Updated on: 30 April, 2021 9:21 PM IST

വൈക്കോൽ ഉപയോഗിച്ചുള്ള ചിപ്പിക്കൂൺ കൃഷി

വളരെ ശ്രദ്ധയോടെ വേണം കൂൺ കൃഷിക്കായി വൈക്കോൽ തെരഞ്ഞെടുക്കേണ്ടത്. കൊയ്ത്ത്തിനു ശേഷം ഉണക്കിയെടുക്കുന്ന വൈക്കോൽ ഉടനെ കൂൺകൃഷിക്ക് ഉപയോഗിക്കരുത്. രണ്ടുമൂന്നു മാസമെങ്കിലും പഴകിയതിനുശേഷം വേണം ഉപയോഗിക്കാൻ. എന്നാൽ രണ്ടു വർഷത്തിൽ കൂടുതൽ പഴകുകയുമരുത്.

സ്വർണ്ണനിറമുള്ള വൈക്കോൽ ആണ് ചിപ്പിക്കൂൺ കൃഷിക്ക് ഏറ്റവും അനുയോജ്യം. കേരളത്തിൽ ഇടുക്കി,വയനാട്, പാലക്കാട് ജില്ലകളിലെ വൈക്കോലും തമിഴ്‌നാട്ടിൽ നിന്നു വരുന്ന വൈക്കോലും ഏതാണ്ടു സ്വർണ്ണനിറമുള്ളതാണെന്നു പറയാം. എന്നാൽ വാണിജ്യാടിസ്ഥാനത്തിലുള്ള ചിപ്പിക്കൂൺ കൃഷിക്ക് കുട്ടനാടൻ വൈക്കോൽ അത്ര നല്ലതല്ല. കുട്ടനാടൻ വൈക്കോലിൽ കൂടുതലായി കുമിൾബാധയും കീടബാധയും ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ട്. പലപ്പോഴും കൊയ്യുന്ന സമയത്ത് കുട്ടനാടൻ നെല്ല് ചെളിയിൽ അടിയുന്നതു മൂലം വൈക്കോൽ മോശമായിരിക്കും. അതുപോലെ യന്ത്രം ഉപയോഗിച്ച് കൊയ്ത്തും മെതിയും നടത്തുന്നിടത്തെ വൈക്കോലും ചിപ്പിക്കൂൺ കൃഷിക്ക് അത്ര നല്ലതല്ല.

വൈക്കോൽ പാകപ്പെടുത്തിയെടുക്കുന്ന വിധം

കൂൺ കൃഷിയ്ക്കായി വൈക്കോൽ പ്രധാനമായും രണ്ടു തരത്തിൽ പാകപ്പെടുത്തിയെടുക്കാം. ആവിയിൽ പുഴുങ്ങിയോ രാസലായനിയിൽ മുക്കി വച്ചോ (chemical pasteurization) വൈക്കോൽ പരുവപ്പെടുത്താം.

1, ആവിയിൽ പുഴുങ്ങി ഉപയോഗിക്കുന്ന വിധം:

