തിരുവനന്തപുരത്ത് പാപ്പനംകോടുള്ള കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സിഎസ്ഐആര്‍-നിസ്റ്റ് (കൗണ്‍സില്‍ ഫോര്‍ സയന്‍റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്- നാഷണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി) ആണ് കർഷകർക്ക് ആശ്വാസമായി തക്കാളി പോലുള്ള പച്ചക്കറികൾ കേടുകൂടാതിരിക്കാൻ ഉള്ള സാങ്കേതികവിദ്യയുമായി രംഗത്ത് വന്നത്.
തക്കാളിയുടെ തനത് രുചിയും മണവും നഷ്ടപ്പെടാതെ അതേ പോലെ തന്നെ 9 മാസത്തോളം കേടുകൂടാതെ തനിമയോടെ സൂക്ഷിക്കാവുന്ന സാങ്കേതിക വിദ്യയാണ് ഇവർ കണ്ടെത്തിയത്. സാധാരണ രീതിയിൽ സോളാർ ഡ്രൈയറോ മറ്റ് ഡീഹൈഡ്രേറ്റഡ് ഉണക്കുന്ന രീതിയോ വഴി ചെയ്യുകയാണെങ്കിൽ പച്ചക്കറികളുടെ തനത് രുചി നഷ്ടപ്പെടുത്തുന്നത് കാണാം. കൂടാതെ അവ ചുക്കിച്ചുളിഞ്ഞു ഉണങ്ങി ചെറുകഷണങ്ങളായി മാറുകയും ചെയ്യും. അനവധി നാളുകൾ കേടുകൂടാതെ ഇരിക്കുമെങ്കിലും പച്ചക്കറികളുടെ യഥാർത്ഥ രൂപവും മണവും ഇത്തരം രീതികളുടെ നഷ്ടപ്പെടുന്നത് കാണാം.
ഐസിങ് ടെക്നോളജി
എന്നാൽ സിഎസ്ഐആര്‍-നിസ്റ്റ്ന്റെ പുതിയ സാങ്കേതിക വിദ്യയിൽ പച്ചക്കറികൾക്ക് യഥാർത്ഥ മണവും രുചിയും നിലനിൽക്കുന്നു. കൂടാതെ മാസങ്ങളോളം കേടുകൂടാതെയും ഇരിക്കുന്നു. ഐസിങ് ടെക്നോളജി എന്ന സാങ്കേതിക വിദ്യയാണ് ഇതിനായി ഇവിടെ ഉപയോഗിക്കുന്നത്. പച്ചക്കറികൾ ഐസ് ആവുന്നത് പോലെ ശീതീകരിച്ച ശേഷം അവയ്ക്കുള്ളിലെ ഐസ് കണികകളെ ബാഷ്പീകരിച്ച് കളയുന്ന സാങ്കേതികവിദ്യയാണ് ഇത്. ഇതിലൂടെ പച്ചക്കറികൾക്ക് ഉള്ളിലെ വെള്ളത്തിന്റെ അംശം മാത്രം ബാഷ്പീകരിച്ചു പോകുന്നു. അവയുടെ ഗുണവും മണവും അതുപോലെതന്നെ നിലനിൽകർഷകർക്കും ക്കുന്നു.
നെസ്കഫേ (Nescafe coffee) പോലുള്ള കാപ്പി കമ്പനികൾ കാപ്പിക്കുരുവിലെ വെള്ളം ഇത്തരത്തിൽ ബാഷ്പീകരിച്ച ശേഷം കാപ്പിക്കുരുവിനെ ചെറിയ തരികളാക്കി പാക്കറ്റുകളിൽ ആക്കി വിൽക്കുന്നു. ഇവിടെ കാപ്പിയുടെ ഗുണവും മണവും നഷ്ടപ്പെടുന്നില്ല.
റെഡി റ്റു കുക്ക് സൗകര്യം
റെഡി റ്റു കുക്ക് പോലെ അതിവേഗത്തിൽ പാചകം ചെയ്യാൻ ഇത്തരത്തിൽ തയ്യാറാക്കിയ പച്ചക്കറികൾ ഉപയോഗിക്കാം. ഇങ്ങനെയുള്ള സാങ്കേതികവിദ്യയിൽ തയ്യാറാക്കിയ പച്ചക്കറികൾ വിനോദയാത്രയ്ക്ക് പോകുമ്പോഴും വിദേശത്ത് പോകുമ്പോഴും പാക്കറ്റുകളിൽ ആക്കി കൊണ്ടുപോയി സൗകര്യാർത്ഥം പാചകം ചെയ്യാം. പച്ചക്കറികൾ പച്ചയ്ക്ക് കൊണ്ടുപോകുമ്പോൾ ഉള്ള നാശനഷ്ടങ്ങൾ ഇതുവഴി ഒഴിവാക്കാൻ കഴിയും. കർഷകർക്കും ഹോട്ടലുകാർക്കും ഇനി മുതൽ വിളവെടുത്ത പച്ചക്കറികൾ ദിവസങ്ങൾ കഴിഞ്ഞപ്പോൾ കേടു വന്നു എന്ന് ഓർത്ത് വിഷമിക്കേണ്ട കാര്യം ഇതിലൂടെ ഉണ്ടാവുന്നില്ല.
ഇന്ന് കടകളിൽ ലഭിക്കുന്ന റെഡി റ്റു കുക്ക് ദോശമാവും ചപ്പാത്തിയും പോലെ റെഡി റ്റു കുക്ക് ഉപ്പുമാവ്, ന്യൂഡിൽസ് എന്നിവ രുചി നഷ്ടപ്പെടാതെ ഇത്തരം സാങ്കേതികവിദ്യ ഉപയോഗിച്ച് ഉണ്ടാക്കിയ പച്ചക്കറികൾ ചേർത്ത് പായ്ക്ക് ചെയ്ത് വിപണിയിൽ ഇറക്കാൻ കഴിയും.