Updated on: 5 May, 2021 11:03 AM IST
പച്ചക്കറി ആണ് മുളക്

പ്രമോദ് മാധവൻ

നമ്മുടെ വീടുകളിൽ നിത്യവും വേണ്ട പച്ചക്കറി ആണ് മുളക്. അത് പച്ചയായും ഉണക്കയായും പൊടിയായും വേണം. ഇതിൽ ഉണക്ക മുളക് വരുന്നത് കൂടുതലും ആന്ധ്രയിൽ നിന്നും. കാശ്മീരി ചില്ലി ഹിമാചലിൽ നിന്നും.

ട്രോപ്പിക്കൽ കാലാവസ്ഥയിൽ വെള്ളീച്ച, മണ്ഡരി, ഇലപ്പേൻ ഇവ മൂന്നും ഇപ്പോൾ ഏറ്റവും കൂടുതൽ ആക്രമിക്കുന്നത് മുളകിനെ ആണ്. സാമാന്യം ഭേദപ്പെട്ട രീതിയിൽ മരുന്ന് തളിച്ചെത്തുന്ന മുളക് (മരുന്നലയിൽ മുങ്ങിത്തോർത്തി.) നമ്മുടെ ആയുസ്സു എത്ര കണ്ടു കുറയ്ക്കുന്നു എന്നത് ഊഹിക്കാവുന്നതേ ഉളളൂ, ഒരിക്കലെങ്കിലും ഇത് കൃഷി ചെയ്തവർക്ക്.

അതുകൊണ്ട് അയല്സംസ്ഥാനങ്ങൾ ഒൻപതു തവണ മരുന്നടിച്ചു കൊണ്ട് വരുന്ന മുളകിനേക്കാൾ നല്ലത് വേണ്ടി വന്നാൽ ഒന്നോ രണ്ടോ തവണ മരുന്ന് തളിച്ചു നമ്മൾ തന്നെ ഉണ്ടാക്കുന്നതല്ലേ?

എങ്കിൽ നേരമായി

മഴക്കാലത്ത് ഏറ്റവും നല്ല വിളവ് തരുന്ന ഒരു പച്ചക്കറി ആണ് മുളക്. പക്ഷെ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം

മെയ്‌ മാസം ആദ്യം തന്നെ പറിച്ചു നടണം

നല്ല ഇനങ്ങൾ തന്നെ തെരഞ്ഞെടുക്കണം

നല്ല ഇനങ്ങൾ ഏതൊക്കെ?

ജ്വാല മുഖി (സാമ്പാർ മുളക് )

G4(ഭാഗ്യലക്ഷ്മി )നീണ്ട മുളക്

അനുഗ്രഹ (ഇടവിളയായും അല്പം തണലിലും വളരും )

അതുല്യ
സമൃദ്ധി
തേജസ്‌ (മൂന്നും കാർഷിക കോളജ്, വെള്ളായണിയിൽ ഉരുത്തിരിച്ചെടുത്തത് )

ഉജ്ജ്വല, മഞ്ജരി (എരിവ് വളരെ കൂടിയ ഇനങ്ങൾ. കുലയായി മുകളിലേക്കു നിൽക്കുന്ന 6cm ഓളം നീളം ഉള്ള മുളക് ).അലങ്കാര മുളകായും വളർത്താം.

ബുള്ളറ്റ് (മാഹിക്കോ seed കമ്പനി )വെടിയുണ്ട യുടെ ആകൃതി

സിയറ (Syngenta Seed company).നീണ്ട അത്യുൽപ്പാദന ശേഷിയുള്ള ഇനം

കാന്താരി

വെള്ള കാന്താരി

ഗുണ്ടുർ സന്നം (വറ്റൽ മുളക് )

ബ്യാദ്ജി (എരിവ് കുറഞ്ഞ വറ്റൽ മുളക് )

കാശ്മീരി പിരിയൻ മുളക് (എരിവ് കുറഞ്ഞ നിറം കൂടിയ ഇനം )

രാം നാട് മുണ്ട് മുളക് (തമിഴ് നാട്ടിൽ കടുക് വറ ക്കാൻ ഉപയോഗിക്കുന്ന നീളം കുറഞ്ഞ അല്പം വലിയ ഉണ്ട മുളക് )

എരിവ് കൂടിയ ഭൂത് ജോലാക്കിയ, നാഗ മിർച്ചി, ട്രിനിഡാഡ് സ്കോര്പിയോൺ, കരോലിന റീപ്പർ, ഹബനിറോ പെപ്പെർ

സ്കോച്ച് ബോണറ്റ് (ജിമിക്കി കമ്മൽ മുളക് )

ബെൽ പെപ്പെർ (കാപ്സികം )എരിവ് തീരെ ഇല്ലാത്ത ഇനം

ബജി മുളക്

ഇങ്ങനെ വൈവിധ്യപൂര്ണമായ എത്രയോ ഇനങ്ങൾ.