ആദ്യമായി വൈക്കോൽ 6-24 മണിക്കൂർ സമയം വെള്ളത്തിൽ കുതിർത്തു വയ്ക്കണം. വൈക്കോൽ മുഴുവനായി വെള്ളത്തിൽ താഴ്ന്ന് കിടക്കുന്നതിന് വൈക്കോലിനു മുകളിൽ ഭാരമുള്ള എന്തെങ്കിലും (കല്ല്) വയ്ക്കണം. പിന്നീട് പുറത്തെടുത്ത് വെയിലത്ത് വാരിയിട്ട് 50 ശതമാനം വരെ വെള്ളം തോരാൻ അനുവദിക്കുക. അമ്പതു ശതമാനം ഈർപ്പം കണക്കാക്കുന്നതിനായി വൈക്കോൽ മുറുക്കിപ്പിഴിഞ്ഞു നോക്കുക. അപ്പോൾ ഒന്നോ, രണ്ടോ തുള്ളി വെള്ളം മാത്രമ വരുന്നുള്ളൂ. എങ്കിൽ 50 ശതമാനം ഈർപ്പമായി എന്നു കണക്കാക്കാം. ഈർപ്പം 50 ശതമാനത്തിൽ അൽപ്പം കുറഞ്ഞാലും പ്രശ്നമില്ല. കൂടുന്നത് ഒട്ടും ആശാസ്യമല്ല. പലപ്പോഴും കൂൺകൃഷി പരാജയപ്പെടുന്നതിന് ഒരു കാരണം കൃഷി ചെയ്യുമ്പോൾ വൈക്കോലിൽ ഈർപ്പം കൂടുന്നതാണ്. ഇപ്രകാരം വെള്ളം തോർത്തിയെടുത്ത വൈക്കോൽ ഒരു മണിക്കൂർ ആവിക്കു വച്ചു പുഴുങ്ങി എടുക്കണം. അതിനുശേഷം തണുക്കുന്നതിനായി നല്ല വൃത്തിയുള്ള സ്ഥലത്ത് വിരിച്ചിടണം. ഒരു മണിക്കൂറിനുള്ളിൽ തണുക്കുകയും കൃഷിക്ക് ഉപയോഗിക്കുകയും ചെയ്യാം.

2. കെമിക്കൽ പാസ്ചുറൈസേഷൻ:

വ്യാവസായികാടിസ്ഥാനത്തിൽ ചിപ്പിക്കൂൺ കൃഷി ചെയ്യുമ്പോൾ വൈക്കോൽ പുഴുങ്ങി ഉപയോഗിക്കുന്നതിന് പല പ്രായോഗിക വിഷമതകളുമുണ്ട്. പുഴുങ്ങുന്നതിനു പകരം രാസവസ്തുക്കൾ ഉപയോഗിച്ച് വൈക്കോൽ പാകപ്പെടുത്തുന്നതാണ് കൂടുതൽ പ്രായോഗികവും സൗകര്യവും. ഇതിനായി സാധാരണ ഉപയോഗിക്കുന്നത് കാർബൻഡാസിം-ഫോർമാൽഡിഹൈഡ് ലായനിയോ കാർബൻഡാസിം-ബ്ലീച്ചിങ്ങ് പൗഡർ ലായനിയോ ആണ്. ആദ്യത്തെ ചേരുവയിൽ കാർബൻഡാസിം 8 ഗ്രാമും ഫോർമാൽഡിഹൈഡ് 50 മില്ലിലിറ്ററും 100 ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് ലായനി തയ്യാറാക്കണം. രണ്ടാമത്തെ ചേരുവയിൽ കാർബൻഡാസിം 8 ഗ്രാം, ബ്ലീച്ചിംഗ് പൗഡർ 10 ഗ്രാം എന്നിവ 100 ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് ലായനി തയ്യാറാക്കണം. കാർബൻഡാസിം ഒരു അന്തർവ്യാപനശേഷിയുള്ള കുമിൾ നാശിനിയാണ്. ഈ കുമിൾനാശിനി 100 ലിറ്ററിൽ 8 ഗ്രാം വരെ ചേർത്താൽ കൂൺവർഗ്ഗത്തിൽപ്പെട്ട കുമിളുകൾ നശിക്കില്ല.

