ചിറ്റരത്ത കൃഷി ചെയ്യുമ്പോൾ കിഴങ്ങാണ് നടാനായി ഉപയോഗിക്കുന്നത്. ഇടവിളയായും തനി വിളയായും കൃഷി ചെയ്യാവുന്ന ഔഷധസസ്യം കൂടിയാണ് ചിറ്റരത്ത . കൃഷി ചെയ്യാനുദ്ദേശിക്കുന്ന പ്രദേശത്ത് ജലനിർഗമനം ഉറപ്പാക്കി, നന്നായി കിളച്ചു 10 മുതൽ 15 ടൺ ഒരു ഹെക്ടറിന് എന്ന തോതിൽ ജൈവവളം ചേർക്കേണ്ടതാണ്.
ആവശ്യാനുസരണം നീളത്തിലും വീതിയിലും തടങ്ങൾ എടുത്ത് ഓരോ കുഴിയിലും 5 സെൻറീമീറ്റർ നീളമുള്ള ഭൂഖണ്ഡ കഷ്ണങ്ങൾ നടാം. ഫലപുഷ്ടിയുള്ള മണ്ണിൽ 40x30 സെന്റീമീറ്റർ അകലത്തിലും ഫലപുഷ്ടി കുറഞ്ഞ മണ്ണിൽ 30x20 സെൻറിമീറ്റർ അകലത്തിലും വേണം നടാൻ. ഇത്തരത്തിൽ നടുന്നതിന് ഒരു ഹെക്ടറിന് ശരാശരി 1000 മുതൽ 1500 കിലോ വിത്ത് വേണ്ടിവരും. നട്ടതിനു ശേഷം പുത ഇടേണ്ടതാണ്. വിളവ് വർദ്ധിപ്പിക്കുന്നതിനായി 217 കിലോട് യൂറിയ, 250 കിലോ രാജ്ഫോസ്, 83 കിലോ പൊട്ടാഷ് എന്നിവ ഓരോ വർഷവും രണ്ട് തവണകളായി ചേർക്കേണ്ടതാണ്.
വിതപയർ കൃഷി ചെയ്യുന്നതും വിളവ് വർധിപ്പിക്കും. സമയാ സമയങ്ങളിൽ കള നീക്കുകയും വളപ്രയോഗത്തിനു ശേഷം മണ്ണ് കൂട്ടികൊടുക്കുകയും ചെയ്യേണ്ടതാണ്. രോഗകീട ആക്രമണങ്ങൾ പൊതുവേ കാണാറില്ല. കുമിൾ രോഗങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഒരു ശതമാനം വീര്യമുള്ള ബോർഡോമിശ്രിതം ഉപയോഗിക്കാവുന്നതാണ്.
നട്ട് 18 മാസത്തിനു ശേഷം വിളവെടുക്കാം. 36 മുതൽ 42 മാസത്തിനു ശേഷം വിളവെടുത്താൽ കൂടുതൽ വിളവു കിട്ടും. കിഴങ്ങുകൾ വേരോടു കൂടി കുഴിച്ചെടുത്തു കഴുകി 5 സെന്റീമീറ്റർ വീതം ഉള്ള ചെറുക്ഷണങ്ങളാക്കി അരിഞ്ഞ് ഉണക്കി സൂക്ഷിക്കാവുന്നതാണ്. ഒരു ഹെക്ടറിൽ നിന്ന് ശരാശരി 23 ടൺ വിളവ് പ്രതീ ക്ഷിക്കാം. ഉണക്കുന്നതോടു കൂടി ഇത് 25 ശതമാനമായി കുറയും.