മുളകിന്റെ ഗുണം നിശ്ചയിക്കുന്നത് പ്രധാനമായും രണ്ടു ഘടകങ്ങൾ ആണ്. എരിവ് നൽകുന്ന Capsacin, നിറം നൽകുന്ന Capsanthin.

ഇതിന്റെ ഏറ്റക്കുറച്ചിൽ അനുസരിച്ചു വിവിധ ഉപയോഗങ്ങൾക്കായി എടുക്കുന്നു.

എരിവ് അളക്കുന്നത് SHU (Scoville Heat Unit ) അടിസ്ഥാനത്തിൽ ആണ്. ഏറ്റവും എരിവ് കൂടിയ ഇനങ്ങൾ പതിനഞ്ചു ലക്ഷം SHU വരെ വരും. അത്തരം ഇനങ്ങൾ ഉപയോഗിച്ചാണ് സ്വയ രക്ഷയ്ക്കുള്ള പെപ്പെർ സ്പ്രേ ഉണ്ടാക്കുന്നത്.

ഉപയോഗിക്കുന്ന മുളകിന്റെ SHU പാചകക്കാരൻ അറിഞ്ഞില്ല എങ്കിൽ കറി SHU (ശൂ ) ആയി പോകാൻ സാധ്യത ഉണ്ട്.

നിറത്തിന്റെ അളവുകോൽ ASTA unit ആണ്. American Spice Trade അസോസിയേഷൻ അതിനു chart ഉണ്ടാക്കിയിട്ടുണ്ട്.

നമ്മൾക്ക് ഇനി പച്ച മുളക് കൃഷിയിലേക്ക് വരാം.

വെള്ളം അല്പം പോലും മുളക് തടത്തിൽ കെട്ടി നിൽക്കാൻ പാടില്ല. അതായതു ഇപ്പോൾ തടം എടുത്താണ് നടുന്നതെങ്കിലും മഴ ആകുമ്പോഴേക്കും ചെടിത്തടം അല്പം ഉയരത്തിൽ ആക്കിയേക്കണം.

മുളകിന്റെ വേര് ഒരുപാടു ആഴങ്ങളിൽ പോകാറില്ല. ആയതിനാൽ നന്നായി കിളച്ചു കട്ടയുടച്ചു 2കിലോ ചാണകപ്പൊടി യും അല്പം എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് (ട്രൈക്കോഡെര്മ ചേർത്ത്) അടിവളമായി നൽകണം.

Bacterial വാട്ടം വരാൻ സാധ്യത കൂടുതൽ ആയതിനാൽ കിളച്ചൊരുക്കുമ്പോൾ കുമ്മായം ചേർ്ത് pH 6-6.5ലേക്ക് കൊണ്ട് വരണം.

ഇനം അനുസരിച്ചു അകലം നൽകാം. ഒരുപാട് ശിഖരങ്ങൾ പടരാത്ത ഇനങ്ങൾ 45cmx45cm എന്ന അകലത്തിലും വെള്ള കാന്താരി, ഉണ്ടമുളകു എന്നിവ 75cmx75cm അകലത്തിലും നടാം.

നാലാഴ്ച പ്രായമുള്ള പ്രോ ട്രേയിൽ വളർത്തിയ തൈകളാണ് നടാൻ നല്ലത്.

വൈകുന്നേരങ്ങളിൽ നടുക. രണ്ടാഴ്ചയിൽ ഒരിക്കൽ സ്യൂഡോമോണസ് 20ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തടം കുതിർക്കുക.

ശിഖരങ്ങൾ കൂടുതൽ ഉണ്ടാകാൻ നട്ടു 30ദിവസം കഴിയുമ്പോൾ മണ്ട നുള്ളുക.

