ദ്വാരമുള്ള പ്ലാസ്റ്റിക് കൂടകളിൽ ഫലവത്തായി ചിപ്പിക്കൂൺ വളർത്താൻ സാധിക്കും. 50-70 സെ.മീ. നീളവും 25-40 സെ.മീ. വീതിയുമുള്ള പ്ലാസ്റ്റിക് കൂടകളാണ് കൃഷിക്കായി തെരഞ്ഞെടുക്കേണ്ടത്. കൂടകൾ അനേകം തവണ പുനരുപയോഗപ്പെടുത്താൻ സാധിക്കുന്നവയാണ്.
പരുവപ്പെടുത്തിയെടുത്ത വയ്ക്കോൽ വൃത്തിയാക്കിയ കൂടകളിൽ ചുമ്മാടു രൂപത്തിലാക്കിയാണ് വയ്ക്കുന്നത്. ഇവ നന്നായി അമർത്തി വച്ച ശേഷം ചിപ്പിക്കൂൺ വിത്ത് കൂടയുടെയുള്ളിൽ ഓരം ചേർത്ത് ഇട്ടുകൊടുക്കുക. ഒരു സ്പോൺ പായ്ക്കറ്റ് ഉപയോഗിച്ച് രണ്ട് കൂടകളിൽ കൂൺ തടം തയാറാക്കാൻ സാധിക്കും. ഒരു കൂടയ്ക്കുള്ളിൽ 45 ചുമ്മാടുകൾ വയ്ക്കാവുന്നതാണ്. അവസാനത്തെ ചുമ്മാട് അട്ടിയായി വച്ചശേഷം മുകൾഭാഗത്ത് കൂൺ വിത്ത് നന്നായി വിതറുക.
അതിനു ശേഷം സൂചിയുപയോഗിച്ച് ധാരാളം സുഷിരങ്ങളിട്ട പോളിത്തീൻ കവർകൊണ്ട് കൂടയെ നന്നായി പൊതിയുക. പ്ലാസ്റ്റിക് കൂടകളിൽ ഇപ്രകാരം തയാറാക്കിയ കൂൺതടങ്ങൾ ഏകദേശം രണ്ടാഴ്ചവരെ ഇരുട്ടുമുറിയിൽ സൂക്ഷിക്കുന്നത് കൂണിന്റെ വളർച്ചയെ ദ്രുതഗതിയിലാക്കും. വെളുത്ത പൂപ്പൽ പോലുള്ള വളർച്ച കൂൺ കൂടയ്ക്കുള്ളിൽ പടർന്ന് കഴിഞ്ഞാൽ മൂടിവച്ചിരിക്കുന്ന പ്ലാസ്റ്റിക് കവർ നീക്കം ചെയ്യാവുന്നതാണ്. തുടർന്ന് കൂടകൾ നല്ലതു പോലെ വായുസഞ്ചാരമുള്ളതും വൃത്തിയുള്ളതുമായ സ്ഥലത്ത് ഉറി പോലെ കെട്ടിത്തൂക്കി ഇടുകയോ അനക്കാതെ ഒതുക്കിവച്ചോ സൂക്ഷിക്കാവുന്നതാണ്.
ഒപ്പം തന്നെ ദിവസേന രണ്ടു നേരം തണുത്തവെള്ളം സ്പ്രേചെയ്തു കൊടുക്കുകയും വേണം. വെള്ളം അമിതമായി തളിച്ചുകൊടുക്കുകയാണെങ്കിൽ കൂടയ്ക്കളിൽ അതു കെട്ടിനിൽക്കാനും കൂൺതടം അഴുകിപ്പോകാനും കാരണമാകാം. ആയതിനാൽ വെള്ളം കെട്ടിനിൽക്കുന്ന തൊഴിവാക്കാൻ കൂടെ അടിഭാഗത്ത് സുഷിരങ്ങളിട്ടു കൊടുക്കുക, കൂൺതന്തുക്കളിൽ നിന്നു പണമൊട്ടുകൾ രൂപപ്പെട്ടുകഴിഞ്ഞാൽ ഒരാഴ്ചയ്ക്കകം തന്നെ വിള വെടുക്കാവുന്നതാണ്. ഒരു കൂടയിൽനിന്ന് 3-4 വിളവെടുപ്പുകൾ നടത്താം