തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ ഉൽപ്പാദിപ്പിക്കുന്ന ഗ്രാമ്പുവിനെയാണ് കന്യാകുമാരി ഗ്രാമ്പു എന്ന ഭൗമസൂചികയാൽ നിശ്ചയിച്ചിരിക്കുന്നത്. സവിശേഷമായ ഗുണങ്ങളും ഉയർന്ന ബാഷ്പ ശീലമുള്ള തൈലത്തിന്റെയും സുഗന്ധത്തിന്റെയും പ്രത്യേകതകളുമാണ് ഇവയെ വ്യത്യസ്തമാക്കുന്നത്. ഇവ കന്യാകുമാരി ജില്ലയിലെ പശ്ചിമഘട്ട പ്രദേശങ്ങളിലെ മറമല, കുറുംപാറ, വെള്ളിമലൈ പ്രദേശങ്ങളിലാണ് വാണിജ്യാടിസ്ഥാനത്തിൽ വളർത്തുന്നത്. വീരപ്പുലി റിസർവ് വനത്തിനും മഹേന്ദ്രഗിരിക്കും മുകളിലായി സമുദ്രനിരപ്പിൽനിന്നും 400 മുതൽ 900 വരെ മീറ്റർ ഉയരത്തിലാണ് ഈ പ്രദേശങ്ങൾ.
മറമലൈ പ്ലാന്റേഴ്സ് അസോസിയേഷൻ, ബ്ലാക്ക്റോക്ക്ഹിൽ പ്ലാന്റേഴ്സ് അസോസിയേഷൻ എന്നിവർ ജില്ലാ ഭരണകൂടത്തിന്റെ പിന്തുണയോടെ 2021-ലാണ് ഭൗമസൂചിക സാക്ഷ്യപത്രം നേടിയെടുത്തത്. ഇതോടെ കന്യാകുമാരി ഗ്രാമ്പുവിന് ആഗോള അംഗീകാരവും ശ്രദ്ധയും നേടിയെടുക്കാനായി.
കന്യാകുമാരി ജില്ലയിലെ മലനിരകളിലെ കാർഷിക കാലാവസ്ഥ ഗ്രാമ്പു കൃഷിക്ക് തികച്ചും അനുയോജ്യമാണ്. തെക്കുപടിഞ്ഞാറൻ, വടക്കുകിഴക്കൻ മഴ കാലങ്ങളും കടലിൽനിന്നുള്ള ബാഷ്പപടലങ്ങളും ഇവിടേക്ക് കടന്നുവരികയും ഗ്രാമ്പു കൃഷിക്ക് തികച്ചും അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുന്നു. ഈ പ്രദേശത്തെ കറുത്ത മണ്ണ ജൈവാംശത്താൽ സമൃദ്ധമാണ്.
കന്യാകുമാരി ജില്ലയിലെ 760 ഹെക്ടർ സ്ഥലത്തായാണ് ഗ്രാമ്പുകൃഷി ചെയ്യുന്നത്. തമിഴ്നാട്ടിലെ ഗ്രാമ്പു വളരുന്ന പ്രദേശങ്ങളിൽ 73 ശതമാനവും കന്യാകുമാരി ജില്ലയിലാണ്. ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന ആകെ 1100 ടൺ ഗ്രാമ്പുവിൽ 1000 ടണ്ണും ഉൽപ്പാദിപ്പിക്കുന്നത് തമിഴ്നാട്ടിലാണ്. ആകെ ഉൽപ്പാദനത്തിന്റെ 65 ശതമാനവും കന്യാകുമാരി ജില്ലയിൽ നിന്നാണ്.
പൂമൊട്ടുകളിൽ അധികതോതിൽ അടങ്ങിയിരിക്കുന്ന ബാഷ്പശീല തൈലത്തിന്റെ അംശം മൂലം കന്യാകുമാരിയിൽ വിളയിക്കുന്ന ഗ്രാമ്പുവിന് ഏറെ പ്രിയമുണ്ട്. കടൽക്കാറ്റേൽക്കുന്നത് യൂജനോളിന്റെ അംശത്തെ സഹായിക്കുന്നു. തൈലത്തിൽ ഉയർന്ന തോതിൽ യൂജനോൾ അസറ്റേറ്റ് അടങ്ങിയിരിക്കുന്നതിനാൽ ഗ്രാമ്പൂ മൊട്ടുകൾക്ക് അധികമായ സുഗന്ധവും രുചിയുമുണ്ട്.
ഗ്രാമ്പു പൂമൊട്ടുകളിൽ സാധാരണയായി കാണുന്ന ബാഷ്പശീലമുള്ള തൈലത്തിന്റെ അളവ് 18 ശതമാനമാണെങ്കിൽ കന്യാകുമാരിയിൽ വിളയുന്ന ഗ്രാമ്പൂ മൊട്ടുകളിലെ ബാഷ്പശീലമുള്ള തൈലത്തിന്റെ അളവ് 21 ശതമാനവും യൂജനോളിന്റെ അംശം 86 ശതമാനവുമാണ്. തോട്ടങ്ങളിൽ സമുദ്രനിരപ്പിൽ നിന്ന് 800 മീറ്റർ ഉയരത്തിൽ മിതത്വമുള്ള കാലാവസ്ഥയിലാണ് സ്വാഭാവികമായി ഗ്രാമ്പു ഉണക്കിയെടുക്കുന്നത്.