എന്നാൽ കൂൺ കൃഷി ചെയ്യുമ്പോൾ ഉണ്ടാകുന്ന പച്ച നിറത്തിലുള്ള പൂപ്പലുകളെ നിയന്ത്രിക്കുകയും ചെയ്യും. പാസ്ചുറൈസേഷന് ലായനി തയ്യാറാക്കുന്നതിനായി 100 ലിറ്റർ കൊള്ളുന്ന സിമന്റ് ടാങ്കോ, വലിയ വീപ്പയോ, പ്ലാസ്റ്റിക് ജാറോ ഉപയോഗിക്കാം. വീപ്പയുടെയും, ജാറിന്റെയും അടിയിൽ ഒരു ടാപ്പ് പിടിപ്പിക്കുന്നത് കൂടുതൽ സൗകര്യപ്രദമാണ്. ആദ്യം കാർബൻഡാസിം നിശ്ചിത അളവിൽ തൂക്കിയെടുക്കണം. ഇത് ഒരു ചെറിയ അളവുപാത്രത്തിൽ അളന്നു തിട്ടപ്പെടുത്തിയാൽ പിന്നീട് തൂക്കം നോക്കാതെ അളന്നെടുത്താൽ മതിയാകും. കാർബൻഡാസിം പൊടിയിലേക്ക് അൽപ്പാൽപ്പം വെള്ളം ചേർത്ത് നിശ്ചിത അളവ് വെള്ളവുമായി ചേർത്തിളക്കുക. പിന്നീട് 100 ലിറ്റർ വെള്ളത്തിൽ 10 ഗ്രാം ബ്ലീച്ചിംഗ് പൗഡർ ചേർത്ത് നന്നായി ഇളക്കുക.

ഇങ്ങനെ തയ്യാറാക്കിയ ലായനിയിൽ വൈക്കോൽ 6-24 മണിക്കൂർ മുക്കിവയ്ക്കണം. അതിനുശേഷം പുറത്തെടുത്ത് 50 ശതമാനം ഈർപ്പത്തിൽ വെള്ളം തോർത്തി എടുക്കണം. വൈക്കോൽ പുറത്തെടുക്കുന്നതിനു മുമ്പായി ടാപ്പ് തുറന്നുവിട്ട് ലായനി ചോർത്തിക്കളഞ്ഞാൽ നന്നായിരിക്കും. സാധാരണ മൂന്നു തവണവരെ മുക്കി വയ്ക്കുന്നതിനായി ഒരേ ലായനി ഉപയോഗിക്കാമെന്നു പറയുന്നുണ്ടെങ്കിലും അത് പ്രായോഗികമായി അത്ര വിജയകരമായി അനുഭവപ്പെട്ടിട്ടില്ല.

പാകപ്പെടുത്തിയ കൃഷി ചെയ്യുന്നവിധം

ചിപ്പിക്കൂൺ കൃഷിക്ക് വിത്തും വൈക്കോലും കൂടാതെ പോളിത്തീൻ കവർ കൂടി വേണം. ഇങ്ങനെ പോളിത്തീൻ കവറിൽ കൃഷിചെയ്തെടുക്കുന്ന രീതിയെ പോളിബാഗ് കൃഷിരീതി എന്നു പറയും. കൃഷി ചെയ്യുന്നതിനായി 100-150 ഗേജ് കട്ടിയുള്ളതും വെളുത്തതും, 60 x 30 സെ.മീറ്റർ വലിപ്പമുള്ളതുമായ കവറുകളാണ് ഉപയോഗിക്കുന്നത്. കവറിനു പകരം 25-30 സെ.മീറ്റർ വീതിയുള്ള പോളിത്തീൻ ട്യൂബ് 50-60 സെ.മീറ്റർ നീളത്തിൽ മുറിച്ചെടുത്ത് ഒരു വശം കെട്ടിയെടുത്താലും മതി.

ഇത്രയും വലിപ്പമുള്ള ഒരു കവറിൽ കൃഷി ചെയ്യാൻ ഏകദേശം 750-1000 ഗ്രാം വൈക്കോലും 150 ഗ്രാം കൂൺവിത്തും (അര പായ്ക്കറ്റ്) വേണ്ടി വരും. ആദ്യമായി പോളിത്തീൻ കവർ എട്ടായി മടക്കി പിന്ന് കൊണ്ടോ മൊട്ടുസൂചി കൊണ്ടോ ഒത്ത നടുക്ക് ഒരു ദ്വാരം കൊടുക്കുക. പിന്നീട് കവറിന്റെ ചുവടുഭാഗം (സീൽ ചെയ്ത ഭാഗം) മുറിച്ചു മാറ്റി ആ ഭാഗം ചുരുക്കി ഒരു റബ്ബർ ബാൻഡു കൊണ്ട് കെട്ടുക. കവറിനു പകരമായി മുകളിൽ പറഞ്ഞതുപോലെ പോളിത്തീൻ ട്യൂബുകളും ഒരു വശം കെട്ടിയെടുത്ത് കൃഷിക്ക് ഉപയോഗിക്കാം.

