പ്രസിദ്ധമായ രാസ്നാദി പൊടിയിലും രാസ്നാദികഷായത്തിലും പ്രധാന ചേരുവയായി രാസ്‌ന എന്ന കിഴങ്ങു വിള തന്നെയാണ് ചിറ്റരത്ത. ഇഞ്ചിയുടെ അതേ രൂപ സാദൃശ്യമുണ്ടെങ്കിലും ഇവയുടെ തണ്ടും ഇലയും കരിഞ്ഞുണങ്ങാറില്ല. നട്ടു കഴിഞ്ഞാൽ വിളവെടുക്കാൻ ചുരുങ്ങിയത്. ഒന്നര വർഷം വേണം. എത്രകാലം മണ്ണിൽ നിൽക്കുന്നതോ അത്രയും വിളവും കൂടി കിട്ടും.
തെങ്ങിൻ തോപ്പിൽ യോജിച്ച ഔഷധ വിളയാണ് ചിറ്റരത്ത, ഇവയുടെ തണ്ടിനും ഇലയ്ക്കും കൂടി മൂന്നടി വരെ ഉയരം വയ്ക്കുകയും നിത്യഹരിതവുമായിരിക്കും. പ്രായപൂർത്തിയായാൽ ചെടിയുടെ ചുവട്ടിൽ വേരോടു കൂടിയ കൈവിരലിന്റെ ആകൃതിയിലുള്ള ധാരാളം കിഴങ്ങുകൾ ഉണ്ടാകും. കിഴങ്ങുകൾക്കും ഇലകൾക്കും നല്ല വാസനയുണ്ട്. അലങ്കാര സസ്യമായും ഇവ വച്ചു പിടിപ്പിക്കാം.
കാലവർഷാരംഭത്തോടു കൂടി സ്ഥലം കിളച്ചൊരുക്കി പാഴ് വസ്തുക്കൾ നീക്കം ചെയ്യണം. രണ്ടു. മീ. അകലത്തിൽ കുന കൂട്ടി നന്നായി ജൈവ വളങ്ങൾ അടിവളമായി ചേർത്തു കൊടുക്കണം.
മുളയോടു കൂടിയ കിഴങ്ങു കഷണങ്ങൾ പുതുമഴയോടു കൂടി നട്ടു കൊടുക്കണം. ഇഞ്ചിയുടെ വാരം പോലെയെടുത്തും കൃഷി ചെയ്യാം. ഭാഗികമായ തണലാണ് നന്നായി വളരുവാൻ യോജിക്കുന്നത്.
ഒന്നര വർഷം കഴിയുന്നതോടു കൂടി കിളച്ചെടുത്ത് കിഴങ്ങുകളുടെ വേരുകൾ നീക്കം ചെയ്തു വൃത്തിയാക്കണം. 2 ഇഞ്ച് നീളത്തിൽ വെട്ടിയരിഞ്ഞ് വെയിലത്ത് നന്നായി ഉണക്കി വിപണനം ചെയ്യാം. ഉണങ്ങി കഴിഞ്ഞാൽ കിഴങ്ങുകൾക്ക് തവിട്ടു നിറവും നല്ല സുഗന്ധവുമുള്ള ധാരാളം നാരുകളുമുണ്ടാകും. ഒരേക്കറിൽ 750 കിലോ ഗ്രാം വിളവു ലഭിക്കും.