ശിഖരങ്ങൾ ആകുമ്പോൾ വെള്ളീച്ചയെ തടയാൻ ഒരു തവണ Tag Jio Veg 1.5 ഗ്രാം ഒരു litre വെള്ളത്തിൽ 1ml Helper /Stanowet ചേർത്ത് തളിക്കുക. ഇത് ഇലപ്പേൻ വഴിയുള്ള ഇല കുരുടിപ്പ്‌ തടയും. ഇത് വെള്ളീച്ചകളെയും നിയന്ത്രിക്കും.

ഇലകളെ അടിയിലേക്ക് വളച്ചു കുരുടിപ്പിക്കുന്ന മണ്ഡരികൾ ആണ് ഏറ്റവും വലിയ ശല്യം. Oberon 0.75ml ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഒരു തവണ ആവശ്യമെങ്കിൽ തളിക്കുക.

ആഴ്ചയിൽ ഒരിക്കൽ ഒരു ചെറിയ വളപ്രയോഗം നടത്തണം. ബയോ സ്ലറി, വള ചായ, ജീവാമൃതം, 19:19:19 ചെറിയ അളവിൽ എന്നിവ മാറി മാറി നൽകാം.

രണ്ടോ മൂന്നോ തവണ ചെറിയ അളവിൽ കുമ്മായം കൊത്തി ചേർത്ത് നൽകാം.

സൂക്ഷ്മ മൂലക കുറവ് വരാതിരിക്കൻ സമ്പൂർണ മൾട്ടി മിക്സ്‌/വെജിറ്റബിൾ സെപ്ഷ്യൽ /മൈക്രോഫുഡ് എന്നിവയിൽ ഏതെങ്കിലും ഒന്ന് നൽകാം. മണ്ണിലോ ഇലയിലോ ആകാം.

നട്ടു 35-40ദിവസം കഴിയുമ്പോൾ പൂവിടാൻ തുടങ്ങും. യഥാസമയം വിളവെടുത്തു കൂടുതൽ കായ്കൾ പിടിക്കാൻ ചെടിയെ പ്രേരിപ്പിക്കുക.

മിതമായ നന നൽകാൻ ശ്രദ്ധിക്കുക ഇല്ലെങ്കിൽ വേര് പെട്ടെന്ന് അഴുകും. വളം കൂടിയാലും അഴുകും.

ചെടിയിൽ തട്ടാതെ ഉണങ്ങിയ കരിയിലകൾ കൊണ്ട് പുതയിടുക.

അമിതമായ പൂ കൊഴിച്ചിൽ ഉണ്ടെങ്കിൽ VIPUL 2ml ഒരു litre വെള്ളത്തിൽ അല്ലെങ്കിൽ Planofix 2.2ml, 10ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുക

ഭേദമാക്കാൻ കഴിയാത്ത കേടുള്ള ചെടികൾ പറിച്ചു മാറ്റി കത്തിക്കുക.

ഉണങ്ങി വീഴുന്ന ഇലകൾ പെറുക്കി മാറ്റുക.

ഇലയിൽ പുള്ളി രോഗം വരുന്നു എങ്കിൽ Zinthane /Indofil 3ഗ്രാം ഒരു litre വെള്ളത്തിൽ 1ml Helper/Stanowet ചേർത്ത് തളിക്കുക.

ചാത്തന്നൂർ പ്രദേശത്തു ഉള്ള കർഷകർക്ക് സിയറ, കാന്താരി, ഉണ്ട മുളക് തൈകൾക്കായി ശ്രീ. രവി, മണ്ണ് വീടിനെ ബന്ധപ്പെടാം

നമ്പർ :9895053755

അപ്പോൾ പറഞ്ഞ പോലെ.

ഇതാണ് സമയം

അവര് ഒമ്പതടിച്ചുണ്ടാക്കുന്ന മുളകിനേക്കാൾ നമ്മൾ വേണ്ടി വന്നാൽ ഒന്നോ രണ്ടോ അടിച്ചു മുളകുണ്ടാക്കുക, കൂടുതൽ നാൾ ജീവിക്കാൻ.

ഇപ്പോൾ നട്ടാൽ ഓണത്തിന് മുളക് വിൽക്കുകയും ചെയ്യാം.

എന്നാൽ അങ്ങട്.

പ്രമോദ് മാധവൻ
കൃഷി ഓഫീസർ
ചാത്തന്നൂർ കൃഷിഭവൻ

English Summary: Chilli seedlings preparing time has come: Do it now
Published on: 05 May 2021, 11:03 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now