അണുനശീകരണം വരുത്തി വെള്ളം തോർത്തിയെടുത്ത വൈക്കോൽ ചുമ്മാടു പോലെ ചുരുട്ടി ഒന്നര ഇഞ്ചു കനത്തിൽ കവറിനുള്ളിൽ ഇറക്കിവച്ച് നന്നായി അമർത്തി നിരപ്പാക്കുക. കൂൺ വിത്ത് പാക്കറ്റ് പൊട്ടിച്ച് അണുനശീകരണം വരുത്തിയതും വൃത്തിയുള്ളതുമായ ഒരു പാത്രത്തിലേക്ക് പകർത്തണം. പിന്നീട് ഒരു പിടി വിത്തുവാരി കവറി നു ള്ളിൽ വയ്ക്കോലിനു മുകളിൽ കറിനരികിലൂടെ വൃത്താകൃതിയിൽ ഇടണം. വീണ്ടും പഴയ പടി ഒരട്ടി വൈക്കോൽ ഇറക്കിവച്ച് അമർത്തി നിരപ്പാക്കി കൂൺവിത്ത് ഇട്ടുകൊടുക്കണം. പോളിത്തീൻ കവർ ഏകദേശം മുഴുവനായി നിറയുന്നതു വരെ ഇങ്ങനെ ആവർത്തിക്കണം. ഓരോ അട്ടി വൈക്കോലും കവറിൽ നന്നായി അമർത്തി വച്ച്തിനു ശേഷം വേണം കൂൺവിത്ത് ഇടേണ്ടത്.

ഏറ്റവും അവസാനത്തെ അട്ടിയുടെ പുറത്ത് കൂൺവിത്ത് കവറിന് അരികിൽ ഇടുന്നതോടൊപ്പം വൈക്കോലിന്റെ മുകൾഭാഗത്തും ഇടേണ്ടതാണ്. അതിനു ശേഷം ബെഡ് നന്നായി അമർത്തി ഒരു പ്ലാസ്റ്റിക് ചരടുകൊണ്ട് കവറിന്റെ മുകൾഭാഗം നന്നായി കെട്ടിവയ്ക്കണം. പിന്നീട് ഈ ബെഡ്ഡ് തലകീഴായി ഒരു മേശപ്പുറത്ത് വച്ചിട്ട് അടിവശത്തെ റബ്ബർബാൻഡുകെട്ട് അഴിച്ചു മാറ്റണം. കവർ തുറന്ന് ഒരു പിടി വിത്ത് അരികിലും നടുക്കുമായി വിതറി ഇട്ടുകൊടുത്ത് ഒരു ചരടു കൊണ്ട് വീണ്ടും മുറുക്കിക്കെട്ടണം.

പോളിത്തീൻ കവറിൽ വൈക്കോലും കൂൺവിത്തും ഒന്നിടവിട്ട് നിറച്ച് തയ്യാറാക്കി എടുക്കുന്നതാണ് കൂൺ ബെഡ് (തടം) എന്നറിയപ്പെടുന്നത്. ഇപ്രകാരം തയ്യാറാക്കിയ ഒരു സ്റ്റാൻഡേർഡ് ബെഡ്ഡിന് ഏകദേശം 3-3.5 കിലോഗ്രാം തൂക്കം വരും. ചണച്ചാക്ക് റിബൺ പോലെ കീറിയെടുത്ത് വൈക്കോൽ കൃഷിക്കായി പാകപ്പെടുത്തുന്നതുപോലെ തയ്യാറാക്കി അതിലും ലാഭകരമായി കൂൺ കൃഷി ചെയ്യാം.

English Summary: CHIPPI MUSHROOM IN HAY
Published on: 29 November 2020, 01:55 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now