ്ഞ് പുക ഏൽപ്പിക്കുന്നത് നന്ന്. പുകകൊള്ളിച്ച് 3-4 ദിവസങ്ങൾക്കകം അവ മുളപൊട്ടും. മുളപൊട്ടുന്ന മുറയ്ക്ക് നടാം. ചെടികൾ തമ്മിൽ 20 സെ.മീ. അകലം ക്രമീകരിക്കുക. മുളഭാഗം മുകളിലാക്കി 5 സെ.മീ. താഴ്ത്തി നടുക. മുകളിൽ ചാണകപ്പൊടിയിട്ട് അമർത്തുക.